തൊടുപുഴ- മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരായ ആരോപണങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാകാം യു.ഡി.എഫ് നേതാക്കളെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകുന്നത് പാർട്ടി പരിഗണിക്കുന്നുണ്ട്. വിശദമായി ചർച്ച ചെയ്ത് പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്.
വിജയ സാധ്യത പരിഗണിച്ചാകും സ്ഥാനാർഥി നിർണയം. അഭിപ്രായങ്ങൾ പലതും ഉയർന്നു വരാം. ഒരോ മണ്ഡലങ്ങളെക്കുറിച്ചും പഠിച്ച് വിജയ സാധ്യതയുള്ളവരെ മൽസരിപ്പിക്കും. യു.ഡി.എഫിനെ ലീഗ് ഹൈജാക്ക് ചെയ്യുന്നു എന്നത് തമാശ മാത്രമാണ്.
യു.ഡി.എഫിൽ ലീഗും കോൺഗ്രസും മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം പരിശോധിച്ചാൽ ഇത് വ്യക്തമാകും. പരസ്പര ധാരണയോടെയും വിശ്വാസത്തോടെയും മുന്നോട്ടു പോകുന്ന മുന്നണിയാണ് യു.ഡി.എഫ്. തെരഞ്ഞെടുപ്പിനെ നേരിടാൻ ലീഗും പോഷക ഘടകങ്ങളും ഒരുങ്ങിക്കഴിഞ്ഞതായും യൂത്ത് ലീഗ് സംഘടനാ തലത്തിൽ വിപുലമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായും യൂത്ത് ലീഗ് ഇടുക്കി ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ മുനവ്വറലി തങ്ങൾ പറഞ്ഞു.






