രണ്ടുവീതം കൂടെപ്പിറപ്പുകളെനിയമസഭയിൽ എത്തിച്ച ചരിത്രം കാസർകോടിന് സ്വന്തം


കാസർകോട് - നിയമസഭാ തിരഞ്ഞെടുപ്പിൽചരിത്രം തിരുത്താനാകാത്ത ഒരു റെക്കോർഡുണ്ട് ജില്ലയ്ക്ക്. രണ്ട് വീതം സഹോദരങ്ങളെ നിയമസഭയിൽ എത്തിച്ചുവെന്നതാണ് ആ റെക്കോർഡ്. എം.കെ. നമ്പ്യാർ എന്നറിയപ്പെടുന്ന മാവില കുഞ്ഞിക്കണ്ണൻ നമ്പ്യാർ, അനുജൻ എം. കുഞ്ഞിരാമൻ നമ്പ്യാർ എന്നിവരും എം. നാരായണൻ, എം. കുമാരൻ എന്നിവരുമാണ് ജില്ലയിൽ നിന്നും നിയമസഭ കണ്ട കൂടെപ്പിറപ്പുകൾ. 
ഇവരിൽ നാരായണനും കുമാരനും ഒരേ മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയവരാണെങ്കിൽ എം.കെ. നമ്പ്യാരും കുഞ്ഞിരാമൻ നമ്പ്യാരും രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് നിയമസഭയിലെത്തിയത്. എം.കെ. നമ്പ്യാരും കുഞ്ഞിരാമൻ നമ്പ്യാരും അറിയപ്പെടുന്ന കോൺഗ്രസ് നേതാക്കളാണെങ്കിലും കുഞ്ഞിരാമൻ നമ്പ്യാർ നിയമസഭയിലെത്തിയത് ഇടത് സ്വതന്ത്രനായിട്ടാണ്. 
നാരായണനും കുമാരനും സി.പി.ഐ പ്രതിനിധികളായിരുന്നു. എം.കെ. നമ്പ്യാർ കാസർകോട് മണ്ഡലത്തിന്റെ പ്രതിനിധിയായി നിയമസഭയിലെത്തി 1960 മുതൽ 1964 വരെയാണ് എം.എൽ.എ പദവിയിലുണ്ടായത്. മംഗലാപുരത്തെഎം.ബി.ബി.എസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലെത്തിയതായിരുന്നു അദ്ദേഹം. സമ്പന്ന കർഷക കുടുംബത്തിൽ നിന്ന് 1951 ലാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. 


കെ.പി.സി.സി, എ.ഐ.സി.സി അംഗമായിരുന്ന കുഞ്ഞിക്കണ്ണൻ നമ്പ്യാർ കോൺഗ്രസ് നിയമസഭാ പാർട്ടി എക്സിക്യൂട്ടീവ് അംഗമായിരുന്നു. കണ്ണൂർ ഡി.സി.സി ട്രഷററുമായിരുന്നു. സൗത്ത് ഇന്ത്യൻ കോ-ഓപറേറ്റീവ് ഇൻഷുറൻസ് കമ്പനി ഡയറക്ടറുമായിരുന്നു. സഹോദരൻ എം. കുഞ്ഞിരാമൻ നമ്പ്യാർ 1982 മുതൽ 84 വരെ ഉദുമ എം.എൽ.എ ആയിരുന്നു. ഘടക കക്ഷികൾക്ക് ആവശ്യത്തിലധികം സീറ്റ് നൽകുന്നുവെന്ന വിമർശനമുയർത്തി അദ്ദേഹം കോൺഗ്രസ്റിബലായുംമത്സരിച്ചിരുന്നു. പിന്നീട് സ്വതന്ത്രനായപ്പോൾഇടതുമുന്നണി സ്വന്തംസ്ഥാനാർത്ഥിയെ പിൻവലിച്ചുപിന്തുണ നൽകി. കെ.കരുണാകരന്റെ അഭ്യർത്ഥന മാനിച്ച് മാതൃ സംഘടനയിലേക്ക് പിന്നീട് അദ്ദേഹം തിരിച്ചുവന്നു. 
1984 ഡിസംബർ എട്ടിന് എം.എൽ.എ സ്ഥാനം രാജി വച്ചു. 1985 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി. എന്നാൽ 816 വോട്ടിന് സി.പി.എമ്മിലെ അഡ്വ. കെ. പുരുഷോത്തമനോട് പരാജയപ്പെടുകയായിരുന്നു. 21 വർഷം പനത്തടി പഞ്ചായത്ത് പ്രസിഡണ്ട്, 30 വർഷം പനത്തടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിരുന്നു. എ.ഐ.സി.സി അംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചു. 


കോടോത്ത് കുഞ്ഞമ്പു നായരുടെയും മാവില കുഞ്ഞു മാണിക്യം അമ്മയുടെയും മക്കളാണ് ഇരുവരും. രണ്ട് തവണ ഹൊസ്ദുർഗിനെ (ഇപ്പോൾ കാഞ്ഞങ്ങാട്) പ്രതിനിധീകരിച്ച എം. നാരായണന്റെ പിൻഗാമിയാണ് സഹോദരൻ എം. കുമാരൻ. 1991, 96 വർഷങ്ങളിലാണ് എം. നാരായണൻ എം. എൽ.എയായത്. എം. കുമാരൻ 2006 ലും. സി.പി.എമ്മിൽ ചേർന്നഅന്നത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കൊട്ടറ വാസുദേവനെയാണ് എം.നാരായണൻ പരാജയപ്പെടുത്തിയത്. രണ്ടാമൂഴത്തിൽ കോൺഗ്രസിലെ തന്നെ സി.പി കൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. കുമാരൻ പരാജയപ്പെടുത്തിയത് കോൺഗ്രസിലെ സി.ജെ. കൃഷ്ണനെയാണ്. എളേരി മാവുവളപ്പിൽ പരേതനായ ചന്ദ്രന്റെയും വെള്ളച്ചിയുടെയും മക്കളാണ്. രണ്ടുപേരും സി.പി.ഐ ജില്ലാ കൗൺസിൽ അംഗങ്ങളാണ്. രണ്ടു തവണ എം.എൽ.എ ആയ നാരായണൻ ഒരു തവണ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിരുന്നു.


 

Latest News