Sorry, you need to enable JavaScript to visit this website.

പിണറായിക്കാലത്തെ സമാധാനം

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ആദ്യ ടേം പൂർത്തിയാക്കാറായി. ചില ടെലിവിഷൻ ചാനലുകൾ നടത്തിയ സർവേ പ്രകാരം കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ എ.ഐ.സി.സി നേരിട്ട് നടത്തിയ സർവേയിൽ 73 സീറ്റുകളുടെ പിൻബലത്തിൽ യു.ഡി.എഫ് ഭരണത്തിലേറുമെന്നാണ് വ്യക്തമായത്. കേരളത്തിന്റെ പതിവു വെച്ചു നോക്കുമ്പോൾ ഇതിനാണ് സാധ്യത ഏറെയും. 1987ലെ ഇ.കെ നായനാർ ഭരണം നല്ല മതിപ്പുളവാക്കിയ ഒന്നായിരുന്നുവല്ലോ. എന്നിട്ട് നാല് വർഷം തികഞ്ഞപ്പോൾ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ മലപ്പുറമൊഴികെ പതിമൂന്ന് ജില്ലകളിലെ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. അതിൽനിന്ന് ആവേശമുൾക്കൊണ്ട്് കാലാവധി പൂർത്തിയാകാതെ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ യു.ഡി.എഫ് സർക്കാരായിരുന്നു അധികാരത്തിലേറിയത്. 19 സീറ്റിലും യു.ഡി.എഫ് ജയിച്ച പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും അധികമായിട്ടില്ല. പിണറായിക്കാലത്തെ ഏറ്റവും വലിയ നേട്ടമെന്തെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. കണ്ണൂർ ജില്ലയിൽ പൊതുവേയും കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖലയായ നാദാപുരത്തും സമാധാന അന്തരീക്ഷമാണ്. കഴിഞ്ഞ ഏതാനും നവംബർ മാസങ്ങളിൽ തലശ്ശേരിയിലും പരിസരങ്ങളിലുമായി പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ പാവപ്പെട്ട കുടുംബങ്ങൾ അനാഥമാക്കപ്പെട്ടിട്ടില്ല. കൊലപാതക രാഷ്ട്രീയം വിസ്മൃതിയിലായെന്നത് കണ്ണൂർ ജില്ലയെ സംബന്ധിച്ചിടത്തോളം നിസാര നേട്ടമല്ല. ഇതിനായി മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, ശ്രീ എം. തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ആർ.എസ്.എസ്-സി.പി.എം വെടിനിർത്തൽ ചർച്ചകളുണ്ടായെന്നതാണല്ലോ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഒന്നിലേറെ തവണ സിറ്റിംഗുകളുണ്ടായെന്ന് സി.പി.എം പക്ഷത്തുനിന്ന്  സ്ഥിരീകരണമുണ്ടായിട്ടുമുണ്ട്. നല്ല കാര്യം. തലശ്ശേരി-മൈസുരു റെയിൽ പോലുള്ള ദീർഘ കാല സ്വപ്‌നം യാഥാർഥ്യമാക്കാനായില്ലെങ്കിലും അഞ്ച്് വർഷത്തെ ഭരണം ഓർക്കാൻ ഇതു തന്നെ ധാരാളം. 
ഇതുപോലെ പൗരത്വ ബിൽ പോലുള്ള വിഷയങ്ങളിലും പിണറായി സർക്കാർ എതിർപക്ഷത്തെന്ന് ധരിക്കുന്നവരുടെ കൂടി പിന്തുണ കരസ്ഥമാക്കിയിരുന്നുവെന്നത് സ്്മരണീയമാണ്.
പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് എന്ത് സംഭവിക്കുമെന്ന് പറയാറായിട്ടില്ല. സുപ്രീം കോടതിയുടെ പരിഗണനയിലാണ് വിഷയം. മോഡിയും അമിത് ഷായും എന്ത് ഉദ്ദേശിച്ചാണ് നിയമം കൊണ്ടു വന്നതെങ്കിലും കേരളത്തിൽ ഇതുണ്ടാക്കിയ മാറ്റം ചെറുതല്ല. കൊച്ചിയിൽ പത്തും കോഴിക്കോട്ട് രണ്ട് ലക്ഷവും അണി നിരന്ന റാലികൾക്ക് ശേഷമാണ് കേരളം മനുഷ്യ മഹാശൃംഖലയ്ക്ക് സാക്ഷ്യം വഹിച്ചത്. എഴുപത് ലക്ഷം പേർ ഇതിൽ അണി നിരന്നുവെന്നാണ് സി.പി.എം അവകാശപ്പെടുന്നത്. ശരിയാവാനാണ് സാധ്യത. കേരളത്തിൽ ഏറ്റവും ജനകീയാടിത്തറയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം. സി.പി.എമ്മിന്റെ പരിപാടിയിൽ അണിനിരന്ന എഴുപത് ലക്ഷവും വോട്ടുകളായി മാറിയത് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പിടിക്കാൻ സഹായകമായിട്ടുണ്ടാവും. മിക്കവാറും ഭരണതുടർച്ചയ്ക്കുള്ള സാധ്യതയുമാണ് തെളിഞ്ഞു വരുന്നത്. 
