അപരാജിതമായ 40 കളികളുടെ ആവേശത്തിരയിലായിരുന്ന റയൽ മഡ്രീഡിന് എന്തു പറ്റി? കഴിഞ്ഞ നാലു കളികളിൽ മൂന്നിലും അവർക്ക് അടിതെറ്റി. സ്പാനിഷ് കോപ ദെൽറേ ക്വാർട്ടറിൽ സെൽറ്റവീഗോക്കു മുന്നിൽ അടിതെറ്റിയതാണ് അതിൽ ഏറ്റവും അമ്പരപ്പിച്ചത്. കോച്ച് സിനദിൻ സിദാനു മുന്നിൽ 2017 പിറന്നത് മധുരമായല്ല. ചുമതലയേറ്റ ശേഷം ആദ്യമായി സിദാന്റെ തന്ത്രങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. കോച്ചായ ആദ്യ വർഷം ഏതാണ്ട് പൂർണതയുള്ളതായിരുന്നു ഫ്രഞ്ചുകാരന്റെ തന്ത്രങ്ങൾ. യൂറോപ്യൻ ചാമ്പ്യൻസ് ലീഗും യുവേഫ സൂപ്പർ കപ്പും ക്ലബ് ലോകകപ്പും ജയിക്കുകയും ചെയ്തു. ആദ്യ വർഷം സിദാന്റെ ടീം തോറ്റത് വെറും രണ്ടു തവണ മാത്രം.
എന്നാൽ ഈ വർഷം ആദ്യ മാസം തന്നെ റയൽ രണ്ടു തോൽവി വഴങ്ങി. സെവിയയോട് സ്പാനിഷ് ലീഗിലും സെൽറ്റയോട് കോപ ദെൽറേയിലും. ലീഗിൽ ആറ് പോയന്റിന് വരെ മുന്നിലായിരുന്ന റയലിന് ഇപ്പോൾ ഒരൊറ്റ പോയന്റിന്റെ മുൻതൂക്കമേയുള്ളൂ.
മൂന്നു തോൽവികൾക്കും സിദാനെ കുറ്റപ്പെടുന്നത് പൂർണമായും ന്യായീകരിക്കപ്പെടില്ല. അവസാന അഞ്ചു മിനിറ്റിലാണ് സെവിയ രണ്ടു തവണ നിറയൊഴിച്ചത്. ഏപ്രിലിനു ശേഷം റയലിന്റെ ആദ്യ തോൽവിയായിരുന്നു ഇത്. ലീഗ് പോയന്റ് പട്ടികയിൽ ബാഴ്‌സലോണക്ക് മുന്നിലുള്ള സെവിയയോട് അവരുടെ ഗ്രൗണ്ടായ സാഞ്ചസ് പിസുയാനിൽ തോൽക്കുന്നത് അത്ര നാണക്കേടുമല്ല. സെൽറ്റവീഗോയും മികച്ച സീസണാണ് ആഘോഷിക്കുന്നത്. പരിക്കു കാരണം ഏഴ് മുൻനിര താരങ്ങളില്ലാതെയാണ് സെൽറ്റക്കെതിരെ റയൽ കളിച്ചത്.
എന്നാൽ മൂന്ന് തിരിച്ചടികളും മാലഗക്കെതിരായ നിറംകെട്ട 2-1 വിജയവും റയലിന്റെ കോട്ടയിലെ വിള്ളലുകളാണ് പുറത്തു കൊണ്ടുവന്നത്. മാലഗക്കെതിരായ കളിയിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയെ സ്വന്തം കാണികളിൽ ചിലർ തന്നെ കൂക്കിവിട്ടു. റയലിനെ വീണ്ടും ട്രാക്കിൽ കയറ്റുകയെന്ന യത്‌നം സിദാന്റെ ചെറിയ കോച്ചിംഗ് കരിയറിലെ ആദ്യത്തെ പ്രധാന വെല്ലുവിളിയാണ്. ടീം തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് സിദാൻ പ്രഖ്യാപിച്ചു.
