Sorry, you need to enable JavaScript to visit this website.

ഒരു വല്ലാത്ത തെരഞ്ഞെടുപ്പു കാലം

പിള്ളമനസ്സിൽ കള്ളമില്ല. പുതുച്ചേരിയിൽ കാലൂന്നിയ ശേഷം രാഹുൽഗാന്ധി ഇന്ത്യയെ മൊത്തം വീക്ഷിച്ച് തുറന്നുപറഞ്ഞ ആ സത്യം തൽക്കാലത്തേങ്കിലും തങ്കലിപികളിൽ എഴുതി പ്രദർശിപ്പിക്കണം. കോൺഗ്രസ് ജയിക്കുകയാണെങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ വേണം. ഇനിയുള്ള കാലത്ത് ചെറിയ സീറ്റുകളുടെ ഭൂരിപക്ഷം പോര. ബി.ജെ.പി പിന്നാലെ നടക്കുന്നു.
കാര്യം ശരിയല്ലേ? ഇന്ത്യൻ രാഷ്ട്രീയത്തിലെ 'ചാക്ക്' വിദഗ്ധൻ കൂടിയായി ഇതിനകം പേരെടുത്തു കഴിഞ്ഞ 'ഷാ'ജി ഓടിയും പറന്നും എത്താത്ത സ്ഥലം വല്ലതും ബാക്കിയുണ്ടോ? മൂന്നു സംസ്ഥാനങ്ങളിലൊഴികെ ഒരിടത്തും ഒരു സ്റ്റേറ്റ് കാറിൽ സഞ്ചരിക്കാനുള്ള യോഗം ഇന്നു കോൺഗ്രസിനില്ല. കോഴിക്കൂട്ടിനടുത്ത് കറങ്ങിനടക്കുന്ന സുഗാല വീരനെപ്പോലെ ഒരു ഭരണകക്ഷി ഇറങ്ങിനടപ്പാണ്. എന്നാൽ 'അപ്രിയ സത്യങ്ങൾ ചൊല്ലാതെയുമിരിക്കണം' എന്ന കവിവചനം രാഹുലൻ വായിച്ചിരിക്കാനിടയില്ല, അദ്ദേഹത്തിനു മലയാളമറിയില്ല; തമിഴും അറിയില്ല. അവിടെ തിരുവള്ളൂവരും മുമ്പുതന്നെ ഇക്കാര്യം എഴുതി രേഖപ്പെടുത്തിയിട്ടുണ്ട്. അറിവില്ലായ്മ ആ കുഞ്ഞുമനസ്സിനെ വല്ലാതെയങ്ങു ഭരിക്കുന്നതിന്റെ തെളിവാണ് 'മൂന്നിൽ രണ്ടു ഭൂരിപക്ഷ'ക്കാര്യം. തെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന സംസ്ഥാനത്തുനിന്നുകൊണ്ട് ഇത്തരമൊരു ആഹ്വാനം നടക്കുന്നതിന്റെ ഭവിഷ്യത്ത് എന്താകും? 'കുല'യിൽ നിന്നു ചില മൂത്തപഴങ്ങൾ കൊഴിഞ്ഞു വീഴുന്നതു പോലെ, ആഴ്ചതോറും കോൺഗ്രസിൽ കൊഴിഞ്ഞുപോക്കാണ്. സീറ്റു നിർണയം കഴിഞ്ഞാൽ അത് 'ദിനംതോറും' എന്ന നിലയിൽ പുരോഗമിക്കുമെന്ന് ഏതു പൊട്ടാനുമറിയാം. ഉത്തരേന്ത്യയിലെപ്പോലെ പഴയ 'ആയാറാം ഗയറാം' തെക്കുഭാഗത്തു വ്യാപിച്ചു കഴിഞ്ഞു. ഈ രാഷ്ട്രീയ കൊറോണയ്ക്കുള്ള വാക്‌സിൻ കണ്ടുപിടിക്കുന്നതിനു