Sorry, you need to enable JavaScript to visit this website.

മാർച്ച് മാസം മലനിരകളിൽ ആസ്വദിക്കാം; ടൂറിസ്റ്റുകളെ ക്ഷണിച്ച് റാസൽഖൈമ

റാസൽഖൈമ മലനിരകളിലൂടെ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരി.

റാസൽഖൈമ- തണുപ്പിൽനിന്ന് ഉണർന്ന യു.എ.ഇ ടൂറിസം മേഖലയിലും ഉണരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ടൂറിസം പ്രചാരണത്തിന്റെ ഭാഗമായി റാസൽഖൈമ തങ്ങളുടെ മലനിരകളിലെ നീർച്ചാലുകളിലേക്കും സാഹസിക സഞ്ചാരങ്ങളിലേക്കും വിനോദ യാത്രികരെ ക്ഷണിക്കുകയാണ്. തണുപ്പിന് ശമനം വന്നെങ്കിലും പൂർണമായും വിട്ടുമാറിയിട്ടില്ല. ഈ കാലാവസ്ഥ വിനോദ സഞ്ചാരത്തിന് ഏറ്റവും മികച്ചതാണെന്ന് റാസൽഖൈമ ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പരസ്യവാചകങ്ങളിൽ വ്യക്തമാക്കി. സുരക്ഷിതമായും സന്തോഷത്തോടെയും മാർച്ച് മാസം റാസൽഖൈമയിൽ വിനോദ സഞ്ചാരം നടത്താമെന്നാണ് ടൂറിസം അതോറിറ്റിയുടെ അവകാശവാദം. 
പ്രകൃതി സ്‌നേഹികൾക്ക് ആശ്വാസവും സന്തോഷവും പകരുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. സാഹസിക സഞ്ചാരികൾക്കും ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും ഇഷ്ടമുള്ള പ്രദേശമാണിത്. മനോഹരമായ സൂര്യാസ്തമയം ആസ്വദിക്കാനും പ്രകൃതിരമണീയമായ നീർച്ചാലുകളിൽ കുളിക്കാനും നല്ല ചിത്രങ്ങളെടുക്കാനും ധാരാളം പേരാണ് റാസൽഖൈമയിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഉയരങ്ങളിലെ സ്വർഗമെന്ന് വിശേഷിപ്പിക്കുന്ന യു.എ.ഇയിലെ വിനോദ സഞ്ചാര കേന്ദ്രമാണ് റാസൽഖൈമ. ശൗഖ, ശഹബ താഴ്‌വരകളിലേക്ക് വിനോദസഞ്ചാരികൾ ധാരാളമായി വന്നുതുടങ്ങിയിട്ടുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിയമങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിനോദ സഞ്ചാരം. യാത്രക്കാർക്കായി പ്രത്യേകം ഗൈഡുകളും ഇവിടെയുണ്ട്. യോഗ പരിശീലകരുടെ സാന്നിധ്യം പ്രകൃതിയോട് ഇണങ്ങി ശാന്തമായി വളരെ നേരം ചെലവഴിക്കാൻ യാത്രക്കാരെ സഹായിക്കുന്നു.
 

Tags

Latest News