മോഡിയെ പുകഴ്ത്തിയ ആസാദിന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

ജമ്മു- കോൺഗ്രസ്സിന്റെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി രംഗത്തു വന്നതിൽ പ്രതിഷേധമുയരുന്നു. ജമ്മുവിൽ കോൺഗ്രസ് പ്രവർത്തകർ ആസാദിന്റെ കോലം കത്തിച്ചു. പ്രവർത്തകരുടെ വികാരത്തെ മാനിക്കുന്നുവെന്ന സൂചന നൽകുന്നതായിരുന്നു കോൺഗ്രസ്സിന്റെ ഇതിനോടുള്ള ഔദ്യോഗിക പ്രതികരണം. ആസാദിനെപ്പോലെത്തന്നെ തങ്ങൾ ചിന്തിക്കുന്നത് പ്രകടിപ്പിക്കാൻ പ്രവർത്തകർക്കും അവകാശമുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.

ഇന്ത്യയെപ്പോലുള്ള സ്വാതന്ത്ര്യത്തിന് വിലയുള്ള രാജ്യത്ത് ആസാദിനെപ്പോലൊരാൾക്ക് തന്റെ അഭിപ്രായം പറയാൻ പാടില്ലെന്നും അതിനോട് മറ്റുള്ളവർക്ക് മറുപടി പറയാൻ പാടില്ലെന്നും വരുന്നത് ശരിയല്ലെന്നായിരുന്നു കോൺഗ്രസ് വക്താവ് അഭിഷേക് സിംഘ്‍വിയുടെ വാദം. ഇതൊരു ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. നമുക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും സിംഘ്‍വി പറഞ്ഞു.

പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായ ഷാനവാസ് ചൌധരിയുടെ നേതൃത്വത്തിലായിരുന്നു ജമ്മുവിലെ പ്രതിഷേധം. ആസാദിനെതിരെ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കടന്നുവന്ന വഴി മറക്കാത്തയാളാണെന്നായിരുന്നു ആസാദിന്റെ പുകഴ്ത്തൽ. ഗ്രാമത്തില്‍നിന്ന് വളര്‍ന്നുവന്ന മോഡി, ചായ വിറ്റ് നടന്ന കാലം മറച്ചുവച്ചില്ല. രാഷ്ട്രീയ എതിരാളിയാണെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ജമ്മുവിൽ ഒരു പരിപാടിയിൽ ആസാദ് പറയുകയുണ്ടായി.

രാജ്യസഭയിൽനിന്ന് വിരമിച്ചദിവസം ഗുലാംനബി ആസാദിന് മോഡി കണ്ണീരോടെ യാത്രയയപ്പു നൽകിയിരുന്നു. ഇതിനു ശേഷമാണ് ആസാദിന്റെ മനസ്സലിഞ്ഞുള്ള വാക്കുകൾ പുറത്തുവന്നത്.

Latest News