പകരം, ഹൈക്കമാന്റിന്റെ ദില്ലി വിളംബരമാണ് മറുമരുന്ന് എന്ന ധാരണയിൽ കണ്ണും പൂട്ടിനടപ്പാണ് സംഘടന. ഒരിറ്റു സൈ്വരം കൊതിച്ച് വയനാട്ടിലും കൊല്ലത്തെ 'വാടി' കടപ്പുറത്തും പുതുച്ചേരിയിലും ചെന്നൈയിലുമൊക്കയായി കറങ്ങിയടിക്കുകയാണ് സംഘടനയുടെ വർക്കിംഗ് (അതോ മുൻ ) പ്രസിഡന്റ്. ഈ സേവനത്തിനുള്ള ഏറ്റവും നല്ല ബഹുമതിയാണ് കേരള മുഖ്യമന്ത്രി നൽകിയത്- നമ്മുടെ ഏറ്റവും മികച്ച ടൂറിസ്റ്റ്. കൊല്ലത്തു കടലിൽ ചാടിയ രാഹുൽ പുതുച്ചേരിയിൽ അറിവില്ലായ്മയുടെ ആഴക്കലിൽ ചാടിയത് ആകെ നാണക്കേടായി. കേന്ദ്ര സർക്കാർ ഇതുവരെ മത്സ്യവ്യവസായത്തിന് ഒരു വകുപ്പും മന്ത്രിയും നൽകിയിട്ടില്ല എന്ന പ്രസ്താവന രാഹുലിന്റെ തൊപ്പിയിൽ ഒരു തൂവൽകൂടി ചേർത്തു. വണ്ടിയുടെ പിന്നിൽ കെട്ടിയ കുതിരയെപ്പോലെ ഒരു നേതൃത്വവുമായി ആറു സംസ്ഥാനങ്ങളിൽ പയറ്റാനിറങ്ങുകയാണ് പാർട്ടി. കാഴ്ചക്കാരിൽ പലരും അതൊരു 'മരക്കുതിര'യാണോ എന്നു സന്ദേഹിക്കുന്നു. കുറ്റം പറയാൻ കഴിയില്ലല്ലോ. അടുത്ത കൊല്ലം മികച്ച ടൂറിസ്റ്റിനുള്ള പുരസ്‌കാരം നൽകി രാഹുലിനെ ആദരിക്കാൻ മോഡി സർക്കാർ മറക്കില്ലെന്നു കരുതാം. ഭാഗ്യമുണ്ടെങ്കിൽ പിണറായിക്കും ചേരാം.
പൂഞ്ഞാറിൽ പുലി ഇറങ്ങി എന്ന തലവാചകം കണ്ടാൽ ശുദ്ധഗതിക്കാരായ അന്നാട്ടുകാർ പിന്നെ പുറത്തിറങ്ങുകയില്ല. 'പണ്ടേ ദുർബല പോരാഞ്ഞിട്ട് ഗർഭിണിയും' എന്ന മാതിരി, കോവിഡിനു പുറമെ പുലിയും കൂടി ആയാൽ 'കൂനിന്മേൽകുരു' വായി മാറിയതു തന്നെ. മറ്റു മണ്ഡലങ്ങളിൽ ഉറപ്പില്ലെങ്കിൽ പിന്നെ പി.സി. ജോർജ് എന്തു ചെയ്യാനാണ്? സ്വന്തം വീട്ടുമുറ്റത്തു തന്നെ ഇറങ്ങി. യു.ഡി.എഫ് അവസാന നിമിഷമെങ്കിലും കടാക്ഷിക്കുമെന്നു കരുതി. മുല്ലപ്പള്ളി ഒരു ഫോൺകോളെങ്കിലും ചെയ്യുമെന്നു കരുതി. എല്ലാം പാഴായി. സ്വന്തം പാർട്ടിക്കാരെ പോലും കാണാത്ത ചോമ്പാൽ ഗാന്ധിയല്ലേ, ഒരു പുലിയെ കാണാൻ കൂട്ടാക്കുക? നാവിൻ ദോഷം കൊണ്ടാണ് ഇത്രയും കാലം പിണറായി സഖാവിനെ ചീത്ത പറഞ്ഞത്. അല്ലെങ്കിൽ എ.