Sorry, you need to enable JavaScript to visit this website.

ഗവാസ്‌കർ അന്നും ഇന്നും

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് അഹമ്മദാബാദിൽ ഒരുക്കിയ പിച്ചിനെക്കുറിച്ച ചർച്ച പൊടിപൊടിക്കുകയാണ്. 1987 ൽ ഇതിനേക്കാൾ ഭയാനകമായ പിച്ചിൽ പാക്കിസ്ഥാനെതിരെ 96 റൺസെടുത്ത അനുഭവമുണ്ട് സുനിൽ ഗവാസ്‌കർക്ക്. ഗവാസ്‌കറുടെ ഐതിഹാസികമായ കരിയറിലെ അവസാന ഇന്നിംഗ്‌സായിരുന്നു അത്. അന്നത്തെയും ഇന്നത്തെയും പിച്ചിനെയും ഈ പിച്ചിൽ എങ്ങനെ കളിക്കണമെന്നതിനെയും കുറിച്ച് ഗവാസ്‌കർ സംസാരിക്കുന്നു....

ചോ: അഹമ്മദാബാദ് പിച്ചിനെക്കുറിച്ച താങ്കളുടെ സത്യസന്ധമായ വിലയിരുത്തൽ?
ഉ: പന്ത് എപ്പോഴും കുഴപ്പം കാട്ടുന്ന പിച്ചല്ല അത്. ഭയപ്പെടും വിധം പന്ത് കുത്തിയുയർന്നിട്ടുമില്ല. സ്പിൻ പിച്ചാണ് അത്. ടെസ്റ്റ് നിലവാരത്തിലുള്ള ബാറ്റ്‌സ്മാന്മാർക്ക് ടേണും ബൗൺസും കൈകാര്യം ചെയ്യാനറിയണം. വെല്ലുവിളി നിറഞ്ഞതാണ് പിച്ച്, എന്നാൽ ഭീകരമല്ല. മിക്ക ബാറ്റ്‌സ്മാന്മാരും പുറത്തായത് സ്വന്തം പിഴവ് കൊണ്ടാണ്. ഈ പിച്ചിൽ ബാറ്റ് ചെയ്യാനാവുമെന്ന് രണ്ട് ഇന്നിംഗ്‌സിലും രോഹിത് ശർമ തെളിയിച്ചു. 

ചോ: 1987 ൽ പാക്കിസ്ഥാനെതിരായ ബാംഗ്ലൂർ ടെസ്റ്റിൽ ഇതുപോലൊരു മൈൻപാടത്തിലാണ് താങ്കൾ ധീരമായി ബാറ്റ് ചെയ്തത്. താങ്കളുടെ 96 റൺസ് ഇന്ത്യയെ വിജയത്തോടടുപ്പിച്ചതായിരുന്നു? അന്ന് ഇഖ്ബാൽ ഖാസിമിനെ തുടർച്ചയായി താങ്കൾ സ്‌ട്രൈറ്റ് ഡ്രൈവ് ചെയ്തു.
ഉ: കവറിലൂടെ ഡ്രൈവ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. അപ്പോൾ ബാറ്റിന്റെ മുഖം തിരിയുകയും സ്ലിപ്പിൽ ക്യാച്ചാവുകയും ചെയ്യും. ബാറ്റിന്റെ മുഖം പൂർണമായി പന്തിനെ നേരിടുന്ന വിധത്തിലേ അദ്ദേഹത്തെ കളിക്കാൻ സാധിക്കുമായിരുന്നുള്ളൂ. എങ്കിൽ ഏതു ടേണിനെയും വരുതിയിലാക്കാം. പന്ത് പിച്ച് ചെയ്യുന്നിടത്ത് എത്താൻ സാധിക്കുമ്പോൾ മാത്രമാണ് ഡ്രൈവ് ചെയ്തത്. 

ചോ: അതേസമയം രണ്ടാമത്തെ സ്പിന്നർ തൗസീഫ് അഹ്മദ് കവറിലൂടെയാണ് കളിച്ചു കൊണ്ടിരന്നത്. കോഹ്്‌ലി അതേ സമീപനം മുഈൻഅലിക്കെതിരെ സ്വീകരിച്ചപ്പോൾ പുറത്താവുകയാണ് ഉണ്ടായത്?
ഉ: ഓഫിൽ നിന്ന് ലെഗിലേക്കാണ് തൗസീഫിന്റെ പന്തുകൾ ടേൺ ചെയ്തിരുന്നത്. ബാറ്റിന്റെ മുഖം പൂർണമായി പന്തിനു നേരെ പ്രദർശിപ്പിച്ചാണ് കവറിലേക്ക് കളിച്ചത്. പക്ഷേ ശക്തിയിൽ അടിക്കാതെ നോക്കേണ്ടതുണ്ടായിരുന്നു. ബാറ്റ്‌സ്മാന്റെ ഉയരവും എങ്ങനെയാണ് പന്ത് നേരിടാൻ നിൽക്കുന്നത് എന്നതും പ്രധാനമായിരുന്നു. ഓസ്‌ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും അൽപം നിവർന്നുനിന്നാണ് കളിക്കുക. എന്നാൽ ഉപഭൂഖണ്ഡത്തിൽ അൽപം കുനിഞ്ഞ് നിന്ന് ബാറ്റ് ചെയ്യണം. അതാണ് ബാറ്റിംഗ് എന്ന കല. സ്പിൻ പിച്ചിൽ കുനിഞ്ഞു നിന്നാണ് കളിക്കേണ്ടത്. ബാറ്റ് പിടിക്കേണ്ട രീതിയും വ്യത്യസ്തമാണ്. 