എന്നാൽ ആത്മവിശ്വാസക്കുറവ് റയലിനെ ഒരിക്കലും ബാധിച്ചിട്ടില്ല. അപരാജിതമായ 40 തുടർ മത്സരങ്ങളുടെ ഘട്ടത്തിൽ പലതവണ അവർ തോൽവിയുടെ വക്കിൽനിന്ന് തിരിച്ചുവന്നിട്ടുണ്ട്. പലതവണ അവസാന വേളയിലാണ് അവർ ഗോളടിച്ചത്. ബുധനാഴ്ച സെൽറ്റക്കെതിരെയും രണ്ടു തവണ അവർ ഗോൾ തിരിച്ചടിച്ച് പ്രതീക്ഷയുണർത്തി. എന്നാൽ സമീപകാല ചരിത്രമാണ് റയൽ ആരാധകരെ ആശങ്കപ്പെടുത്തുന്നത്. റയലും ബാഴ്‌സലോണയും ഇതുപോലുള്ള അപരാജിത കുതിപ്പിനു ശേഷം വൻ തകർച്ച നേരിട്ടിട്ടുണ്ട്. 2014-15 സീസണിൽ കാർലൊ ആഞ്ചലോട്ടി പരിശീലിപ്പിച്ച റയൽ 22 കളികളിൽ പരാജയമറിഞ്ഞിരുന്നില്ല. ക്ലബ് ലോകകപ്പിൽ ചാമ്പ്യന്മാരുമായി. എന്നാൽ ഇതുപോലെ ജനുവരിയിലുണ്ടായ തിരിച്ചടിയിൽനിന്ന് അവർക്ക് എളുപ്പം കരകയറാനായില്ല. പുതുവർഷത്തിലെ ആദ്യ കളിയിൽ വലൻസിയയോട് 1-2 ന് തോറ്റാണ് തുടങ്ങിയത്. തൊട്ടുപിന്നാലെ അത്‌ലറ്റിക്കൊ മഡ്രീഡിനോട് തോറ്റ് കോപ ദെൽറേയിൽനിന്ന് പുറത്തായി. 2015 ലേതു പോലെ ക്ലബ് ലോകകപ്പ് നേടിയാണ് ഇത്തവണയും റയൽ ക്രിസ്മസ് അവധിക്കു പിരിഞ്ഞത്. തിരിച്ചുവന്നയുടനെ ട്രിപ്പിൾ കിരീടമെന്ന മോഹത്തിന് തിരിച്ചടിയേറ്റു.
കഴിഞ്ഞ വർഷമാണ് ബാഴ്‌സലോണ സമാനമായ തിരിച്ചടി വാങ്ങിയത്. തുടർച്ചയായി 39 കളികളിൽ പരാജയപ്പെടാതെ റെക്കോർഡിട്ട ബാഴ്‌സലോണ പിന്നീട് തുടർച്ചയായി മൂന്ന് ലീഗ് മത്സരങ്ങൾ തോറ്റു. 13 വർഷത്തിനിടെ ആദ്യമായാണ് തുടർച്ചയായ മൂന്നു കളികളിൽ അവർക്ക് തോൽവി പിണയുന്നത്. അതിനു പിന്നാലെ അത്‌ലറ്റിക്കോക്കു മുന്നിൽ അടി തെറ്റി ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായി.
സിദാന്റെ ടീമിന് ലീഗിലും ഇനിയും പകുതിയോളം ദൂരം താണ്ടാനുണ്ട്. ഫെബ്രുവരിയിൽ മാത്രം നാല് എവേ മത്സരങ്ങൾ കളിക്കണം. 1990 നു ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ ടീമാവുകയെന്ന അവരുടെ ലക്ഷ്യവും വൻ വെല്ലുവിളി നേരിടുകയാണ്. ഉജ്വല ഫോമിലുള്ള നാപ്പോളിയുമായുള്ള കളി മൂന്നാഴ്ച അരികിലാണ്. അതു പരിഗണിക്കുമ്പോൾ ബുധനാഴ്ചത്തെ തോൽവി റയലിന് ഉർവശീ ശാപം പോലെയാവും. സെൽറ്റയോട് ജയിച്ചിരുന്നുവെങ്കിൽ കോപ ദെൽറേയിൽ അടുത്തയാഴ്ച രണ്ടു പാദ സെമികൾ കൂടി കളിക്കേണ്ടി വരുമായിരുന്നു റയലിന്. തോറ്റതോടെ നാപ്പോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുമ്പ് കളിക്കാർക്ക് ആവശ്യത്തിന് വിശ്രമം കിട്ടും. സ്പാനിഷ് ലീഗിലോ ചാമ്പ്യൻസ് ലീഗിലോ തോൽവി സംഭവിക്കുന്നതിനെക്കാൾ നല്ലതാണ് കോപ ദെൽറേയിലെ തോൽവിയെന്ന് റയൽ നായകൻ സെർജിയൊ റാമോസും പറയുന്നു.






