കൽപറ്റയിൽ വയനാട്ടിൽനിന്നുള്ള നേതാവിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിൽ സമ്മർദം


കൽപറ്റ - നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലെ ഏക ജനറൽ മണ്ഡലമായ കൽപറ്റയിൽ വയനാട്ടിൽനിന്നുള്ള നേതാക്കളിൽ ഒരാളെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ സമ്മർദം. കൽപറ്റ സീറ്റ് ജില്ലയ്ക്കു പുറമേനിന്നുള്ള നേതാവിനു നൽകിയേക്കുമെന്നു സൂചനയുടെ പശ്ചാത്തലത്തിലാണിത്. ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പുറമേ മുസ്‌ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റിയും സീറ്റ് വയനാടിനു പുറത്തുള്ളവർക്കു നൽകരുതെന്ന നിലപാട് കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കൽപറ്റയിൽ ജനവിധി തേടുമെന്നു മുമ്പ് പ്രചാരണമുണ്ടായപ്പോൾ മത്സരിക്കാൻ യോഗ്യതയുള്ളവർ ജില്ലയിൽത്തന്നെയുണ്ടെന്നു മുസ്‌ലിംലീഗ് നേതാക്കളിൽ ചിലർ തുറന്നടിച്ചിരുന്നു. 
കോൺഗ്രസ് ജില്ലാ ഘടകത്തിൽ നേതാക്കളിൽ ചിലരുടെ കൊഴിഞ്ഞുപോക്കടക്കം പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ ഡി.സി.സി ഓഫീസിൽ പാർട്ടി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി, ജില്ലയുടെ ചുമതലയുള്ള എം.പി കെ.മുരളീധരൻ എന്നിവരുടെ  സാന്നിധ്യത്തിൽ നടത്തിയ  യോഗങ്ങളിലും കൽപറ്റ സീറ്റിൽ വയനാട്ടിൽനിന്നുള്ളവർക്കു പരിഗണന നൽകണമെന്നു ആവശ്യമുയർന്നു. ഡി.സി.സി ഭാരവാഹികളുടെ യോഗം രാവിലെയും ജനറൽ ബോഡി യോഗം ഉച്ചകഴിഞ്ഞുമാണ് ചേർന്നത്. 


ജില്ലയിലെ പട്ടികവർഗ സംവരണ മണ്ഡലങ്ങളായ ബത്തേരിയിലും മാനന്തവാടിയിലും മത്സരചിത്രം തെളിയുകയാണ്. മാനന്തവാടി മണ്ഡലത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ പി.കെ.ജയലക്ഷ്മിയും സിറ്റിംഗ് എം.എൽ.എ സി.പി.എമ്മിലെ  ഒ.ആർ.കേളുവും  തമ്മിലാകും മുഖ്യപോരാട്ടം. ബത്തേരിയിൽ സിറ്റിംഗ് എം.എൽ.എ കോൺഗ്രസിലെ ഐ.സി.ബാലകൃഷ്ണനും കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്നു രാജിവച്ചു സി.പി.എമ്മിൽ ചേരാൻ തീരുമാനിച്ച എം.എസ്.വിശ്വനാഥനുമായിരിക്കും അങ്കത്തട്ടിലെ പ്രധാന എതിരാളികൾ. രണ്ടു മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ എൻ.ഡി.എ അടുത്ത ദിവസം പ്രഖ്യാപിക്കും. മാനന്തവാടിയിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.മോഹൻദാസിനാണ് പ്രഥമ പരിഗണന. ബത്തേരിയിൽ എസ്.ടി.മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, വനിതാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അംബിക കേളു എന്നിവരെയാണ് പരിഗണിക്കുന്നത്. 
കൽപറ്റ മണ്ഡലത്തിൽ ഇടതു, വലതു മുന്നണി സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനിയും വ്യക്തതയായില്ല. ഇടതു മുന്നണി കൽപറ്റ സീറ്റ് എൽ.ജെ.ഡിക്കാണ് നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന എൽ.ജെ.ഡി ജില്ലാ കൗൺസിൽ യോഗം പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ്‌കുമാറിനെയാണ്  സ്ഥാനാർഥിയായി നിർദേശിച്ചത്. 


എങ്കിലും രാജ്യസഭാംഗമായ ശ്രേയാംസ്‌കുമാർ മത്സരിക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന. ജില്ലാ കൗൺസിൽ നിർദേശത്തോടു ശ്രേയാംസ്‌കുമാർ പ്രതികരിച്ചിട്ടില്ല. ശ്രേയാംസ്‌കുമാറിന്റെ മകൾ മയൂര, അടുത്തിടെ കോൺഗ്രസിൽനിന്നു രാജിവച്ചു എൽ.ജെ.ഡിയിലെത്തിയ ഡി.സി.സി സെക്രട്ടറി പി.കെ.അനിൽകുമാർ എന്നിവരും പാർട്ടിയുടെ പരിഗണനയിലുണ്ട്. 
കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി, കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.വി. ബാലചന്ദ്രൻ, കെ.പി.സി.സി അംഗങ്ങളായ എൻ.ഡി.അപ്പച്ചൻ, കെ.എൽ.പൗലോസ് എന്നിവർ കൽപറ്റയിൽ ജനവിധി തേടാൻ ആഗ്രഹിക്കുന്ന ജില്ലക്കാരായ നേതാക്കളാണ്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും വയനാട് പാർലമെന്റ് മണ്ഡലം പ്രസിഡന്റും നിലവിൽ ഡി.സി.സി സെക്രട്ടറിയുമായ കെ.ഇ.വിനയനും സ്ഥാനാർഥികളുടെ സാധ്യതാപട്ടികയിലുണ്ട്. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമാണ് ഇദ്ദേഹം. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖാണ് കൽപറ്റ സീറ്റിനുവേണ്ടി ശ്രമിക്കുന്ന വയനാടിനു പുറമേനിന്നുള്ള നേതാക്കളിൽ പ്രമുഖൻ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി  ശങ്കർ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് പി.വി. ന്യൂട്ടൺ എന്നിവരിൽ ഒരാൾ കൽപറ്റയിൽ എൻ.ഡി.എ സ്ഥാനാർഥിയാകും. 

 

Latest News