Sorry, you need to enable JavaScript to visit this website.

ടൈം മാഗസിന്റെ കവര്‍ പേജായി കര്‍ഷക  സമരത്തിലെ സ്ത്രീ പോരാളികള്‍

ന്യൂയോര്‍ക്ക്- അന്തരാഷ്ട്രതലത്തില്‍ വീണ്ടും ചര്‍ച്ചയായി ഇന്ത്യയിലെ കര്‍ഷക സമരം. ടൈം മാഗസിന്റെ പുതിയ അന്താരാഷ്ട്ര കവര്‍ പേജില്‍ ഇന്ത്യയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന സ്ത്രീകളുടെ ചിത്രമാണ് . കൈയില്‍ കുട്ടികളെയുമെടുത്ത് മുദ്രാവാക്യം വിളിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രമാണ് കവര്‍ ഫോട്ടോയില്‍ ഉള്ളത്.  കര്‍ഷക സമരത്തിലെ സ്ത്രീകളുടെ സാന്നിധ്യം സംബന്ധിച്ച് മാഗസിനില്‍ വിശദമായ ലേഖനവും വന്നിട്ടുണ്ട്. 'എന്നെ ഭയപ്പെടുത്താന്‍ കഴിയില്ല, എന്നെ വാങ്ങാന്‍ കഴിയില്ല' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. വീട്ടിലേക്ക് തിരിച്ചു പോവണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും എങ്ങനെയാണ് സ്ത്രീകള്‍ തങ്ങളുടെ സമരവുമായി മുന്നോട്ട് പോയതെന്ന് ലേഖനത്തില്‍ പറയുന്നു. ഇന്ത്യയിലെ കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ പ്രധാനപ്പെട്ട പങ്കെന്താണെന്നും എന്നാല്‍ എങ്ങനെയാണ് ഇവരുടെ പ്രയ്തനം വിലമതിക്കപ്പെടാതെ പോവുന്നതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
'ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ല് രൂപപ്പെടുത്തുന്ന സ്ത്രീകള്‍ കോര്‍പ്പറേറ്റ് ചൂഷണത്തിന് പ്രകടമായ ഇരയാവാനിടയുണ്ട്. ഓക്ഫാം ഇന്ത്യയുടെ കണക്ക് പ്രകാരം പ്രാദേശിക മേഖലകളിലെ 85 ശതമാനവും കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. പക്ഷെ ഇവരില്‍ 13 ശതമാനത്തിന് മാത്രമേ ഭൂമി അവകാശമുള്ളൂ. സ്ത്രീകളെ കര്‍ഷകരായി കാണുന്നില്ല. അവരുടെ ജോലി വലുതാണ്, പക്ഷെ അദൃശ്യമാണ്,' പഞ്ചാബ് കിസാന്‍ യൂണിയന്‍ അംഗമാ ജസ്ബിര്‍ കൗര്‍ ടൈം മാഗസിനോട് പറഞ്ഞു. പുരുഷ മേധാവിത്വ മനോഭാവം നിലനില്‍ക്കുന്ന പഞ്ചാബ്. ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ത്രീ സമരക്കാര്‍ രംഗത്തിറങ്ങുന്നതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണയുമായി പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, സാമൂഹിക പ്രവര്‍ത്തക മീന ഹാരിസ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളും നടന്നിരുന്നു.
ഇതിനിടെ ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. ജനുവരി 26 ന് നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇതുവരെയും കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടില്ല. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍  സമരപ്പന്തലില്‍ വെച്ച് 108 കര്‍ഷകര്‍ മരിച്ചെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ അടുത്തഘട്ടം പാര്‍ലമെന്റ് ഘരാവോ ആയിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Latest News