Sorry, you need to enable JavaScript to visit this website.

കോവിഡ് പ്രതിരോധത്തിൽ മാതൃക സൃഷ്ടിച്ച് സൗദി അറേബ്യ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക രാജ്യങ്ങൾക്കുതന്നെ മാതൃകയാണ് സൗദി അറേബ്യ. എല്ലാ നിലയിലും വൻ ശക്തികളെന്ന് അവകാശപ്പെടുന്ന രാജ്യങ്ങളെക്കാളും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സൗദി അറേബ്യ ഒരു പടി മുന്നിലാണ്. സർക്കാരിന്റെ ചടുലമായ പ്രവർത്തനങ്ങളും, കർശനമായ നിയന്ത്രണങ്ങളും, ജനങ്ങളുടെ സഹകരണവുമാണ് ഇതിനു സൗദിയെ പ്രാപ്തരാക്കിയത്. ഇന്നും പല രാജ്യങ്ങൾക്കും കോവിഡ് രോഗ വ്യാപനത്തെ വേണ്ടവിധത്തിൽ ചെറുക്കാനായിട്ടില്ല. ഇതുമൂലം ഒരു വർഷത്തിലേറെയായി ജനങ്ങൾ പൊറുതിമുട്ടിയാണ് കഴിയുന്നത്. ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യം പല രാജ്യങ്ങളിലും നിലനിൽക്കുകയാണ്. അതേസമയം ഗൾഫ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് സൗദി അറേബ്യയിലെ ജനജീവിതം നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുതന്നെ സാധാരണ നിലയിലേക്കു ഏതാണ്ടു മടങ്ങി കഴിഞ്ഞു. രാജ്യാന്തര യാത്രക്കുള്ള നിയന്ത്രണങ്ങളും മറ്റും ചെറിയ തോതിലുള്ള പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അതുമായി പൂർണമായും സഹകരിക്കുന്ന നിലയിലേക്ക് ജനങ്ങൾ മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ സൗദി അറേബ്യക്ക് അഭിമാനത്തോടെ  തല ഉയർത്തി നിൽക്കാം. 
രോഗമുക്തി നിരക്കിൽ സൗദി അറേബ്യ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും മുന്നിലാണ്. 97.6 ശതമാനമാണ് സൗദിയുടെ രോഗമുക്തി നിരക്ക്. അതേസമയം അമേരിക്കയിൽ രോഗമുക്തി നിരക്ക് 67.8 ശതമാനവും ബ്രിട്ടനിൽ 71.8 ശതമാനവുമാണ്. ഗൾഫ് രാജ്യങ്ങളിൽ രോഗമുക്തി നിരക്കിൽ രണ്ടാം സ്ഥാനത്തുള്ള യു.എ.ഇയിൽ 97 ശതമാനമാണ്.  94 ശതമാനവുമായി ബഹ്‌റൈനും 93.9 ശതമാനവുമായി ഖത്തറും 93.8 ശതമാനവുമായി കുവൈത്തും 93.6 ശതമാവുമായി ഒമാനും തൊട്ടുപിന്നിലുണ്ട്. ഗൾ രാജ്യങ്ങളെല്ലാം അനധികൃത താമസക്കാരാൽ ഏറെ പ്രയാസം അനുഭവിക്കുന്നവരാണ്. 
ലക്ഷക്കണക്കിന് താഴെക്കിടയിലുള്ള സാധാരണക്കാരായ തൊഴിലാളികളും ഈ  രാജ്യങ്ങളിലുണ്ട്. അവർക്കെല്ലാം ഒരു പോലെ സൗജന്യമായി ചികിത്സ ലഭ്യമാക്കിയും ബോധവൽക്കരണം നടത്തിയും അവരുടെ താമസ കേന്ദ്രങ്ങളിൽ നിരന്തരം പരിശോധനകൾ നടത്തിയും ആവശ്യമായ നടപടികൾ സ്വീകരിച്ചുമെല്ലാമാണ് ഈ നേട്ടം കൈവരിച്ചത്. സ്വദേശി വിദേശി വ്യത്യാസമില്ലാതെ ചികിത്സ ലഭ്യമാക്കിയിരുന്നു. ഇപ്പോൾ വാക്‌സിൻ വിതരണവും സൗജന്യമായി ഊർജിതമായാണ് നടത്തുന്നത്. ആറു ഗൾഫ് രാജ്യങ്ങളിലായി ഇതിനകം 71,74,915 ഡോസ് കൊറോണ വാക്‌സിൻ വിതരണം ചെയ്തതായി ഗൾഫ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ കണക്കുകൾ സൂചിപ്പിക്കുന്നു. മാർച്ച് ഒന്നുവരെയുള്ള കണക്കുകൾ പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ഇതുവരെ 13,92,121 പേർക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇതിൽ 13,32,962 പേർ രോഗമുക്തി നേടി. 11,108 പേർ മരണമടഞ്ഞു. ഇതിൽ സൗദിയിലെ രോഗബാധിതർ 3,78,002ഉം രോഗ ശാന്തി ലഭിച്ചവർ 3,68,926 ഉം ആണ്. 6505 പേരാണ് മരിച്ചത്. 
സൗദിയിൽ കൊറോണ സ്ഥിരീകരിച്ച് ഒരു വർഷം പിന്നിടുമ്പോഴുള്ള കണക്കുകളാണിത്. ഒരു വർഷം കൊണ്ട് രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ സൗദി അറേബ്യക്ക് വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞുവെന്നതാണ് ഇതു സൂചിപ്പിക്കുന്നത്. 2020 മാർച്ച് രണ്ടിനാണ് സൗദിയിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. ഇറാനിൽ നിന്ന് കിഴക്കൻ പ്രവിശ്യയിൽ തിരിച്ചെത്തിയ സൗദി പൗരനാണ് രാജ്യത്ത് ആദ്യമായി കൊറോണബാധ സ്ഥിരീകരിച്ചത്. അതിനു ശേഷം രോഗികളുടെ എണ്ണത്തിൽ വൻ വർധനയായിരുന്നു. 2020 ജൂണിൽ പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരത്തോളം ആയി ഉയർന്നിരുന്നു. ഈ വർഷമാദ്യം അത് 82 വരെയായി കുറഞ്ഞു. 
