Sorry, you need to enable JavaScript to visit this website.

മദ്രാസ് ഐ.ഐ.ടിയിൽ ഇന്റഗ്രേറ്റഡ് എം.എ കോഴ്‌സിന്  ഇപ്പോൾ അപേക്ഷിക്കാം

മാനവിക വിഷയങ്ങൾ പഠിക്കാൻ കുട്ടികൾ ഇപ്പോൾ കൂടുതലായി താൽപര്യം കാണിക്കുന്നത് ശ്രദ്ധേയമാണ്. മൂല്യങ്ങളുമായും മനുഷ്യ ജീവിതത്തിന്റെ സ്പന്ദനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന മാനവിക വിഷയങ്ങളിലെ പഠനം പൂർത്തിയാക്കുന്നവർക്കും വലിയ കരിയർ സാധ്യതകൾ നിലവിലുണ്ടെന്നത് വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. ഈ സ്ഥിതിക്ക് കാര്യമായ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. മാനവിക വിഷയങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനും പുതിയ അവസരങ്ങൾ കണ്ടെത്താനും വിദ്യാർഥികളുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. സയൻസ് വിഷയങ്ങൾ പഠിക്കാൻ അവസരം ലഭിക്കാത്തത് കൊണ്ട് പഠിക്കാനായുള്ള വിഷയം എന്ന നിലയിൽനിന്ന് മാറി ഹ്യുമാനിറ്റീസിന് പ്രഥമ പരിഗണന കൊടുക്കുന്ന വിദ്യാർഥികളെ ഇപ്പോൾ യഥേഷ്ടം കാണാനുണ്ട്.


രാജ്യാന്തര നിലവാരമുള്ള മികച്ച സ്ഥാപങ്ങളിൽ പലതും മാനവിക വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യവും പരിഗണനയും നൽകുന്നുമുണ്ട്. സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള മികവുറ്റ കേന്ദ്രമെന്ന നിലയിൽ ഏറെ പ്രസിദ്ധമായ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) കളും ഇക്കാര്യത്തിൽ ഭിന്നമല്ല. നിരവധി ഐ.ഐ.ടികളാണ് മാനവിക വിഷയങ്ങളിൽ സവിശേഷമായ പഠനാവസരം ഒരുക്കുന്നത്. ഇക്കൂട്ടത്തിൽ വളരെ ശ്രദ്ധേയമായ ഒരു പ്രോഗ്രാം ആണ് മദ്രാസ് ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസ് ഡിപ്പാർട്ടമെന്റ് നടത്തുന്ന ഇന്റേ്രഗറ്റഡ് എം.എ കോഴ്‌സ്.
ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് സ്റ്റഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായുള്ള പഞ്ചവത്സര ഇന്റെഗ്രേറ്റഡ് എം.എ കോഴ്‌സിന്റെ പ്രവേശന പരീക്ഷക്ക് (HSEE 2021)  2020 ൽ പ്ലസ് ടു / തതുല്യം വിജയിച്ചവർക്കും  2021 ൽ പരീക്ഷ എഴുതുന്നവർക്കും (ഏതു വിഷയം പഠിച്ചവർക്കും)  അപേക്ഷിക്കാം. ഓരോ സ്ട്രീമിലും 29 സീറ്റു വീതം മൊത്തം 58 സീറ്റുകളാണ് ഉള്ളത്. ആദ്യ രണ്ട് വർഷം പൊതുവായ പഠനം ആയിരിക്കും ആദ്യ മൂന്ന് സെമസ്റ്ററുകളിലെ  വിദ്യാർഥികളുടെ പഠന നിലവാരവും താൽപര്യവും സീറ്റുകളുടെ ലഭ്യതയും അനുസരിച്ചായിരിക്കും സ്ട്രീമുകളിലേക്ക് പ്രവേശനം നിശ്ചയിക്കുന്നത്.