ചോ: അഹമ്മദാബാദ് ടെസ്റ്റിൽ ഓഫ്സ്റ്റമ്പിൽ ഗാഡെടുക്കാനാണ് താങ്കൾ നിർദേശിച്ചത്. എന്നാൽ പാക്കിസ്ഥാനെതിരായ ടെസ്റ്റിൽ താങ്കൾ ലെഗ്സ്റ്റമ്പിലാണ് ഗാഡെടുത്തത്?
ഉ: ഞാൻ കുറിയ മനുഷ്യനാണ്. ലെഗ്സ്റ്റമ്പ് ഗാഡിൽ ഇഖ്ബാൽ ഖാസിമിന് കളിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാരേറെയും ആറടി ഉയരമുള്ളവരാണ്. അവർക്ക് ഓഫ്സ്റ്റമ്പ് ഗാഡാണ് നല്ലത്. മുന്നോട്ടു കയറി കളിക്കുമ്പോൾ പത്തിൽ ഒമ്പതു തവണയും പന്ത് കൊള്ളുന്നത് ഓഫ്സ്റ്റമ്പിന് പുറത്തുള്ള ലൈനിലായിരിക്കും. എൽ.ബി.ഡബ്ല്യൂവിൽ നിന്ന് രക്ഷപ്പെടാം. ഇടങ്കൈയൻ അക്‌സർ പട്ടേലിനെ നേരിടുമ്പോൾ ഏത് പന്ത് കളിക്കണം, ഏത് ഒഴിവാക്കണം എന്ന് വ്യക്തമാവും. കാരണം ഓഫ്സ്റ്റമ്പ് ഗാഡെടുത്തതിനാൽ എവിടെയാണ് ഓഫ്സ്റ്റമ്പ് എന്ന് അവർക്ക് അറിയാം. 

ചോ: ബാംഗ്ലൂർ ടെസ്റ്റിൽ ഏതാനും പന്തുകൾ കുത്തിയുയർന്ന് വിക്കറ്റ്കീപ്പർ സലീം യൂസുഫിന്റെ തലക്കു മുകളിലൂടെയാണ് പോയത്. അത് ഭയപ്പെടുത്തിയില്ലേ?
ഉ: ബീറ്റണായാൽ അത് മനസ്സിൽ നിന്ന് മായ്ച്ചുകളയണം. അതുപോലെ തന്നെയാണ് ഇതും. ആ പിഴവ് ആവർത്തിക്കില്ലെന്ന് മനസ്സിൽ പറഞ്ഞുകൊണ്ടിരിക്കണം. അടുത്ത പന്ത് തീർത്തും പുതിയ അധ്യായമാണ്. പൂർണമായും ശ്രദ്ധിച്ച് അടുത്ത പന്ത് നേരിടുക. 

ചോ:  റബർ സോളുള്ള ഷൂവാണ് താങ്കൾ ധരിച്ചിരുന്നത്. സ്‌പൈക്കുകളല്ല?
ഉ: സ്‌പൈക്കുകൾ ഉള്ള ഷൂസിന്റെ ഗുണമെന്താണെന്ന് എനിക്കറിയില്ല. കാരണം ഞാൻ അവ ധരിച്ചിട്ടില്ല. റബർ സോൾ എനിക്ക് ഗുണം ചെയ്തിട്ടേയുള്ളൂ. തെന്നി വീണ് ഞാനൊരിക്കലും റണ്ണൗട്ടായിട്ടില്ല. ഫീൽഡിംഗിൽ പോലും ഞാൻ അധികവും റബർ സോളുള്ള ഷൂവാണ് ധരിച്ചിരുന്നത്. 

ചോ: ഇഖ്ബാൽ ഖാസിമിന്റെ പന്തിലാണ് താങ്കൾ പുറത്തായത്. താങ്കളുടെ ഗ്ലൗസിൽ ആ പന്ത് സ്പർശിച്ചിട്ടില്ലെന്നാണ് പലരും പറഞ്ഞത്?
ഉ: സ്‌കോർ കാർഡാണ് ഇപ്പോൾ ആ കളിയെക്കുറിച്ച് പറയുന്നത്. അതിലെന്താണോ അതാണ് ശരി. മറിച്ചുള്ള അഭിപ്രായത്തിന് പ്രസക്തിയില്ല.

ചോ: ബാംഗ്ലൂർ ടെസ്റ്റിലെ ആ പിച്ചാണോ താങ്കൾ കളിച്ചതിൽ ഏറ്റവും കഠിനം?
ഉ: തീർച്ചയായും. 1977 ലെ ബാംഗ്ലൂർ ടെസ്റ്റും ഏതാണ്ട് സമാനമാണ്. ഡെറിക് അണ്ടർവുഡിന്റെ ഇംഗ്ലണ്ട് ടീമിനെതിരെയായിരുന്നു അത്. (ഗവാസ്‌കർ ആ മത്സരത്തിൽ 50, 9 എന്നിങ്ങനെയും ഗുണ്ടപ്പ വിശ്വനാഥ് 79 റൺസും സ്‌കോർ ചെയ്തു. ഇന്ത്യ ജയിച്ചു).

Latest News