Sorry, you need to enable JavaScript to visit this website.

ബംഗാൾ മറ്റൊരു  ഗുജറാത്താകുമോ?


ഒരു യുദ്ധമുഖത്തിന് സമാനമാണ് ഇന്ന് ബംഗാളിലെ രാഷ്ട്രീയ അന്തരീക്ഷം. രാജ്യത്തിന്റെ  മുഴുവൻ ശ്രദ്ധയും ബംഗാളിലേക്കാണ്. ബംഗാളികളുടെ ദീദി മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസിന് ഈ അങ്കവും ജയിച്ചേ പറ്റൂ. ബി.ജെ.പിയാണെങ്കിൽ തങ്ങളുടെ നേരെ ചൂണ്ടിയ വിരലുകളിൽ അവശേഷിക്കുന്നത് അറുത്തു മാറ്റാനുള്ള ശ്രമത്തിലും. അവർക്കറിയാം മമതയെ ഇനിയും വീഴ്ത്താനായില്ലെങ്കിൽ പെൺപുലി പോലെ അവർ  വർധിത വീര്യത്തോടെ ആഞ്ഞടിക്കും.


അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോഡി സർക്കാരിന്റെ കാലനായി അവർ അവതരിച്ചേക്കാം. അല്ലെങ്കിലും മമത അങ്ങനെയാണ്, പുലിമടയിൽ നേരിട്ട് പോയി പോരിന് വിളിച്ചാണ് അവർക്ക് ശീലം. മോഡിക്കാകട്ടെ അതങ്ങ് സഹിക്കുന്നുമില്ല. ഒരു കാര്യം ഉറപ്പ്. ബംഗാളിൽ തെരഞ്ഞെടുപ്പ് ഇത്തവണ തീപ്പാറും. ഗാലറി ടിക്കറ്റെടുത്ത് കളി കാണാനുള്ള യോഗമേ മൂന്ന് പതിറ്റാണ്ടിലേറെ ബംഗാൾ ഭരിച്ച സി.പി.എമ്മിനും പന്ത് ഏത് കോർട്ടിലാണെന്ന് ഇപ്പോഴും അറിയാത്ത കോൺഗ്രസിനുമുള്ളൂ.
മാർച്ച് 27 മുതൽ മെയ് 2 വരെ എട്ടു ഘട്ടങ്ങളിലായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.   അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ രാജ്യം ഉറ്റുനേക്കുന്ന പോരാട്ടം ബംഗാളിലേത് തന്നെ. തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലല്ല, മറിച്ച് മമതാ ബാനർജിയും നരേന്ദ്ര മോഡി - അമിത് ഷാ കൂട്ടുകെട്ടും തമ്മിൽ നടക്കുന്ന യുദ്ധമാണ് അത്. സർവേ ഫലങ്ങൾ മമതയുടെ വിജയം പ്രവചിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല. മമതയെ വീഴ്ത്താൻ ആവനാഴിയിലെ അവസാനത്തെ അമ്പും ബി.ജെ.പി പുറത്തെടുക്കും. അത് അവരുടെ അഭിമാന പ്രശ്‌നമാണ്. മമതക്കാണെങ്കിൽ ഇത് ജീവൻമരണ പോരാട്ടവും.


ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും വലിയ ശത്രുവാണ് മമത. കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും ചങ്കൂറ്റത്തോടെ വിമർശിക്കാൻ അസാമാന്യ ധൈര്യം കാട്ടുന്ന നേതാവാണ് അവർ. ഇത്തരത്തിൽ ഇനി ഏതാനും നേതാക്കൾ മാത്രമേ ഇപ്പോൾ രാജ്യത്തുള്ളൂ. ബാക്കിയുള്ളവരെയെല്ലാം ബി.ജെ.പി ഒന്നുകിൽ തങ്ങളുടെ ക്യാമ്പിലെത്തിക്കുകയോ അല്ലെങ്കിൽ രാഷ്ട്രീയമായി തകർത്തു തരിപ്പണമാക്കുകയോ ചെയ്തു കഴിഞ്ഞു. 
പത്ത് വർഷമായി ബംഗാളിൽ അധികാരം കാക്കുന്ന മമത വീണ്ടും അധികാരത്തിൽ വരുന്നത് തങ്ങളുടെ ഏറ്റവും വലിയ പരാജയമായാണ് ബി.ജെ.പി ദേശീയ നേതൃത്വം കണക്കാക്കുന്നത്. മാത്രമല്ല, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ഒന്നാം നമ്പർ  നേതാവായിരിക്കും മമതയെന്ന കാര്യത്തിൽ സംശയമില്ല. മമതയെ രാഷ്ട്രീയമായി ഫിനിഷ് ചെയ്യാനുള്ള ഏറ്റവും നല്ല അവസരമാണ് നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്ക് ലഭിച്ചിരുക്കുന്നത്. അത് അവർ സമർത്ഥമായി ഉപയോഗിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.


