Sorry, you need to enable JavaScript to visit this website.

മരുഭൂമിയെ ഹരിതാഭമാക്കി കാൽമടത്തിൽ സഹോദരന്മാർ 

നിരന്തരമായ പരിശ്രമം കൊണ്ട് മരുഭൂമിയെ ഹരിതാഭമാക്കി  കാൽമടത്തിൽ സഹോദരന്മാർ ശ്രദ്ധേയരാകുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളോളമായി ഖത്തറിലെ വുകൈറിൽ താമസ സ്ഥലത്തിനുചുറ്റും വൈവിധ്യമാർന്ന കൃഷിയിറക്കി മണ്ണും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം അടയാളപ്പെടുത്തുന്ന ഈ മലപ്പുറത്തുകാർ സുപ്രധാനമായ സന്ദേശമാണ് പ്രവാസി സമൂഹത്തിന് നൽകുന്നത്. 

മലപ്പുറം ജില്ലയിൽ തിരുനാവായക്കടുത്ത് കുണ്ടിലങ്ങാടി പട്ടർ നടക്കാവിലെ കാൽമടത്തിൽ അലിയും സഹോദരൻ  സെയ്താലിക്കുട്ടിയും നട്ടുവളർത്തുന്ന കൃഷിയിടത്തിലെത്തുമ്പോൾ മരുഭൂമിയിലാണ് നാം എന്ന് മനസ്സിലാക്കാൻ പ്രയാസമാകും.  കേരളത്തിലെ ഏതോ ഗ്രാമത്തിലെത്തിയ പ്രതീതിയാണ് ഓരോരുത്തർക്കും ഉണ്ടാവുക. അത്രക്കും സമൃദ്ധമായ പച്ചപ്പിനാൽ അലങ്കരിച്ച ഇവരുടെ കൃഷിയിടത്തിൽ വിളയുന്ന വിഭവങ്ങൾ അനവധിയാണ്. 


വിശാലമായ തക്കാളിത്തോട്ടം, അവയോട് ചേർന്ന് നിൽക്കുന്ന വിവിധ തരം ചെറുനാരങ്ങ മരങ്ങൾ, ഓരോ ഭാഗത്തായി കായ്ച്ചുനിൽക്കുന്ന പേരക്കമരങ്ങൾ,  വിളഞ്ഞുനിൽക്കുന്ന റുമ്മാൻ മരങ്ങൾ എല്ലാം തോട്ടത്തിന് അലങ്കാരമാണ്. കാബേജും ക്വാളി ഫഌവറും, ബ്രക്കോളിയും പാലക്കും, കാരറ്റും, ബീറ്റ് റൂട്ടും,  വഴുതനങ്ങയും ലെട്ടൂസും, പച്ചമുളകും മല്ലിച്ചപ്പും പൊതീനയും ജിർജിറും ബർദൂനിസും, കൂസും വെണ്ടക്കയും, കുക്കുമ്പറും എന്നുവേണ്ട അറബികൾ നിത്യവുമുപയോഗിക്കുന്ന എത്രയോ ഇനം  പച്ചക്കറികളും ഇലകളുമാണ് ഈ തോട്ടത്തിൽ സമൃദ്ധമായി വളരുന്നത്. 
വിവിധ തരത്തിലുള്ള  ഉള്ളികളാണ് മറ്റൊരു പ്രധാന വിഭവം. അറബികൾ സലാഡിനുപയോഗിക്കുന്ന വെളുത്ത ഉള്ളിയും ചുമന്ന ഉള്ളിയും നന്നായി വളരുന്നുണ്ട്. റോബസ്റ്റ് വാഴയും കപ്പയുമൊക്കെ കൃഷി ചെയ്തിരുന്നതായി അലി പറഞ്ഞു. 


മറുഭാഗത്ത് മലയാളികളുടെ പ്രിയപ്പെട്ട മത്തനും കുമ്പളവും വെള്ളരിയും പയറും അമരക്കയും  ചിരങ്ങയുമൊക്കെ ധാരാളമുണ്ട്. തണ്ണി മത്തനും ശമ്മാമുമൊക്കെ ഇപ്പോൾ ഏറെക്കുറേ കഴിഞ്ഞിട്ടുണ്ട്. എങ്കിലും അവിടെയിവിടെയുമായി കുറേശ്ശേ കാണാം. 
വളരെ ചെറുപ്രായത്തിൽ തന്നെ ഖത്തറിലെത്തിയ ഇവർ വീടിന് ചുറ്റും പച്ചപ്പ് പരത്തിയാണ് സ്വദേശി സ്‌പോൺസറുടെ മനം കവർന്നത്. കൃഷിയിൽ നിന്നുള്ള വിഭവങ്ങളേക്കാളും ഹരിത ഭംഗിയും കുളിർമയുമാണ് സ്വദേശി കുടുംബത്തിന് ഏറെ കൗതുകം പകർന്നത്. വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളൊക്കെ സ്വന്തമായി വിളയിക്കാൻ തുടങ്ങിയതോടെ ആവേശം വർദ്ധിച്ചു. വീടിനും ചുറ്റും നാല് ഏക്കറോളം വിശാലമായ സ്ഥലത്താണ് കൃഷിയിറക്കിയത്.  
തികച്ചും ഓർഗാനിക്കായാണ് കൃഷി ചെയ്യുന്നത്. കാര്യമായും ആട്ടിൻ കാഷ്ഠമാണ് വളമായി ഉപയോഗിക്കുന്നത്. 


