കോഴിക്കോട് - ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കരുത്തായ രാഹുൽ ഘടകം നിയമസഭയിൽ തിരിഞ്ഞുകുത്തുമോ? രാഹുലിനെയും പ്രിയങ്കയെയും ഇറക്കി കേരളം പിടിക്കാനൊരുങ്ങുന്ന യു.ഡി.എഫിന് മുമ്പിൽ ഉയരുന്ന ചോദ്യമിതാണ്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ മൂന്നിലും കോൺഗ്രസും സി.പി.എമ്മും തമ്മിൽ പരസ്യ സഖ്യത്തിലാവുകയും ഇവിടെ രാഹുലും പ്രിയങ്കയും താരപ്രചാരകരാവുകയും ചെയ്യുമ്പോഴാണ് കേരളത്തിൽ ഇവരെ പരമാവധി ഇകഴ്ത്താൻ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. കേരളത്തിന് പുറത്ത് എല്ലായിടത്തും ബി.ജെ.പിയെ നേരിടാൻ സി.പി.എം. കാണുന്ന സ്വാഭാവിക സഖ്യകക്ഷി കോൺഗ്രസാണ്. എന്നാൽ കേരളത്തിലെ സി.പി.എം. നേതാക്കൾക്ക് രാഹുൽ ഗാന്ധി ബി.ജെ.പിയോട് മൃദു സമീപനക്കാരനാണ്.
ബി.ജെ.പിക്ക് കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പണ്ടില്ലാത്ത താൽപര്യം ഉണ്ടായതിന് പിന്നിലെ ഘടകങ്ങളിലൊന്ന് രാഹുലിന്റെ സാന്നിധ്യമാണ്. യു.പിയിലെ അമേത്തിയിൽ രാഹുലിനെ ബി.ജെ.പി തോൽപിച്ചപ്പോൾ കേരളത്തിൽനിന്ന് നാലര ലക്ഷം വോട്ട് ഭൂരിപക്ഷത്തിൽ അദ്ദേഹം ലോക്‌സഭയിലെത്തി. ഇപ്പോൾ ദേശീയതലത്തിൽ കേരളം രാഹുലിന്റെ കൂടി സംസ്ഥാനമാണ്. കേരളത്തിലെ യു.ഡി.എഫിന്റെ തോൽവി രാഹുലിന്റെ തോൽവി കൂടിയായി വ്യാഖ്യാനിക്കപ്പെടും. യു.ഡി.എഫ് വിജയിച്ചാൽ രാഹുലിന് പിടിവള്ളിയാവുകയും ചെയ്യും.
കേരളം നേടുകയെന്ന ലക്ഷ്യം 2021ൽ ബി.ജെ.പിക്കില്ല. ഇടതുപക്ഷമാണോ കോൺഗ്രസാണോ ജയിക്കേണ്ടതെന്ന് തീരുമാനിക്കാൻ ബി.ജെ.പിക്ക് കഴിയുകയും ചെയ്യും. ബി.ജെ.പിയുടെ ഈ ചിന്ത മുതലെടുക്കാനാണ് സി.പി.എം ഇപ്പോൾ കരുനീക്കുന്നത്. സി.പി.എം - ബി.ജെ.പി വൈരത്തിന്റെ നേട്ടം കൊയ്തു പോന്നത് യു.ഡി.എഫാണെങ്കിൽ ഇനിയത് വേണ്ടെന്ന് ഇവർ തീരുമാനിക്കുകയാണ്. ലോക്‌സഭയിൽ ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്റെ ചാമ്പ്യൻമാരാകാനായിരുന്നു സി.പി.എമ്മും കോൺഗ്രസും മത്സരിച്ചിരുന്നതെങ്കിൽ ശത്രു യു.ഡി.എഫ് തന്നെയെന്ന് സി.പി.എം തിരിച്ചറിയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണായുധമായിരുന്ന ശബരി മലയിൽ സി.പി.എം പൂർണമായി പിൻവാങ്ങിയെന്നതിന്റെ സൂചന നൽകിക്കഴിഞ്ഞു. ശബരി മലയുമായി ബന്ധപ്പെട്ട കേസുകളിൽനിന്ന് ആർ.എസ്.എസുകാർ കൂട്ടത്തോടെ വിടുതൽ നേടുന്നതോടെ ഇടതുപക്ഷത്തോടുള്ള അതൃപ്തി മായുമെന്നാണ് പ്രതീക്ഷ.
2015ൽ ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായ ഏതാനും പഞ്ചായത്തുകളിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയാൻ യു.ഡി.എഫും എൽ.ഡി.എഫും കൈകോർത്തിരുന്നുവെങ്കിൽ 2020ൽ യു.ഡി.എഫിന്റെ പിന്തുണ വേണ്ടെന്ന് എൽ.ഡി.എഫ് തീരുമാനിച്ചു. യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച പഞ്ചായത്ത് പ്രസിഡന്റുമാർ രാജിവെച്ച് ബി.ജെ.പിക്ക് അവസരം ഒരുക്കിക്കൊടുക്കുകയുമുണ്ടായി. ആലപ്പുഴയിലെ ചെന്നിത്തല പഞ്ചായത്തിൽ യു.ഡി.എഫിനേക്കാൾ സീറ്റ് കുറവായ എൽ.ഡി.എഫിന് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചു. ഈ തരത്തിൽ ബി.ജെ.പിയെ അധികാരത്തിലേറുന്നത് തടയുന്നത് ആരാണോ അവരെ നിയമസഭ കാണിക്കാതിരിക്കാൻ ബി.ജെ.പിക്ക് കഴിയുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. ഇരുമുന്നണികളുടെയും ബലാബലമാണ് കേരളത്തിൽ ബി.ജെ.പിക്ക് വളരാൻ അവസരം പരിമിതപ്പെടുത്തുന്നതെന്ന വിശകലനവുമുണ്ട്. പിണറായി വീണ്ടും അധികാരത്തിൽ വരുന്നതോടെ അത് തകരുകയും ബി.ജെ.പിക്ക് അവസരം വരുകയും ചെയ്യുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു.






