ജിദ്ദ- സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സർവീസുകള്‍ മാർച്ച് 31 ന് പൂർണ തോതില്‍ പുനരാരംഭിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം.
സൗദിയുടെ ഔദ്യോഗിക വാർത്താ ഏജന്‍സിയായ എസ്.പി.എയെ ഉദ്ധരിച്ച ജനുവരി ഒമ്പതിന് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാർത്തയാണ് ഇതെന്നറിയാതെയാണ് സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകള്‍ ആരംഭിക്കുമെന്നും എല്ലാ അതിർത്തികളും തുറക്കുമെന്നും പ്രഖ്യാപിച്ചതിനു ശേഷം കോവിഡ് വ്യാപിച്ചതിനെ തുടർന്നാണ് സൗദി അധികൃതർ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.
നിലവില്‍ ഇന്ത്യയടക്കം കോവിഡ് വ്യാപനം തുടരുന്ന 20 രാജ്യങ്ങളില്‍നിന്ന് വരുന്നവർക്ക് സൗദിയിലേക്ക് പ്രവേശനമില്ല. ഈ രാജ്യങ്ങളില്‍നിന്നുള്ളവർ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം താമസിച്ച ശേഷമാണ് ഇപ്പോള്‍ സൗദിയിലേക്ക് വരുന്നത്.