ആവശ്യത്തിന് വെള്ളവും വളവും നൽകി പരിചരിച്ചാൽ മരുഭൂമിയിൽ കൃഷി വളരെ എളുപ്പമാണ്. വലിയ അദ്ധ്വാനമില്ലാതെ മികച്ച വിളവും ലഭിക്കും. മണ്ണ് ചതിക്കില്ലെന്നത് പരമാർഥമാണെന്നാണ് തന്റെ ജീവിതാനുഭവമെന്ന് അലി സാക്ഷ്യപ്പെടുത്തുന്നു. എന്ത് നട്ടാലും നല്ല വിളവ് ലഭിക്കുന്നത് കൂടുതൽ കൃഷിയിറക്കാൻ പ്രോൽസാഹനമാണ്. 
മിക്കവാറും വിത്തുകളൊക്കെ ഇവിടെ നിന്ന് തന്നെയാണ് വാങ്ങുന്നത്. ചിലപ്പോൾ നാട്ടിൽ നിന്ന് കൊണ്ടുവരും.  
കൃഷി ജീവിതത്തിന് വല്ലാത്ത സംതൃപ്തി നൽകുന്ന ഒരു വിനോദമെന്ന നിലയിലും കൂടിയാണ് ഈ മലപ്പുറത്തുകാർ വർഷങ്ങളായി മരുഭൂമിയിൽ നൂറ് മേനി വിളയിച്ച് കൃഷിയുടെ വേറിട്ട മാതൃകകൾ പരീക്ഷിക്കുന്നത്.
വിളഞ്ഞുനിൽക്കുന്ന പച്ചക്കറികളും ഇലവർഗങ്ങളുമൊക്കെ കാണുന്നത് തന്നെ വല്ലാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഊഷരമെന്ന് നാം വിചാരിക്കുന്ന മരുഭൂമിയിലെ കാർഷിക വിപഌവം പ്രകൃതി സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം വിഷരഹിതമായ പച്ചക്കറികൾ ഭക്ഷിക്കാനും അവസരമൊരുക്കുന്നു. ശുദ്ധമായ പച്ചക്കറികൾ തേടി  പല മലയാളി കുടുംബങ്ങളും തങ്ങളെ സമീപിക്കാറുണ്ടെന്ന് അലി പറഞ്ഞു. 

മരുഭൂമിയിലെ സവിശേഷമായ ചുറ്റുപാടിൽ ഓരോ സീസണിലും ഏതൊക്കെ  വിളകളാണ് വളരുകയെന്ന് ഈ മലപ്പുറത്തുകാർക്ക് നന്നായറിയാം. അതുകൊണ്ടാണ് വർഷം മുഴുവൻ വ്യത്യസ്തമായ കൃഷിയിറക്കിയാണ് ഈ സഹോദരന്മാർ മരുഭൂമിയിൽ കനകം വിളയിക്കുന്നത്. അൽപം ശ്രദ്ധിച്ചാൽ നാട്ടിലേതിലും എളുപ്പം കൃഷിയിറക്കാനും കൂടുതൽ വിളവുണ്ടാക്കാനും മരുഭൂമിയാണ് നല്ലതെന്നാണ് അലിയുടെ കാഴ്ചപ്പാട്.  ഈ വർഷം മരുഭൂമിയിൽ ഗോതമ്പ് കൃഷി പരീക്ഷിക്കുകയാണ് ഈ സഹോദരന്മാർ. 
ഈത്തപ്പനകളും ഈ തോട്ടത്തിൽ ധാരാളമുണ്ട്. വിവിധ ഇനങ്ങളിലുള്ള അമ്പതോളം ഈത്തപ്പന മരങ്ങൾ ഇവിടെയുണ്ടെന്ന് അലി പറഞ്ഞു. ഇത് ഈത്തപ്പനകൾ പൂക്കുന്ന കാലമാണ്. വേണ്ട രൂപത്തിൽ പരിചരിച്ചാൽ ജൂൺ ജൂലൈ മാസങ്ങളിൽ മികച്ച വിളവ് ലഭിക്കും. ഈത്തപ്പനകളെ പരിചരിക്കാൻ പരിചയ സമ്പന്നരായ പ്രത്യേകം ജോലിക്കാരുണ്ട്.  


ആടും കോഴിയും താറാവുമാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. നിത്യവും ശരാശരി 60 കോഴിമുട്ടയും താറാവു മുട്ടയും ലഭിക്കും. ശുദ്ധമായ ആട്ടിൻ പാലും നാടൻ കോഴി മുട്ടയുമൊക്കെ നിത്യ വിഭവങ്ങളായതിനാൽ ആരോഗ്യ സംരക്ഷണം അനായാസമാകുന്നു. 
സഹോദരി പുത്രനായ തിരൂർ കുറ്റൂരിനടുത്തുള്ള നൗഫലാണ് കാൽമടത്തിൽ സഹോദരന്മാരുടെ  മുഖ്യ സഹായി. കൃഷി നനക്കുന്നതിനും വിളവെടുക്കുന്നതിനുമുള്ള ശാരീരിക സഹായത്തിലുപരി  അമ്മാവന്മാരുടെ കൃഷിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സജീവമായ പ്രചാരം നൽകുന്നത് നൗഫലാണ്. നിത്യവും തോട്ടത്തിൽനിന്നും പറിച്ചെടുക്കുന്ന വിഭവങ്ങളുമായി  സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള നൗഫലിന്റെ പോസ്റ്റുകൾ കൃഷി തൽപരരായ ആയിരക്കണക്കിനാളുകളാണ് പിന്തുണക്കുന്നത്. ചെറിയ തോതിൽ വിപണനം ചെയ്തും നൗഫൽ അമ്മാവന്മാരുടെ കൃഷി പ്രോൽസാഹിപ്പിക്കുന്നുണ്ട്. 

Latest News