റിയാദ് - അടുത്തയാഴ്ച മുതല്‍ സ്വകാര്യ ആശുപത്രികളും പോളിക്ലിനിക്കുകളും ഫാര്‍മസികളും വഴി സൗജന്യമായി കൊറോണ വാക്‌സിന്‍ ലഭ്യമാക്കാന്‍ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സൗജന്യ വാക്‌സിന്‍ വിതരണത്തിന് ഏതാനും സ്വകാര്യ ആശുപത്രികളുമായും പോളിക്ലിനിക്കുകളുമായും ആരോഗ്യ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ വിതരണം ചെയ്യുകയെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സൗജന്യ വാക്‌സിന്‍ വിതരണത്തിന് 'സൈദലിയ്യാത്ത് അല്‍ദവാ' ഫാര്‍മസിയെ അംഗീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സൗജന്യ വാക്‌സിന്‍ വിതരണത്തിന് അംഗീകാരം ലഭിക്കുന്ന ആദ്യത്തെ കമ്മ്യൂണിറ്റി ഫാര്‍മസി ശൃംഖലയാണ് 'സൈദലിയ്യാത്ത് അല്‍ദവാ'. അവശേഷിക്കുന്ന കമ്മ്യൂണിറ്റി ഫാര്‍മസികളിലും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. സൗജന്യ വാക്‌സിന്‍ വിതരണത്തിന് റിയാദിലെ കിംഗ്ഡം ആശുപത്രിയുമായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവെച്ചിരുന്നു.






