ഖത്തറില്‍ കോവിഡ് നിയന്ത്രണം തുടരും

ദോഹ- ഫെബ്രുവരി മൂന്നു മുതല്‍ തുടരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ ഖത്തര്‍ മന്ത്രിസഭ തീരുമാനിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി അവതരിപ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് നടപടി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരെ അടച്ചുപൂട്ടല്‍, പിഴ ചുമത്തല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികളും അധികൃതര്‍ സ്വീകരിക്കുന്നുണ്ട്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, വാഹന വ്യവസ്ഥ, മൊബൈലില്‍ ഇഹ്തെറാസ് തുടങ്ങിയ വ്യവസ്ഥകളും നിര്‍ബന്ധമാണ്.
കോവിഡ് പ്രതിദിന സംഖ്യയിലെ വര്‍ധനയെ തുടര്‍ന്ന് ഫെബ്രുവരി 3 മുതലാണ് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ 80 ശതമാനം പേര്‍ മാത്രമാണ് ഓഫിസിലെത്തി ജോലി ചെയ്യുന്നത്.  സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ക്ലാസ്മുറി-ഓണ്‍ലൈന്‍ മിശ്ര പഠന സംവിധാനം തുടരുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പള്ളികളുടെ പ്രവര്‍ത്തനങ്ങളും.

 

 

Latest News