Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തി അധിക്ഷേപം അരുതെന്ന് നേതാക്കളോട് മോഡി

ന്യൂദൽഹി- തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അധിക്ഷേപം പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. പ്രചാരണം പൂർണമായും പൊസിറ്റീവായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ആസ്ഥാനത്തു വെച്ച് മുതിർന്ന നേതാക്കളെ ഓരോരുത്തരെയായി കാണുമ്പോഴാണ് മോഡി ഈ ആവശ്യം ഉന്നയിച്ചത്.

അടിത്തട്ടിലെ സ്ഥിതികളുടെ യഥാർത്ഥ ചിത്രം മനസ്സിലാക്കണമെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു. പ്രചാരണം ദൂഷിതമായ രീതിയിലാണെന്ന പ്രതിച്ഛായ സൃഷ്ടിക്കരുത്. ബിജെപിയുടെ പ്രചാരണം പരിഷ്കൃതമായ രീതിയിലാണെന്ന് ഓരോരുത്തരും പറയുന്ന നിലയുണ്ടാകണം. തൃണമൂൽ നേതാക്കളെ ഏതെങ്കിലും തരത്തിൽ അധിക്ഷേപിക്കുന്ന രീതി പാടില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചു. 

വ്യാഴാഴ്ചയാണ് പശ്ചിമബംഗാൾ ബിജെപി നേതാക്കളെ മോഡി നേരിൽ കണ്ടത്. പ്രചാരണത്തിൽ ബിജെപിയുടെ കുറവുകൾ എന്തെല്ലാമാണെന്ന് കണ്ടെത്തണമെന്ന് തങ്ങളോട് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയിൽ പങ്കെടുത്ത നേതാക്കളിലൊരാൾ പറഞ്ഞു. സത്യസന്ധമായി സംസാരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്ഥാനാർത്ഥി നിർണയം ദ്രുതഗതിയിൽ നടക്കുകയാണ് ബംഗാൾ ബിജെപിയിൽ. മാർച്ച് 27ന് നടക്കുന്നആദ്യഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള 38 സ്ഥാനാർത്ഥികളുടെ പട്ടിക കഴിഞ്ഞദിവസം അന്തിമമാക്കി. നിലവിൽ എംപിമാരൊന്നും പട്ടികയിലില്ലെന്ന് ബിജെപി പറയുന്നു. എന്നാൽ, എംപിയായിരിക്കുന്ന ഒരു വ്യക്തി മത്സരിച്ചാൽ മാത്രമേ ഒരു മണ്ഡലം ജയിക്കൂ എന്ന സ്ഥിതി വന്നാൽ ആ വഴിക്കും ആലോചിക്കും. ടിഎംസി വിട്ട് ബിജെപിയിലെത്തിയ മുകുൾ റോയിയെ മത്സരിക്കാൻ അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്. മുകുൾ റോയിക്ക് മത്സരിക്കാൻ താൽപര്യമുണ്ട്. നിലവിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റാണ് അദ്ദേഹം.

Latest News