പെരുമാറ്റച്ചട്ട ലംഘനം പരാതിപ്പെടാൻ മൊബൈൽ ആപ്പ്

മലപ്പുറം- നിയമസഭ, ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയിൽപെട്ടാൽ ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജിൽ മൊബൈൽ ആപ്പ് വഴി പരാതിപ്പെടാൻ അവസരമൊരുങ്ങി. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, തെരഞ്ഞെടുപ്പ് ചെലവ് പരിധി ലംഘനം തുടങ്ങിയവ ശ്രദ്ധയിൽ പെട്ടാൽ അതിന്റെ ചിത്രമോ വീഡിയോ ദൃശ്യമോ സഹിതം ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുക്കാം.പരാതിപ്പെടുന്നയാൾ അയാളുടെ വ്യക്തിത്വം വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ല എന്ന പ്രത്യേകതയും ആപ്പിനുണ്ട്. 
പരാതി രജിസ്റ്റർ ചെയ്തവർക്ക് പരാതി ട്രാക്ക് ചെയ്ത് നിലവിലെ അവസ്ഥ അറിയാനുള്ള സംവിധാനവുമുണ്ട്. ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റവുമായി ബന്ധപ്പെടുത്തിയാണ് ആപ്പിന്റെ പ്രവർത്തനം. അതിനാൽ ചട്ടലംഘനം വ്യക്തമാക്കുന്ന ചിത്രം, വീഡിയോ എടുക്കുന്ന സ്ഥലത്തു നിന്നു തന്നെ ആപ്പിൽ അപ്ലോഡ് ചെയ്യണം. പരാതി നൽകുന്ന നടപടി ആരംഭിച്ചാൽ അഞ്ച് മിനുട്ടിനകം ഫോട്ടോയും വീഡിയോയും അപ്ലോഡ് ചെയ്തു കഴിയണം.
ഒരു പരാതി സമർപ്പിച്ചാൽ അഞ്ചുമിനുട്ടിനു ശേഷമേ അടുത്ത പരാതി നൽകാനാവൂ. ഇങ്ങനെ ലഭിക്കുന്ന പരാതികളിൽ 100 മിനിറ്റിനകം നടപടി സ്വീകരിക്കും. ഒരാൾ നൽകുന്ന പരാതി ആദ്യമെത്തുന്നത് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ കൺട്രോൾ റൂമിലാണ്. ഈ പരാതി ലഭിച്ചാൽ അഞ്ചു മിനുറ്റിനകം ജില്ലാ കൺട്രോൾ റൂമിൽ നിന്നും സന്ദേശം അതതു നിയമസഭാ മണ്ഡലങ്ങളിലെ സ്‌ക്വാഡുകൾക്ക് കൈമാറും. അവർ ഉടൻ സ്ഥലത്തെത്തി നടപടി സ്വീകരിക്കും. സ്വീകരിച്ച നടപടി 100 മിനിറ്റിനകം പരാതിക്കാരനെ അറിയിക്കും. കൂടുതൽ പരിശോധന ആവശ്യമുള്ള പരാതികൾ ജില്ലാതല സമിതിക്കുൾപ്പെടെ മുകൾ തട്ടിലേക്കു കൈമാറുന്ന തരത്തിലാണ് ആപ്പിന്റെ പ്രവർത്തനം.
 

Latest News