കെ.ജി സെന്ററിൽനിന്ന് ഒരു വിളി പ്രതീക്ഷിക്കാമായിരുന്നു. 'നനഞ്ഞിറങ്ങിയാൽ കുളിച്ചുകയറുക' എന്ന പ്രമാണം കാണാപ്പാഠമാകയാൽ, ബി.ജെ.പിയുമായിട്ടാകാം ചങ്ങാത്തം എന്നായി തീരുമാനം. രാഷ്ട്രീയത്തിൽ പണ്ടേ സ്ഥിരം ശത്രുക്കളില്ല. കുളിച്ചുകയറുമ്പോൾ ഗോചാണകത്തിന്റെ ഗന്ധം തോന്നിയേക്കാം. അത് അവരുമായി മുമ്പ് കളിച്ചു നടന്നപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോൾ ഒരിടത്തും ഒരു ഇല കിട്ടാനില്ലാത്ത സ്ഥിതിക്ക് സംഘ്പരിവാറിന്റെ വടക്കേമുറ്റത്തായാലും ഒട്ടും മുടക്കില്ല. ഒരു കർത്തവ്യം അവശേഷിക്കുന്നുണ്ട്- പുലിയാണെന്നു തെളിയിക്കുക. അതിന് ഒരു ചാൺ നീട്ടി എറിയണം. പത്തു സീറ്റു ചോദിച്ചാൽ മതി, 'ഷാ'യ്ക്കും സുരേന്ദ്രനും കണ്ണുതള്ളിപ്പോകും. പിന്നെ ക്രമേണ വിട്ടുവീഴ്ച, വിട്ടുവീഴ്ച, പിന്നെ വീഴ്ച തന്നെ ചെയ്തു മൂന്നു സീറ്റിലെത്താം. ഒട്ടും ഒതുങ്ങാത്തപക്ഷം രണ്ടിൽ ഒതുങ്ങാം. അപ്പോൾ അപ്പനും മോനും ഉറപ്പായി. ഷോൺ ജോർജ് ഒന്നു മത്സരിക്കുന്നതു കൊണ്ട് നാടിന് ഒരു നഷ്ടവും വരാനില്ല. അവശേഷിക്കുന്ന ഒരു പ്രശ്‌നം 'പുലി'യാണെന്നു തെളിയിക്കാനാകും എന്നതു മാത്രം! തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പൂച്ചയാകാതിരുന്നാൽ മതി. കാട്ടുപൂച്ച എന്നൊരിനവും ഉണ്ടല്ലോ.

****                           ****                   ****
'സ്ഥാനാർഥി'യെ പലരും 'സ്ഥാനാർഥി'യാക്കി അച്ചടിച്ചു തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. ടോംസിന്റെ  'ബോബനും മോളിയും' ഒരിക്കൽ അങ്ങനെ ആ പ്രയോഗത്തെ ജനകീയമാക്കി. ഹാസ്യസമ്രാട്ടുകൾ ഇത്തരം സ്ഥാനമോഹികളെ മുമ്പേ തന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു. 'ദാ, വന്നു, ദേ പോയി' എന്ന മട്ടിൽ സുരേഷ് ഗോപി മുതൽ കളിയിക്കാവിള ചെല്ലപ്പൻ വരെ ഇപ്പോൾ 'പരിഗണന'യിലാണ്. സംസ്ഥാനത്ത് വി.
