ന്യൂദല്‍ഹി- കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന തുടരുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനയാണുണ്ടായത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 6112 പുതിയ രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഢില്‍ 259 കേസുകളും പഞ്ചാബില്‍ 383 കേസുകളും മധ്യപ്രദേശില്‍ 297 കേസുകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ മൂവായിരത്തോളം രോഗബാധയാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.
കോവിഡ് ചട്ടങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു.
രാജ്യത്ത് ഇതുവരെ ഒന്നര കോടിയോളം ഡോസ് കോവിഡ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. വാക്സിന് സ്വീകരിക്കുന്നതിന് സന്നദ്ധരായി രണ്ട് ദിവസത്തിനകം 50 ലക്ഷത്തിലേറെ പേര് രജിസ്റ്റര്‍ ചെയ്തതായും മന്ത്രാലയം അറിയിച്ചു.
ഇന്നലെ ഉച്ചവരെ 1.48 കോടി ഡോസ് വാക്സിന് കുത്തിവെച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 60 വയസ്സിനുമുകളിലുള്ളവരും, 45 നും 59 നുമിടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവരിലും വാക്സിനേഷന് ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ഇതുവരെ ഈ വിഭാഗങ്ങളില്‍ 2.08 ലക്ഷം ഡോസ് വാക്സിന് കുത്തിവെച്ചു. രാജ്യത്ത് ആക്ടീവ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും രോഗമുക്തി നിരക്ക് അതിലും വളരെ കൂടുതലായത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
കോവിന്‍ പ്ലാറ്റ്ഫോമിലൂടെയുള്ള വാക്സിനേഷന് രജിസ്ട്രേഷന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് ദിവസത്തിനകം 50 ലക്ഷം പേരാണ് കോവിന്‍ പ്ലാറ്റ്ഫോമിലൂടെ രജിസ്റ്റര്‍ ചെയ്തതെന്ന് വാക്സിനേഷനുമായി ബന്ധപ്പെട്ട ഉന്നത സംഘ തലവന്‍ ആര്.എസ്. ശര്‍മ പറഞ്ഞു. തിങ്കളാഴ്ച മുതലാണ് ഇത്തരത്തില്‍ രജിസ്ട്രേഷന് ആരംഭിച്ചത്.
പ്രധാമന്ത്രിക്കുപിന്നാലെ മുതിര്‍ന്ന മന്ത്രിമാരും സിനിമാതാരങ്ങളുമടക്കമുള്ളവര്‍ കോവിഡ് വാക്സിന് സ്വീകരിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര മന്ത്രി ഹര്ഷവര്ധന് തുടങ്ങിയവര്‍ ഇന്നലെ വാക്സിന് സ്വീകരിച്ചു.






