ഗുവാഹത്തി- അസമിൽ അധികാരത്തിലെത്തിൽ തിരിച്ചെത്തിയാൽ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകുമെന്ന് കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. പാർട്ടിയെ അധികാരത്തിലെത്തിച്ചാൽ തങ്ങൾ തൊഴിൽരൂപീകരണ വകുപ്പ് രൂപീകരിക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. നേരത്തെ, പൌരത്വ നിയമഭേദഗതി ബിൽ പിൻവലിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
അഞ്ച് പ്രധാന പ്രശ്നങ്ങളാണ് അസം നേരിടുന്നതെന്നാണ് കോൺഗ്രസ്സിന്റെ വിലയിരുത്തൽ. സിഎഎ, തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകളുടെ ഉന്നമനമില്ലായ്ക തുടങ്ങിയവയാണത്. അധികാരത്തിലെത്തിയാൽ തങ്ങൾ 5 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്ന് കോൺഗ്രസ്സിന്റെ ലോക്സഭാ ഉപനേതാവ് ഗൌരവ് ഗൊഗോയ് പറഞ്ഞു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് അസം കോൺഗ്രസ്സിന്റെ അഞ്ചിന തെരഞ്ഞെടുപ്പ് പരിപാടി പ്രഖ്യാപിച്ചത്. ചായത്തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതനം 365 ആയി ഉയർത്തുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. എല്ലാ വീട്ടമ്മമാർക്കും മാസം 2000 രൂപയുടെ വരുമാനം ഉറപ്പാക്കൽ, 200 യൂണിറ്റ് വരെ സൌജന്യ വൈദ്യുതി തുടങ്ങിയവയാണ് വാഗ്ദാനങ്ങൾ. ഇതൊന്നും വാഗ്ദാനങ്ങളല്ലെന്നും എല്ലാം ഉറപ്പുകളാണെന്നും കോൺഗ്രസ് പറയുന്നു.