അതെന്തോ ആവട്ടെ. മുസ്‌ലിം ലീഗിന് പിന്നിൽ അടിയുറച്ചു നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്ത. കേരളത്തിലെ മുസ്‌ലിംകളിൽ സിംഹ ഭാഗവും സുന്നികളാണ്. പിൽക്കാലത്ത് വന്ന പ്രസ്ഥാനങ്ങളുടെ സ്വാധീനം വളരെ കുറച്ചു പ്രദേശങ്ങളിലേയുള്ളു. സുന്നികളിൽ കാന്തപുരം വിഭാഗം കുറച്ചു കാലമായി എൽ.ഡി.എഫിന്റെ ഘടകകക്ഷി പോലെയാണ്. അപൂർവം ചില ഘട്ടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് ഈ വോട്ടുകൾ ലഭിക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സമസ്ത എന്നും ലീഗിനൊപ്പമാണെങ്കിലും  പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. സമസ്തയും അനുബന്ധ സംഘടനകളും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ്. മുസ്‌ലിംലീഗ് മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമായി അടവു നയം സ്വീകരിച്ചപ്പോൾ അതിനെ ശക്തമായി പ്രതിരോധിച്ച സംഘടന കൂടിയാണ് സമസ്ത. ലീഗിന്റെ ഈ വലിയ വോട്ടു ബാങ്കിലാണ് ഇടതുപക്ഷമിപ്പോൾ വിള്ളൽ വീഴ്ത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ തന്നെ കൂടുതൽ മദ്രസകൾ സമസ്തയുടെ കീഴിലാണ്. ഏറ്റവും കൂടുതൽ മദ്രസകളുള്ള വലിയ മുസ്‌ലിം സാമുദായിക സംഘടനയാണ് സമസ്ത. മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും ശക്തമായ വോട്ടുബാങ്കാണ് സമസ്ത. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ എ.പി സുന്നിവിഭാഗം സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും പിന്തുണയ്ക്കുമ്പോഴും മലപ്പുറത്ത് ലീഗ് കോട്ടകൾ കാത്തിരുന്നത് സമസ്തയുടെ കരുത്തിനാലാണ്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റുമാരാകുന്ന പാണക്കാട് തങ്ങൾ കുടുംബത്തിന്റെ, ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വം അംഗീകരിക്കുന്ന സംഘടനയാണ് സമസ്ത. സമസ്തയുടെ കീഴിലുള്ള വിവിധ സംഘടനകളുടെ തലപ്പത്തും തങ്ങൾ കുടുംബത്തിൽ നിന്നുള്ളവരാണുള്ളത്.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ സി.പി.എമ്മുമായി യോജിച്ച പ്രക്ഷോഭം വേണ്ടെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ ശക്തമായാണ് സമസ്ത എതിർത്തിരുന്നത്.  പിണറായിയെയും സി.പി.എമ്മിനെയും അംഗീകരിക്കാതിരുന്ന സമസ്തയാണ് മലപ്പുറത്ത് നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയിൽ സജീവ സാന്നിധ്യമായത്. പിണറായി ഉദ്ഘാടകനായപ്പോൾ അധ്യക്ഷത വഹിച്ചത് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളായിരുന്നു. കേരളത്തിലെ മുസ്‌ലീങ്ങൾ ഉൾപ്പെടെയുള്ളവർക്കുണ്ടായ ആശങ്ക അകറ്റാൻ മുഖ്യമന്ത്രി തയാറായത് പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. 
പിണറായിയുടെ കാലഘട്ടത്തിൽ അത്യപൂർവമായ സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോയത്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ പ്രളയത്തിന് സംസ്ഥാനം സാക്ഷ്യം വഹിച്ചു. ചാലക്കുടിയും ആലുവയും ചെങ്ങന്നൂരും പ്രാണനും കൊണ്ട് പിടയുന്നത് നാം കണ്ടു. മഴക്കാലത്തിനൊപ്പം ദുരിതം തുടങ്ങിയ കുട്ടനാട്ടിൽ വെള്ളപ്പൊക്കവും നാശം വിതച്ചു. 
