കൊച്ചി- കുന്നത്തുനാട് സീറ്റ് 30 കോടി രൂപയ്ക്ക് സി.പി.എം വിറ്റെന്ന ആരോപണവുമായി പോസ്റ്റർ. സേവ് സി.പി.എം ഫോറത്തിന്റെ പേരിലാണ് പോസ്റ്റർ ഒട്ടിച്ചിരിക്കുന്നത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ്? സെക്രട്ടറിയോ, സെക്രട്ടേറിയേറ്റോ? പ്രതിഷേധിക്കുക സഖാക്കളെ എന്നാണ് പോസ്റ്ററുകളിലുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെ ശ്രദ്ധേയമായ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കുന്നത്തുനാട്. ട്വന്റിട്വന്റി അടക്കമുള്ള സംഘടനാ പ്രതിനിധികൾ മത്സരിക്കുന്ന കുന്നത്തുനാട്ടിൽ ഇടതു മുന്നണി സ്ഥാനാർഥിയായി മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മകൻ പി.വി. ശ്രീനിജന്റെ പേരും പരിഗണിക്കുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകനായിരുന്ന ശ്രീനിജൻ പിൽക്കാലത്ത് സി.പി.എമ്മുമായി അടുക്കുകയായിരുന്നു. ശ്രീനിജനെ ലക്ഷ്യമിട്ടാണ് പോസ്റ്റർ ഇറങ്ങിയതെന്ന് കരുതുന്നു.
കുന്നത്തുനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥിയാകാൻ പോകുന്ന നേതാവാണ് ഇത്തരത്തിലൊരു പോസ്റ്ററിന് പിന്നിലെന്നാണ് സി.പി.എം നേതാക്കളുടെ പ്രതികരണം.
ഇദ്ദേഹത്തിനെതിരെ ബാങ്കിടപാടിൽ ക്രമക്കേട് ആരോപിച്ച് സി.പി.എം രംഗത്തുവന്നതിന് തിരിച്ചടിയായാണ് ഇത്തരമൊരു പോസ്റ്റർ പ്രചാരണം നടക്കുന്നതത്രെ. സേവ് സി.പി.എം ഫോറം എന്ന പേരിൽ ഇപ്പോൾ ഒരിടത്തും ഒരു പ്രവർത്തനവും ആരും നടത്തുന്നില്ലെന്ന് സി.പി.എം പറയുന്നു.