പിന്നീട് രണ്ടാം വരവോടെ അത് 400 ഓളം വരെയായെങ്കിലും മുന്നൂറിന് അടുത്തവരെയായി അതു പിടിച്ചു നിർത്താൻ സൗദിക്കായി. രാജ്യം സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഫലമായാണ് കുതിച്ചുയരാൻ തുടങ്ങിയ കേസുകളെ പിടിച്ചു നിർത്താൻ സാധിച്ചത്. ഇതോടൊപ്പം കോവിഡ് വാക്‌സിൻ യജ്ഞം ശക്തമായി ആരംഭിക്കാനും രാജ്യത്തിനായി.  ഇതുവരെ 8,85,000 ലേറെ ഡോസ്  വാക്‌സിൻ വിതരണം ചെയ്തു. രാജ്യവ്യാപകമായി വാക്‌സിൻ സെന്ററുകൾ തുറന്ന് അതിവേഗമാണ് വാക്‌സിൻ വിതരണം നടത്തുന്നത്. ഇതിനകം 350 ൽ ഏറെ സെന്ററുകൾ തുറന്നിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിലെ ജീവനക്കാർക്ക് വാക്‌സിൻ വിതരണം  ഏതാണ്ട് പൂർത്തിയായി. ഇതോടൊപ്പം അടിയന്തര പ്രാധാന്യം നൽകേണ്ട വിഭാഗങ്ങളിൽപെട്ടവർക്കും മുൻഗണന നൽകിയാണ് വാക്‌സിൻ നൽകി വരുന്നത്. സിഹതീ ആപ്പ് വഴി രജിസ്റ്റർ ചെയ്തിരിക്കുന്ന മറ്റു വിഭാഗത്തിൽപെട്ടവർക്കും മുൻഗണനാ ക്രമത്തിൽ വാക്‌സിൻ നൽകിവരികയാണ്. വാക്‌സിൻ വിതരണം എളുപ്പമാക്കുന്നതിനും വരുന്നവരുടെ സൗകര്യാർഥവും ഡ്രൈവ് ത്രൂ വാക്‌സിൻ സെന്ററുകളും രാജ്യത്ത് തുറന്നിട്ടുണ്ട്. ഇപ്പോൾ നാലിടത്ത് തുറന്നിട്ടുള്ള ഇത്തരം സെന്ററുകൾ മറ്റിടങ്ങളിലേക്കും താമസിയാതെ വ്യാപിപ്പിക്കും. ഇങ്ങനെ എല്ലാ നിലക്കും കോവിഡ് വ്യാപനം തടയുന്നതിന് അതിശക്തമായ നടപടികളാണ് സൗദി അറേബ്യ സ്വീകരിച്ചുവരുന്നത്. രാജ്യത്തെ കോവിഡ് മുക്തമാക്കുന്നതുവരെ ഈ യജ്ഞം തുടരുമെന്ന പ്രതിജ്ഞയുമായാണ് ഭരണകർത്താക്കൾ നീങ്ങുന്നത്. 
അതിനിടെ സൗദിയിൽ ആദ്യമായി കൊറോണ വൈറസ്ബാധ കണ്ടെത്തിയ മാർച്ച് രണ്ട് 'ആരോഗ്യ രക്തസാക്ഷി' ദിനമായി ആചരിക്കാനും രാജ്യം തീരുമാനിച്ചു. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ രാജ്യത്തെ പൗരന്മാരുടെ  ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിന് ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്നവർ നൽകിയ സേവനം മാനിച്ചും ജോലിക്കിടെ രോഗം ബാധിച്ച് ജീവൻ വെടിയേണ്ടിവന്നവരോടുള്ള കടപ്പാട് രേഖപ്പെടുത്തിയും അവരുടെ ഓർമ എന്നും നിലനിർത്തുന്നതിനുവേണ്ടിയുമാണ് എല്ലാ വർഷവും മാർച്ച് രണ്ട് 'ആരോഗ്യ രക്തസാക്ഷി' ദിനമായി ആചരിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.  
രക്തസാക്ഷികളോടുള്ള ആദരവിനു പുറമെ അവരുടെ കുടുംബങ്ങൾക്കുള്ള മാനസിക, സാമൂഹിക പിന്തുണ കൂടിയാണ് ഈ ദിനാചരണത്തിലൂടെ സൗദി നടത്തുന്നത്. 16 ഇന്ത്യക്കാരുൾപ്പെടെ 14 രാജ്യങ്ങളിൽനിന്നുള്ള 186 ആരോഗ്യ വകുപ്പ് ജീവനക്കാരാണ് കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം പിടിപെട്ട് മരിച്ചത്. ഇതിൽ 35 പേർ സ്വദേശികളാണ്. 
ഇങ്ങനെ നിരവധി പേരുടെ ജീവൻ മരണ പോരാട്ടത്തിന്റെയും സൂക്ഷ്മതയുടേയും ഭരണകർത്താക്കളുടെ കാര്യക്ഷമതയുടെയും ഫലമായാണ് സൗദി അറേബ്യക്ക് മറ്റു രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി കോവിഡ് മഹാമാരിയെ പ്രതിരോധിച്ച് മാതൃകയാവാൻ കഴിഞ്ഞത്.
 

Latest News