Sorry, you need to enable JavaScript to visit this website.

40ഓളം റബർ മരങ്ങൾ തൊലി ചെത്തി നശിപ്പിച്ചു; പിന്നിൽ സി.പി.എമ്മെന്നു പരാതി

ഇരിട്ടി- സി.പി.എം നേതൃത്വത്തിലുള്ള മധ്യസ്ഥത അംഗീകരിക്കാത്തതിന്റെ പേരിൽ റബർ കർഷകന്റെ 40ഓളം റബർ മരങ്ങൾ തൊലി ചെത്തി നശിപ്പിച്ചു.
വാണിയപ്പാറത്തട്ടിലെ ചുവപ്പുങ്കൽ ജോർജിന്റെ മരങ്ങളാണ് നശിപ്പിച്ചത്. ഈ പ്രദേശത്ത് കുടിവെള്ള പൈപ്പുകളടക്കം വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നാണ് ആരോപണം. കരിക്കോട്ടക്കരി പോലീസ് കേസെടുത്തു. സ്ഥലവിൽപ്പന തർക്കം പരിഹരിക്കുന്നതിന് സി.പി.എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മധ്യസ്ഥത അംഗീകരിക്കാത്തതിന്റെ പ്രതികാരമാണ് അക്രമങ്ങളെന്നാണ് പരാതി. രണ്ട് വർഷം മുമ്പ് ജോർജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിൽപ്പന നടത്തിയിരുന്നു. സ്ഥലം വിറ്റതിന് ശേഷം റോഡ് വീതി കൂട്ടിയപ്പോൾ സ്ഥലത്തിന് വന്ന കുറവിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 30,000 രൂപ കൊടുക്കണമെന്നാണ് സ്ഥലം വാങ്ങിയവരും മധ്യസ്ഥതക്കെത്തിയവരും നിർദേശിച്ചത്. ഇത് പറ്റില്ലെന്നു പറഞ്ഞു. ഞായറാഴ്ച രാത്രി സി.പി.എം അയ്യൻകുന്ന് ലോക്കൽ കമ്മിറ്റി ഓഫീസിലാണ് മധ്യസ്ഥ ചർച്ച വിളിച്ചത്. ഇതിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജോർജ് നേരത്തെ അറിയിച്ചിരുന്നു. പിന്നീട് ഓട്ടോ അയച്ച് വിളിച്ചു വരുത്തുകയായിരുന്നു. പണം നൽകണമെന്ന നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ചർച്ചയിൽ പഞ്ഞപ്പോൾ സ്ഥലം വാങ്ങിയ ആൾ ഉൾപ്പെടെ ഭീഷണിപ്പെടുത്തി.


ഇതിന് പിന്നാലെയാണ് രാത്രിയുടെ മറവിൽ ജോർജിന്റെ ടാപ്പ് ചെയ്യുന്ന 40 ഓളം റബർ മരങ്ങൾ തൊലി ചെത്തി നശിപ്പിച്ചത്. ഇതിന് പുറമെ ഏഴ് വീട്ടുകാർ കുടിവെള്ളത്തിനു പയോഗിക്കുന്ന പൈപ്പ് ലൈനും ടാങ്കും കുത്തിക്കീറി നശിപ്പിക്കുകയും, സമീപത്തെ മൊയ്യപ്പെള്ളി മനോജ് എന്നയാളുടെ കുടിവെള്ള സംവിധാനം തകർക്കുകയും ചെയ്തു. ജോർജിന്റെതാണെന്ന നിഗമനത്തിലാണ് ഇത് നശിപ്പിച്ചതെന്നാണ് കരുതുന്നത്. കൃഷി കൊണ്ട് മാത്രം ഉപജീവനം നടത്തിവരുന്നയാളാണ് ജോർജ്.


അക്രമങ്ങളിൽ പാർട്ടിക്ക് പങ്കില്ലെന്നാണ് സി.പി.എം അയ്യങ്കുന്ന് ലോക്കൽ കമ്മറ്റി പറയുന്നത്. സംഭവം അപലപനീയമാണെന്നും പാർട്ടി വ്യക്തമാക്കി. പാർട്ടിയുടെ മുന്നിൽ വന്ന പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനായാണ് മധ്യസ്ഥശ്രമം നടത്തിയതെന്നും ചർച്ചയിൽ തീരുമാനമാകാത്തതിനാൽ ഇനി ഇരുവരും നിയമത്തിന്റെ വഴി നോക്കാൻ നിർദ്ദേശിച്ച് അയക്കുകയുമാണ് ചെയ്തതെന്നും ലോക്കൽ സെക്രട്ടറി കെ.ജെ.സജിവൻ പറഞ്ഞു. അനുരഞ്ജന ചർച്ച നടത്തിയതിന്റെ പേരിൽ ഈ സംഭവത്തിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും സജീവൻ പറഞ്ഞു.


സി.പി.എം തീരുമാനം അംഗീകരിക്കാത്തതിന്റെ പേരിൽ കർഷകനുണ്ടായ ഈ അനുഭവം, നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സ്ഥലം സന്ദർശിച്ച അഡ്വ.സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. അതിക്രമം കാട്ടിയവരേയും ഇതിന് പിന്നിലെ ഗൂഢാലോചനക്കാരെയും പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Latest News