പ്രചാരണ ചൂടിലേക്ക് കാസർകോട്;  സ്ഥാനാർഥികൾ അടുത്ത ആഴ്ചയോടെ 


കാസർകോട്- നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കാസർകോട് ജില്ലയും കടന്നു. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ വേഗത്തിലാക്കി. മുന്നണികൾ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ഓട്ടത്തിലാണ്. അടുത്ത ആഴ്ചയോടെ മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ഗോദയിൽ ഇറങ്ങുമെന്നാണ് കരുതുന്നത്. 
സി. പി .എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക തയ്യാറാക്കി കഴിഞ്ഞു. യു ഡി എഫിലും ബി ജെ പിയിലും ആലോചനകൾ മുറുകിയിട്ടുണ്ട്.  ശക്തമായ ത്രികോണ മത്സരം നടക്കുന്ന കാസർകോട് , മഞ്ചേശ്വരം മണ്ഡലങ്ങൾ ഉൾപ്പെടെ വടക്കൻ ജില്ലയിൽ ഇത്തവണ പോരാട്ടം കനക്കും. അഞ്ചു മണ്ഡലങ്ങളിലും പടക്കളത്തിൽ ഇറങ്ങുന്നത് ആരായിരിക്കുമെന്ന ചർച്ചയിലാണ് വോട്ടർമാർ. സിറ്റിംഗ് എം എൽ എ മാരിൽ ആരൊക്കെ മത്സര രംഗത്തുണ്ടാകും എന്നാണ് അറിയാനുള്ളത്. 


കാഞ്ഞങ്ങാട് മണ്ഡലത്തിൽ മന്ത്രി ഇ. ചന്ദ്രശേഖരന് മൂന്നാം തവണയും പോരിന് ഇറങ്ങാൻ സി. പി .ഐ നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. എന്നാൽ എം. രാജഗോപാലൻ ( തൃക്കരിപ്പൂർ ), കെ .കുഞ്ഞിരാമൻ (ഉദുമ ), എൻ.എ നെല്ലിക്കുന്ന് ( കാസർകോട് ), എം .സി ഖമറുദ്ദീൻ ( മഞ്ചേശ്വരം) എന്നിവരുടെ കാര്യങ്ങൾ ഇപ്പോഴും ത്രാസിലാണ്. മഞ്ചേശ്വരം എം .എൽ. എ ഖമറുദ്ദീനെ ഫാഷൻ ഗോൾഡ് തട്ടിപ്പും ജയിൽവാസവും കാരണം പ്രതിച്ഛായ നഷ്ടപ്പെട്ടതിനാൽ ലീഗ് നേതൃത്വം മാറ്റിനിർത്തും. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാത്ഥിത്വം കൊതിച്ചിരുന്ന എ .കെ .എം അഷ്‌റഫ് ലീഗിന്റെ പട്ടികയിലുണ്ട്. എൻ .എ നെല്ലിക്കുന്ന് രണ്ടു തവണ പൂർത്തിയായി പകരം കെ .എം ഷാജിയെ ഇറക്കാനാണ് ലീഗ് ആലോചിക്കുന്നത്. എന്നാൽ ജില്ലക്കാർ മതിയെന്ന നിലപാട് കനപ്പിക്കുകയാണ് ജില്ലാലീഗ് നേതൃത്വം. കെ. കുഞ്ഞിരാമന്റെയും എം. രാജഗോപാലിന്റെയും കാര്യത്തിൽ സി. പി .എം നേതൃത്വം പച്ചക്കൊടി കാണിച്ചിട്ടില്ല. ഉദുമയിൽ സി .എച്ച് കുഞ്ഞമ്പുവിനെയും തൃക്കരിപ്പൂരിൽ ജില്ലാ സെക്രട്ടറി എം .വി ബാലകൃഷ്ണനെയും മത്സരിപ്പിക്കുന്നതിന് നീക്കം നടക്കുകയാണ്. മഞ്ചേശ്വരം പിടിക്കാൻ ബി. ജെ. പിയും കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചർച്ചകളിലാണ്. ബി .ജെ .പി നേതൃത്വം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കണ്ടെത്താൻ അണികൾക്കിടയിൽ അഭിപ്രായ സർവ്വേ തുടങ്ങിയിട്ടുണ്ട്. 
അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നിലവിൽ എൽ.ഡി.എഫിന് മൂന്നും യു.ഡി.എഫിന് രണ്ടും സീറ്റാണുള്ളത്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ യു.ഡി.എഫിന് ഒപ്പവും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പവുമാണ്. ബി.ജെ.പിക്ക് സീറ്റൊന്നും ഇല്ലെങ്കിലും രണ്ട് മണ്ഡലങ്ങളിൽ അവർ രണ്ടാം സ്ഥാനത്തുണ്ട്. 89 വോട്ടിനാണ് 2016 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മഞ്ചേശ്വരത്ത് അടിയറവ് പറഞ്ഞത്. 


