കൽപറ്റ - കോൺഗ്രസ് വിട്ടു മറ്റു പാർട്ടികളിൽ ചേർന്നവരെ തിരിച്ചുവിളിക്കില്ലെന്നു കെ. മുരളീധരൻ എം.പി. കോൺഗ്രസ് ജില്ലാ ഘടകത്തിൽ അടുത്ത ദിവസങ്ങളിൽ ഉണ്ടായ കൊഴിഞ്ഞുപോക്കിന്റെയും നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന ഡി.സി.സി ജനറൽ ബോഡി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെറ്റിദ്ധാരണമൂലം രാജിവെക്കുകയും വേറെ പാർട്ടിയിൽ ചേരുകയും ചെയ്യാത്തവരെ കോൺഗ്രസിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കും. പാർട്ടിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ച ചെയ്തു പരിഹരിക്കും. ജില്ലയിൽ ഇനി നേതാക്കളോ പ്രവർത്തകരോ പാർട്ടി വിടില്ല. എല്ലാവർക്കുമുള്ള ഇടം കോൺഗ്രസിലുണ്ട്. പ്രവർത്തകരുടെ വികാരങ്ങൾ കണക്കിലെടുത്തേ നേതൃത്വം പ്രവർത്തിക്കൂ. ചിലർ പാർട്ടി വിടാനുണ്ടായ സാഹചര്യം പരിശോധിക്കും. ആരുടെ മുമ്പിലും വാതിൽ കൊട്ടിയടയ്ക്കില്ല. പാർട്ടിയും മുന്നണിയും ഒരുമിച്ച് നീങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിക്കുന്നതു പാർട്ടി നേതൃത്വമാണ്. പാർട്ടിയുമായി ബന്ധപ്പെട്ടു ജില്ലയിൽനിന്നു ഉയർന്ന നിർദേശങ്ങൾ രാഹുൽഗാന്ധി എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുരളീധരൻ പറഞ്ഞു.
തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഡി.സി.സി ജനറൽ ബോഡി യോഗം ചേർന്നതെന്നു ഒപ്പമുണ്ടായിരുന്ന കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ജില്ലയിലെ മൂന്നു നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾ ഉജ്വല വിജയം നേടുമെന്നു അദ്ദേഹം അവകാശപ്പെട്ടു. യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, ജനറൽ സെക്രട്ടറിമാരായ എ. മുഹമ്മദുകുഞ്ഞി, പി.കെ. ജയലക്ഷ്മി, നേതാക്കളായ എൻ.ഡി. അപ്പച്ചൻ, പി.വി. ബാലചന്ദ്രൻ, കെ.എൽ. പൗലോസ്, എൻ.എ. കരീം, സുനിൽ മടപ്പള്ളി, അച്യുതൻ പുതിയടത്ത്, അഡ്വ. ടി.ജെ. ഐസക്, കെ.കെ. അബ്രഹം, പി.പി. ആലി, പി. ചന്ദ്രൻ, വി.എ. മജീദ് തുടങ്ങിയവർ പങ്കെടുത്തു.






