Sorry, you need to enable JavaScript to visit this website.

'കരച്ചിലും പിഴിച്ചിലും നിർത്തൂ', കോവിഡ് മരണങ്ങൾ ഉയരുമ്പോൾ ജനങ്ങളോട് ബ്രസീൽ പ്രസിഡന്റ്

ബ്രസീലിയ- കോവിഡ് മഹാമാരിയെച്ചൊല്ലി 'നിലവിളിച്ചു കൊണ്ടിരിക്കുന്നത്' നിർത്തണമെന്ന് ജനങ്ങളോട് ബ്രസീൽ പ്രസിഡന്റ് ജയിർ ബോൾസൊനാരോ. 2,60,000 ആളുകളാണ് ബ്രസീലിലെ കോവിഡ് ദുരന്തത്തിൽ മരണമടഞ്ഞത്. ഇതിൽ ഉയർന്നുകൊണ്ടിരിക്കുന്ന പരാതികളോട് പ്രസിഡന്റ് രൂക്ഷമായാണ് പ്രതികരിച്ചത്. ബ്രസീലിൽ ഇപ്പോഴും സ്ഥിതിഗതികൾ രൂക്ഷമാണ്. കഴിഞ്ഞദിവസങ്ങളിൽ കോവിഡ് മരണനിരക്ക് യുഎസ്സിനെയും കടത്തിവെട്ടി ഉയർന്നിരുന്നു. "കരച്ചിലും പിഴിച്ചിലും നിർത്തൂ. എത്രകാലം നിങ്ങൾ കരഞ്ഞു കൊണ്ടിരിക്കും?" അദ്ദേഹം ചോദിച്ചു.

ഓരോ ദിവസവും ശരാശരി 2000 പേർ ബ്രസീലിൽ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ട്. വരുന്ന ദിവസങ്ങളിൽ ഇതിൽ ഇനിയും വർധനയുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ പറയുന്നത്. ദിവസം 3000 പേർ വീതമെങ്കിലും മരിക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. നിലവിൽ ബ്രസീലിലെ ഇന്റൻസീവ് കെയർ യൂണിറ്റുകളെല്ലാം നിറഞ്ഞിരിക്കുകയാണ്.

അതെസമയം വാക്സിനേഷൻ ഇതിനകം തുടങ്ങിയിട്ടുണ്ട്.  ജയിറിന്റെ ഈ പ്രസ്താവന മനപ്പൂർവ്വമാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. തന്റെ മകൻ വാങ്ങിയ ആഡംബര വസതി വാർത്തകളിൽ നിറയുന്ന സാഹചര്യത്തിൽ ശ്രദ്ധ തന്നിലേക്ക് തിരിക്കുകയാണ് ലക്ഷ്യമെന്നും അവർ ആരോപിക്കുന്നു. 

രോഗവ്യാപനം അതിന്റെ അവസാനത്തിലെത്തിയെന്നായിരുന്നു ഡിസംബർ മാസത്തിൽ ജയിറിന്റെ പ്രസ്താവന. വേണ്ടത്ര ശ്രദ്ധ സർക്കാർ നൽകാതിരുന്നതാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ രോഗവ്യാപനം തുടങ്ങിയപ്പോൾ ഒരു ചെറിയ പനി എന്ന രീതിയിലായിരുന്നു ജയിറിന്റെ സമീപനം. ഇത്തരം സമീപനങ്ങൾ സമൂഹത്തിൽ രോഗത്തെക്കുറിച്ചുള്ള തെറ്റായ ബോധം തുടക്കത്തിലേ സൃഷ്ടിച്ചു.

Latest News