Sorry, you need to enable JavaScript to visit this website.

മാധ്യമങ്ങൾ മുസ്‌ലിം വിദ്വേഷം വളർത്തുന്നു; ആശങ്കയറിയിച്ച് യു.എന്നിൽ സൗദി

ഡോ.അബ്ദുൽ അസീസ് അൽവാസിൽ ജനീവ മനുഷ്യാവകാശ കൗൺസിലിൽ സംസാരിക്കുന്നു.

റിയാദ്- ലോകത്ത് മുസ്‌ലിം വിദ്വേഷവും മുസ്‌ലിംകൾക്കെതിരായ മതഭ്രാന്തും വർധിച്ചുവരുന്നതിൽ കടുത്ത ആശങ്കയുള്ളതായി യു.എന്നിൽ സൗദി അറേബ്യ. മതഭ്രാന്തും ഇസ്‌ലാമോഫോബിയയും സമൂഹങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് യു.എന്നിൽ സൗദി സ്ഥിരം പ്രതിനിധി ഡോ.അബ്ദുൽ അസീസ് അൽവാസിൽ ജനീവയിൽ മനുഷ്യാവകാശ കൗൺസിലിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. മാധ്യമങ്ങൾ മുസ്‌ലിം വിദ്വേഷം വളർത്തുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി മുസ്‌ലിംകളെ കുറിച്ച് നെഗറ്റീവ് സ്റ്റീരിയോടൈപ്പ് ചിത്രങ്ങൾ പ്രചരിപ്പിക്കുകയും അന്തർദേശീയ മാധ്യമങ്ങളിലൂടെ മുസ്‌ലിംകളെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. 

വിശ്വാസങ്ങളുടെ പേരിൽ മതന്യൂനപക്ഷങ്ങളെ വർധിച്ച രീതിയിൽ ടാർഗെറ്റ് ചെയ്യുന്നതിൽ സൗദി അറേബ്യക്ക് ആശങ്കയുണ്ടെന്ന്, മതവിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ച് യു.എൻ സ്‌പെഷ്യൽ റപ്പോർട്ടർക്കൊപ്പം ഓൺലൈൻ ഫോറത്തിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിന്റെയും വിദ്വേഷത്തിന്റെയും വ്യാപനത്തിന് സഹായകമായ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ സാന്നിധ്യത്തിൽ, ഒഴിവാക്കൽ, പാർശ്വവൽക്കരണം എന്നിവ ഉപയോഗിക്കുന്ന രാഷ്ട്രീയ ഗ്രൂപ്പുകൾക്കുള്ളിൽ വിദ്വേഷ ഭാഷണം വർധിച്ചു വരുന്നതിലും ആശങ്കയുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി മുസ്‌ലിംകളെ കുറിച്ച് നെഗറ്റീവ് സ്റ്റീരിയോടൈപ്പ് ചിത്രങ്ങൾ പ്രചരിപ്പിക്കുകയും അന്തർദേശീയ മാധ്യമങ്ങളിലൂടെ മുസ്‌ലിംകളെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. പരസ്പര വിശ്വാസം, സഹിഷ്ണുത, സംവാദം, ബഹുസ്വരത, ജനങ്ങൾ തമ്മിലുള്ള പരിചയം, സംസ്‌കാരങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം, വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുകയും തീവ്രവാദ കുറ്റകൃത്യങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്ന മുഴുവൻ പ്രത്യയശാസ്ത്രങ്ങളെയും ചെറുക്കൽ എന്നീ മൂല്യങ്ങൾ രൂഢമൂലമാക്കേണ്ടത് പ്രധാനമാണ്.

തീവ്രവാദ, വിദ്വേഷ ഭാഷണത്തെ ചെറുക്കുകയും, പ്രശ്‌നത്തിന്റെ കാരണമായല്ല, മറിച്ച്, മതത്തെ പരിഹാരത്തിന്റെ ഭാഗമായി പരിഗണിക്കുകയും ചെയ്യുന്ന അന്തർദേശീയവും സമഗ്രവുമായ ഇച്ഛാശക്തി രൂപപ്പെടേണ്ടതും പ്രാധാന്യം അർഹിക്കുന്നു. 
ഈ വിഷയത്തിന് സൗദി അറേബ്യ വലിയ ശ്രദ്ധയും പരിഗണനയും നൽകുന്നു. ബഹുമത സംവാദത്തിന് കിംഗ് അബ്ദുല്ല ഇന്റർനാഷണൽ ഡയലോഗ് സെന്റർ സൗദി അറേബ്യ സ്ഥാപിച്ചിട്ടുണ്ട്. സൗദിയിൽ മിതവാദ സെന്റർ സ്ഥാപിക്കൽ അടക്കം മിതവാദം പ്രോത്സാഹിപ്പിക്കാനും തീവ്രവാദം ചെറുക്കാനും ഏതാനും പദ്ധതികൾ രാജ്യം അംഗീകരിച്ചിട്ടുണ്ട്. ഇന്റർനെറ്റ്, സാമൂഹിക മാധ്യമ ലോകത്ത് തീവ്രവാദ ആശയങ്ങൾ ചെറുക്കാൻ 'തഫ്‌നീദ്' എന്ന പേരിൽ പുതിയ പദ്ധതി അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. 
2019 ൽ മക്കയിൽ ചേർന്ന മുസ്‌ലിം വേൾഡ് ലീഗ് സമ്മേളനം വ്യത്യസ്ത മത, സംസ്‌കാര അനുയായികൾക്കിടയിൽ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുകയും സമാധാനവും അനുരഞ്ജനവും സാധ്യമാക്കുകയും ചെയ്യുന്ന 29 വകുപ്പുകൾ അടങ്ങിയ മക്ക ചാർട്ടർ അംഗീകരിച്ചു. 139 രാജ്യങ്ങളിൽ നിന്നുള്ള, 27 വ്യത്യസ്ത മുസ്‌ലിം ചിന്താധാരകളിൽ പെട്ട 1200 ഇസ്‌ലാമിക വ്യക്തിത്വങ്ങൾ പങ്കെടുത്ത സമ്മേളനമാണ് മക്ക ചാർട്ടർ അംഗീകരിച്ചതെന്നും ഡോ.അബ്ദുൽ അസീസ് അൽവാസിൽ പറഞ്ഞു.  

Tags

Latest News