പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി; മൃതദേഹം വലിച്ചിഴച്ച് തൊലിയുരിഞ്ഞ നിലയില്‍

അലിഗഢ്- ഉത്തര്‍പ്രദേശിലെ അലിഗഢില്‍ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. അലിഗഡിലെ അക്രബാദ് പ്രദേശത്തെ വയലിലാണ് ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വലിച്ചിഴച്ചതിനെ തുടര്‍ന്ന് ശരീരത്തില്‍ പലയിടത്തും തൊലി ഉരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. അന്വേഷണത്തിനായി അഞ്ച് പോലീസ് ടീമുകളെ നിയോഗിച്ച അലിഗഢ് പോലീസ് ചോദ്യം ചെയ്യാനായി 12 പേരെ കസ്റ്റഡിയിലെടുത്തു.

കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.
ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), 302 (കൊലപാതകം),  പോക്‌സോ വകുപ്പുകള്‍ പ്രകാരം പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുത്തശ്ശിക്കൊപ്പം മാത്രം വയലുകളില്‍ പോകാറുണ്ടായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം തനിച്ചാണ് പുറത്തുപോയത്.
ആടുകള്‍ക്കുള്ള തീറ്റ ശേഖരിക്കാനായി പെണ്‍കുട്ടി രാവിലെ 11 മണിയോടെയാണ് വീട്ടില്‍നിന്ന്  ഇറങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.

സന്ധ്യയായിട്ടും തിരിച്ചെത്താതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങിയത്. തെരച്ചിലിനിടെ പ്രദേശവാസിയാണ് ഗോതമ്പ് വയലില്‍ മൃതദേഹം കണ്ടെത്തിയത്.

 

Latest News