ഐ.പികൾ മത്സരിക്കാനിറങ്ങിയത് ആദ്യം തിരുവനന്തപുരം പാർലമെന്റ് സീറ്റിൽ. രാജകുടുംബാംഗം കൊട്ടാരത്തിൽ നിന്നും കാലെടുത്തുവച്ചതു തന്നെ 'ഹിന്ദു മുന്നണി'യുമായിട്ടായിരുന്നു. തോറ്റു തുന്നം പാടി. വീണ്ടും മത്സരിച്ചു. വീണ്ടും തോറ്റു. പിന്നെ അന്തർദേശീയ പ്രശസ്തനായ വി.കെ. കൃഷ്ണമേനോൻ വന്നു, കണ്ടു, കീഴടങ്ങി. കുറച്ചുകാലം കഴിഞ്ഞ്  തരൂർജി ദില്ലിയിൽനിന്നു തലസ്ഥാനത്ത് വിമാനമിറങ്ങി. അതിലൊന്നും കാര്യം ഒതുങ്ങുന്നില്ല. ഇപ്പോൾ മറ്റൊരു 'നയതന്ത്ര'ക്കാരനെ ഇറക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് വാർത്ത. വേണുരാജാമണി ഐ.എ.എസ്. പ്രസിദ്ധ അഭിഭാഷകൻ കെ.എസ്. രാജാമണി  സ്വാമിയുടെ പുത്രൻ. രാജാമണിയോ, സ്വാതന്ത്ര്യ സമരവും മദ്യനിരോധനവും ഒന്നുപോലെ ചുമന്നുനടക്കുന്ന മന്മഥൻ സാറിന്റെ സ്‌നേഹിതൻ കുളത്തു അയ്യരുടെ മകൻ. വേണുജിക്ക് ഇതിൽപരം യോഗ്യതയും പാരമ്പര്യവുമൊന്നും വേണ്ട. പക്ഷേ, മുങ്ങുന്ന വള്ളത്തിലേക്കാണ് ക്ഷണം. മാത്രമല്ല, എമ്മെല്ലേയും മന്ത്രിയുമൊക്കെ ആകാൻ വേണ്ടി ഖദർ ഷർട്ടും മുണ്ടും റെഡിയാക്കി കാത്തിരിക്കുന്നവരുടെ ശാപവും ധാരാളം കിട്ടും. ധർമജൻ ബോൾഗാട്ടി, മദയാന തങ്കപ്പൻ, സലിം കുമാർ, അനാർക്കലി, എസ്തർ ഏലംകുളം തുടങ്ങി അത്യാകർഷകമായ പേരുകൾ ലിസ്റ്റിലുണ്ടത്രേ!
ഭരണം ഒരു പിന്തുടർച്ചയും പങ്കുവയ്ക്കലും ആയി കഴിഞ്ഞ നിലയ്ക്ക്, കൃത്യമായി സ്ഥാനാർഥികളെ നിർത്താൻ ശേഷിയില്ലാത്തവർക്ക് കുറേപ്പേരെ ദാനം ചെയ്തു സഹായിക്കാവുന്നതാണ്. ഉദാഹരണത്തിന് സി.പി.ഐയുടെ കാര്യം. സുനിൽകുമാർ, സി. ദിവാകരൻ തുടങ്ങി എല്ലാ നേതാക്കളും മത്സരരംഗത്തുനിന്ന് ഇക്കുറി 'ഔട്ടാ'ണത്രേ! തന്റെ വളർച്ചയിൽ ആരോ തടസ്സപ്പെടുത്തുന്നുവെന്നു സംശയിക്കുന്നതു ദിവാകരൻ സഖാവ് മാത്രമാണ്. 'പ്രസവിക്കുന്തോറും യൗവ്വനം വർധിക്കുന്നു' എന്ന ആയുർവേദ ലേഹ്യത്തിന്റെ പരസ്യംപോലെ, ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും വർധിക്കുന്ന ദിവാകരൻ സഖാവിന്റെ യൗവ്വനത്തിൽ കാനം രാജേന്ദ്രൻ സഖാവ് അസൂയാലു ആയിരിക്കാനാണ് സാധ്യത. രണ്ടുപേരും സ്റ്റേറ്റ് കൗൺസിൽഓഫീസിൽ കണ്ടാൽപോലും രണ്ടു വാതിലുകളിലൂടെ പിരിയുന്നതാണ് ആചാരം. സി.പി.എമ്മിന്റെ ചെലവിലാണ് സി.പി.ഐ ജീവിച്ചുപോരുന്നതെന്ന ആക്ഷേപം കണക്കിലെടുത്താൽ കുറച്ചു സ്ഥാനാർഥികളെ കടംകൊടുത്തു സഹായിക്കാവുന്നതേയുള്ളൂ.
 

Latest News