തൃണമൂൽ കോൺഗ്രസിൽ നിന്ന് ഒപ്പമുള്ളവരെ അടർത്തിയെടുത്ത് മമതയുടെ കരുത്ത് ചോർത്തുകയെന്ന തന്ത്രം വളരെ ഫലപ്രദമായി തന്നെ നടപ്പാക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ ആത്മവിശ്വാസത്തിലാണ് അവർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തൃണമൂൽ കോൺഗ്രസിലെ കരുത്തനായ മുകുൾ റോയിക്ക് പിന്നാലെ തൃണമൂൽ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്ന സുവേന്തു അധികാരി ഉൾപ്പെടെ നിരവധി പ്രമുഖരാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഒരു ഡസനോളം എം.എൽ.എമാരും ഒരു എം.പിയും നിരവധി പ്രാദേശിക നേതാക്കളും പാർട്ടി വിട്ടവരിൽ ഉൾപ്പെടുന്നുണ്ട്.  സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുമ്പോൾ സീറ്റ് കിട്ടാത്ത വലിയൊരു വിഭാഗം അസംതൃപ്തരും തൃണമൂൽ വിടാൻ സാധ്യതയുണ്ട്.
മമതയുടെ ചിറകൊടിക്കുകയെന്ന ദൗത്യം വളരെ ഭംഗിയായി തന്നെ ബി.ജെ.പി നടപ്പാക്കുന്നുണ്ട്. മറ്റേതൊരു നേതാവാണെങ്കിലും അടിയറ പറയുമായിരുന്നിടത്ത് മമത വർധിത വീര്യത്തോടെ പോരടിച്ചു നിൽക്കുന്നതാണ് കാണുന്നത്. ഈ ചങ്കൂറ്റം തന്നെയാണ് ബംഗാളിന്റെ അതിർത്തി വിട്ട് ദേശീയ രാഷ്ട്രീയത്തിൽ മമതയെ എന്നും കരുത്തയാക്കി നിർത്തുന്നതും.


ഗുജറാത്ത് മോഡലിൽ ബംഗാളിൽ ഒരു സമ്പൂർണ ആധിപത്യത്തിനാണ് മോഡിയും അമിത് ഷായും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കൈവിട്ടുപോയാൽ പിന്നെ അടുത്തൊന്നും തിരിച്ചുവരവ് സാധ്യമല്ലെന്ന് മമതക്ക് നന്നായറിയാം. അതുകൊണ്ട് തന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ  നരേന്ദ്ര മോഡി ഏത് കാർഡാണോ ഇറക്കിയിരുന്നത്  അതേ കാർഡ് കൊണ്ട് തന്നെ തിരിച്ചടിക്കുകയാണ് ഇപ്പോൾ മമത ചെയ്യുന്നത്. 'ഗുജറാത്തിന്റെ മകൻ' എന്ന പ്രാദേശിക വാദം ഉയർത്തിക്കൊണ്ടാണ് നരേന്ദ്ര മോഡി ഗുജറാത്ത് കീഴടക്കിയത്. അതേ നാണയത്തിൽ തിരിച്ചടിച്ചുകൊണ്ട് 'ബംഗാളിന് സ്വന്തം മകളെ മതി' എന്ന മുദ്രാവാക്യമാണ് തൃണമൂൽ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉയർത്താൻ പോകുന്നത്. ഗുജറാത്തിൽ നിന്ന് വന്നവർ ഇവിടെ അധികാരം പിടിക്കാൻ ശ്രമിക്കുന്നത് തടയണമെന്ന ആവശ്യമാണ് ഇതിലൂടെ മമത ബംഗാളിലെ വോട്ടർമാർക്ക് മുന്നിൽ വെക്കുന്നത്.


കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകൾ  പരിശോധിച്ചാൽ ബംഗാളിൽ ബി.ജെ.പി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വളർച്ച വളരെ വലുതാണെന്ന് കാണാം. അത് തന്നെയാണ് തൃണമൂൽ കോൺഗ്രസിനെ ഭയപ്പെടുത്തുന്നതും. കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുത്താൽ 2011 ൽ നിയമസഭയിൽ ഒരു സീറ്റ് പോലും ബി.ജെ.പിക്ക് ലഭിച്ചിരുന്നില്ല. വെറും നാല് ശതമാനമായിരുന്നു അന്ന് അവരുടെ വോട്ട് ഷെയർ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ഷെയർ 10.3 ശതമാനമായി വർധിപ്പിക്കുകയും മൂന്ന് സീറ്റ് നേടുകയും ചെയ്തു. 294 അംഗ നിയമസഭയിൽ തൃണമൂൽ കോൺഗ്രസിന് 211 ഉം കോൺഗ്രസിന് 44 ഉം സി.പി. എമ്മിന് 26 ഉം അംഗങ്ങളാണുണ്ടായിരുന്നത്. 
എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി ഏറെ മാറിക്കഴിഞ്ഞു. 2019 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 40.3 ശതമാനം വോട്ടിന്റെ വൻ വർധനയാണ് ബി.ജെ.പി നേടിയത്. 18 ലോക്‌സഭാ സീറ്റുകൾ അവർ കൈക്കലാക്കുകയും ചെയ്തു. 22 സീറ്റുകൾ നേടിയ തൃണമൂൽ കോൺഗ്രസിന് 43.3 ശതമാനം വോട്ടാണ് ലഭിച്ചത്. അതായത് കേവലം മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണ് തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ളത്.  


മറുഭാഗത്താകട്ടെ, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 12.4 ശതമാനം വോട്ട് നേടിയിരുന്ന കോൺഗ്രസിന്റെ വോട്ട് ഷെയർ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 5.6 ശതമാനമായി കുറഞ്ഞു. ഇടതുമുന്നണിയുടേതാകട്ടെ 26.6 ശതമാനത്തിൽ നിന്ന് കുത്തനെ താഴേക്ക് പതിച്ച് 7.5 ശതമാനമായി. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും കൈകോർത്ത് മത്സരിക്കാനുള്ള  തീരുമാനമാണെങ്കിലും വലിയ നേട്ടമുണ്ടാകുമെന്ന് ആരും കരുതുന്നില്ല. ബി.ജെ.പിയെ ക്ഷീണിപ്പിക്കാനുള്ള ശക്തി ഈ സഖ്യത്തിനില്ല.
മമത രണ്ടും കൽപിച്ച് തന്നെയാണ് രംഗത്തുള്ളത്. ആർ.ജെ.ഡി അടക്കമുള്ള ചില കക്ഷികളും ഫാസിസ്റ്റ് വിരുദ്ധ സംഘടനകളുമെല്ലാം മമതക്കൊപ്പമുണ്ടെങ്കിലും നിലവിലെ തൃണമൂൽ സർക്കാരിന്റെ പ്രകടനം വളരെ മികച്ചതെന്ന് അവകാശപ്പെടാനാകില്ല. സംസ്ഥാനത്ത് 27 ശതമാനത്തോളം വരുന്ന മുസ്‌ലിം സമുദായത്തിലായിരുന്നു മമതയുടെ ഏറ്റവും വലിയ പ്രതീക്ഷ. എന്നാൽ പല കാരണങ്ങളാൽ മുസ്‌ലിംകളിലെ നല്ലൊരു ശതമാനം മമതയോട് വേണ്ടത്ര മമത കാട്ടാത്ത അവസ്ഥ നിലവിലുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ബംഗാൾ മറ്റൊരു ഗുജറാത്താകാതിരിക്കാൻ മമത പൊരുതുക തന്നെ ചെയ്യും. അതിന്റെ ഫലം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

Latest News