ഇന്ത്യൻ സമ്പദ് ഘടന, സാഹിത്യം, തത്വശാസ്ത്രം, സംസ്‌കാരം, സമൂഹം, പബ്ലിക് പോളിസി എന്നീ മേഖലകളിലെ ആഴത്തിലുള്ള അറിവ് നേടാനാവും. ജർമൻ, ഫ്രഞ്ച്, ചൈനീസ് എന്നീ ഭാഷകൾ പഠിക്കാനുള്ള അവസരവുമുണ്ട്. പഠനത്തിന് ശേഷം സിവിൽ സർവീസ്, ഗവേഷണം തുടങ്ങിയ മേഖലയിലേക്ക് പ്രവേശിക്കുന്നത് പരിഗണിക്കാവുന്നതാണ്. പത്രപ്രവർത്തനം, ബാങ്കിംഗ് മേഖല, ഐക്യരാഷ്ട്ര സഭ, യൂണിസെഫ്, ആംനസ്റ്റി ഇന്റർനാഷനൽ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ, സർക്കാരേതര ഏജൻസികൾ, മെക്കിൻസി പോലെയുള്ള അന്താരാഷ്ട്ര കൺസൾട്ടൻസികൾ എന്നിവിടങ്ങളിൽ ജോലിക്കായി ശ്രമിക്കുകയും ആവാം.


മാർച്ച് 15 ആണ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താനുള്ള അവസാന തീയതി. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളായ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലടക്കം 16 കേന്ദ്രങ്ങളിലായി ജൂൺ 13 നാണ് പരീക്ഷ. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നതിനനുസരിച്ച് കൂടുതൽ പരീക്ഷാ സെന്ററുകൾ അനുവദിക്കാനും സാധ്യതയുണ്ട് അപേക്ഷയിൽ രണ്ട് സെന്ററുകൾ തെരഞ്ഞെടുക്കണം. അനുവദിക്കപ്പെട്ട സെന്റർ മാറ്റി നൽകുന്നതല്ല. 2400 രൂപയാണ് പ്രവേശനപരീക്ഷ ഫീസ്. SC /ST/PWD വിഭാഗക്കാർക്ക് 1400 രൂപ. ബാങ്കുകളുടെ സർവീസ് ചാർജ് ആയി 40 രൂപയും കൊടുക്കണം. മെയ് 12 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌തെടുക്കാം.


മൂന്ന് മണിക്കൂർ പരീക്ഷയിൽ രണ്ട് ഭാഗങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഒന്നാം ഭാഗത്തിൽ ഒബ്ജക്ടീവ് ചോദ്യങ്ങൾ ആയിരിക്കും. ഇത് കമ്പ്യൂട്ടർ നിയന്ത്രിത പരീക്ഷ ആയിരിക്കും. ഒബ്‌ജെക്ടീവ് ഭാഗത്തിൽ ഇംഗ്ലിഷ്, അനലിറ്റിക്കൽ & ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി), ജനറൽ സ്റ്റഡീസ്, എന്നീ മേഖലകളിലുള്ള ചോദ്യങ്ങൾ ഉണ്ടാവും. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കും ഉണ്ടാവും. രണ്ടാം ഭാഗത്തിലെ എസ്സേ കംപ്യൂട്ടർ കീ ബോർഡ് ഉപയോഗിച്ചോ പേനയും കടലാസും ഉപയോഗിച്ചോ എഴുതാം. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുമ്പോൾ ഓപ്ഷൻ തെരഞ്ഞെടുക്കണം. എസ്സേയിൽ പൊതുവിജ്ഞാനം, ആനുകാലികം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉണ്ടാവും.
വിശദവിവരങ്ങൾക്കും ഓൺലൈൻ രജിസ്‌ട്രേഷനും  hss.iitm.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഓൺലൈൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി: 2021 മാർച്ച് 15. പ്രവേശന പരീക്ഷാ തിയതി: 2021 ജൂൺ 13, ഞായർ
വെബ്‌സൈറ്റ്: hss.iitm.ac.in.

Latest News