കോഴിക്കോട്ടും മലപ്പുറത്തും മണ്ണിടിച്ചിലിൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചു. വയനാട്ടിലെ ബാണാസുര സാഗറിന്റെ പരിസരത്തെ ഗ്രാമങ്ങളും ടൗണുകളും മുങ്ങി. മലയാളി ഒറ്റ മനസ്സോടെ പ്രകൃതി ദുരന്തത്തെ നേരിടാൻ ഇറങ്ങി. മുന്നൂറ് കിലോ മീറ്ററിലേറെ യാത്ര ചെയ്ത് മലപ്പുറത്തെ യുവാക്കൾ ചെങ്ങന്നൂരിൽ രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. ജാതി, മത, രാഷ്ട്രീയ വ്യത്യാസം മറന്ന് കേരളീയർ തോളോട് തോളുരുമ്മി രംഗത്തിറങ്ങിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കപ്പിത്താനായി മാറി പതിനായിരങ്ങൾക്ക് ആശ്വാസം പകർന്നു. മാധ്യമങ്ങളുടെ പരിലാളനയേറ്റ് വളർന്ന രാഷ്ട്രീയക്കാരനല്ല പിണറായി. കമ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ അത്തരമൊരു നേതാവ് വേറെയില്ലതാനും. കടക്കു പുറത്ത് എന്ന് പിണറായി പറഞ്ഞുവെന്ന് ആക്ഷേപിച്ച് കോലാഹലമുണ്ടാക്കിയവരുണ്ട്. എന്നാൽ ഒരാവശ്യം വന്നപ്പോൾ നിത്യേന രണ്ട് പ്രസ് ബ്രീഫിംഗ് നടത്തിയ മുഖ്യമന്ത്രിയെയും മലയാളികൾ കണ്ടു. 
കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കണ്ണൂർ ജില്ലയിൽ ഉൾപ്പെടെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചായിരുന്നു ആദ്യമായി ദേശീയ തലത്തിൽ പിണറായി സർക്കാറിനെതിരെ കടുത്ത രാഷ്ട്രീയ നീക്കം സംഘപരിവാർ നടത്തിയിരുന്നത്. കേരളത്തിന് പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കാല്  കുത്തിക്കില്ലെന്ന പ്രഖ്യാപനവും പ്രതിഷേധവും ദേശീയ മാധ്യമങ്ങളിലും ചൂടുള്ള ചർച്ചാ വിഷയമായി. മധ്യപ്രദേശിലും രാജസ്ഥാനിലും ദൽഹിയിലും ഉൾപ്പെടെ പിണറായിക്കെതിരെ കാവിപ്പട പ്രതിഷേധവുമുയർത്തി. ബ്രണ്ണൻ കോളേജിലെ ഊരിപ്പിടിച്ച വാളെന്ന മംഗലാപുരം പ്രസംഗം ശ്രദ്ധേയമായത് ഇത്തരമൊരു സാഹചര്യത്തിലാണ്. വെല്ലുവിളികൾ ശക്തമായപ്പോഴും നിലപാടിൽ വിട്ടുവീഴ്ച ചെയ്യാതെയായിരുന്നു മുഖ്യമന്ത്രിയുടെ യാത്രകൾ. കണ്ണൂരിൽ എത്തിയ അമിത് ഷാ പോലീസ് നടപടിയെ രൂക്ഷമായി വിമർശിക്കുകയും സർക്കാറിനെ വലിച്ച് താഴെ ഇടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആർ.എസ്.എസ് - ബി.ജെ.പി അണികൾക്ക് അമിത് ഷായുടെ പ്രസംഗം ആവേശം പകർന്നിരുന്നു. വൈകാതെ എത്തി പിണറായിയുടെ മറുപടി- ഭീഷണി ഗുജറാത്തിൽ മതിയെന്ന്. 'ഈ സർക്കാറിനെ വലിച്ച് താഴെ ഇടാനുള്ള തടി അമിത് ഷാക്ക് ഇല്ലെന്നും' രൂക്ഷമായ ഭാഷയിൽ പിണറായി തുറന്നടിച്ചു.
1971ലെ തലശ്ശേരി കലാപം നടന്നിട്ട് അര നൂറ്റാണ്ടായി. കേരളത്തിലെ ആദ്യ ആസൂത്രിത വർഗീയ കലാപമായിരുന്നു അത്. അതേവരെ ശാന്തമായിരുന്ന തലശ്ശേരിയും പരിസര പ്രദേശങ്ങളും സംഘർഷത്തിന്റെ പിടിയിലമരുന്നത് തുടർന്നുള്ള വർഷങ്ങളിലാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചത് സി.പി.എമ്മാണെന്നും അതിനാലാണ് ആർ.എസ്.എസ് സി.പി.എം പ്രവർത്തകരെ നോട്ടമിട്ടതെന്നും മുതിർന്ന നേതാവ് പി.ജയരാജൻ പറയുന്നു. ഏത് നിലയ്ക്കായാലും സിപി.എം-ആർ.എസ്.എസ് സംഘർഷം എന്നെന്നേക്കുമായി  ഇല്ലാതാവുന്നത് വടക്കേ മലബാറിൽ ഐശ്വര്യത്തിന്റെ പുലരികൾക്ക് വഴിയൊരുക്കും. കേരളത്തിന്റെ പതിവനുസരിച്ച് ആളുകൾ മറുപക്ഷത്തിന് വോട്ട് ചെയ്ത് യു.ഡി.എഫാണ് അധികാരത്തിലേറുന്നതെങ്കിലും ഇപ്പോഴത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാ കക്ഷികളും ജാഗ്രത പുലർത്തേണ്ടതുണ്ട്. 

Latest News