ബി.ജെ.പിയുടെ കെ .സുരേന്ദ്രൻ മുസ്‌ലിം ലീഗിന്റെ പി.ബി അബ്ദുൽ റസാഖിനോട് ആണ് തോറ്റത്. എന്നാൽ പി.ബി. അബ്ദുൽ  റസാഖിന്റെ മരണത്തെ തുടർന്ന് ഉണ്ടായ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വ്യക്തമായ ലീഡ് നേടി തിരിച്ച് വന്നു. മൂന്ന് മുന്നണികളും വിജയിക്കാമെന്ന് വിശ്വസിക്കുന്ന അപൂർവം മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കുറെ വർഷങ്ങളായി ബി.ജെ.പി രണ്ടാം സ്ഥാനത്തുണ്ട്. ഈ തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിലൊന്നും മഞ്ചേശ്വരമായിരിക്കും. 


നിലവിലെ എം.എൽ.എ എം. സി ഖമറുദ്ദീൻ, ഫാഷൻ ഗോൾഡ് ജ്വലറി തട്ടിപ്പ് ആരോപണത്തിന്റെ പേരിൽ റിമാൻഡിലായി ജയിലിൽ പോകേണ്ടിവന്നത് ഇരു മുന്നണികളും ആയുധമാക്കും. ബി.ജെ.പി ശക്തമായ സാന്നിധ്യം അറിയിക്കുന്ന മണ്ഡലമാണ് കാസർകോട്. 1977 മുതൽ തുടർച്ചയായി മുസ്‌ലിം ലീഗ് വിജയിച്ചു വരുന്നു. കാൽ നൂറ്റാണ്ട് കാലം സി. ടി അഹമ്മദലി  എം.എൽ.എ ആയിരുന്നു. കഴിഞ്ഞ തവണ 8607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻ .എ നെല്ലിക്കുന്ന് വിജയിച്ചത്. കണ്ണൂരിലെ പടക്കുതിര കെ. സുധാകരന്റെ വരവോടെ സംസ്ഥാനത്ത് തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് 2016 ൽ ഉദുമയിൽ നടന്നത്. എന്നാൽ 3882 വോട്ടിന് കെ. കുഞ്ഞിരാമൻ ജയിച്ചു. 
ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ അട്ടിമറിക്ക് കാരണമായ പെരിയ കല്യോട്ടെ ഇരട്ട കൊലപാതകം നടന്നത് ഈ മണ്ഡലത്തിലാണ്. സി.പി.എമ്മിന്റെ കുത്തക മണ്ഡലങ്ങളിലൊന്നാണ് തൃക്കരിപ്പൂർ. 1977 മുതൽ സി.പി.എം മാത്രമാണ് ഇവിടെ ജയിച്ചു വരുന്നത്. രണ്ട് തവണ മുൻ മുഖ്യമന്ത്രി ഇ.കെ നായനാരും വിജയിച്ചിട്ടുണ്ട്. ഇ.എം.എസ് 1957  ജയിച്ചു മുഖ്യമന്ത്രിയായ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിലെ പ്രദേശങ്ങളും ഇപ്പോൾ തൃക്കരിപ്പൂരിന്റെ കൂടെയാണ്. 

 

Latest News