Sorry, you need to enable JavaScript to visit this website.

പിണറായിയുടെ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള തയാറെടുപ്പുമായി ധർമ്മടം

കണ്ണൂർ- സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ വെച്ച് ഏറ്റവും ശ്രദ്ധേയമായ മണ്ഡലമേതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ജനവിധി തേടുന്ന മണ്ഡലമെന്നതാണ് ധർമ്മടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. ഇരു മുന്നണികളേയും വിജയിപ്പിച്ച പഴയ എടക്കാട് മണ്ഡലമാണ് ധർമ്മടമായി മാറിയത്. എന്നാൽ ധർമ്മടത്തിന്റെ നിറം ചുവപ്പാണ്. മണ്ഡല രൂപീകരണത്തിനു ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയിച്ചത് ഇടതു സ്ഥാനാർഥികൾ. കഴിഞ്ഞ തവണ കേരളത്തിന്റെ മുഖ്യമന്ത്രിയെ സംഭാവന ചെയ്ത മണ്ഡലം. 


ധർമ്മടം നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ ബഹുഭൂരിഭാഗവും ചുവപ്പു കോട്ടകളാണ്. കടമ്പൂർ പോലുള്ള ചില പഞ്ചായത്തുകളിൽ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തിരിച്ചുവരവു നടത്തിയെന്നു മാത്രം. എടക്കാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശ്ശേരി, മുഴപ്പിലങ്ങാട്, കടമ്പൂർ, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും, കൂത്തുപറമ്പിൽ ഉൾപ്പെട്ടിരുന്ന പിണറായിയും വേങ്ങാടും തലശ്ശേരിയുടെ ഭാഗമായിരുന്ന ധർമ്മടവും ഉൾപ്പെടുത്തി 2011 ലാണ് ധർമ്മടം മണ്ഡലം രൂപീകൃതമായത്. 
ധർമ്മടത്തു നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും തൊഴിലാളി നേതാവുമായിരുന്ന കെ.കെ.നാരായണനാണ് വിജയിച്ചത്. 15,162 വോട്ടായിരുന്നു ഭൂരിപക്ഷം. മുതിർന്ന കോൺഗ്രസ് നേതാവും സഹകാരിയുമായ മമ്പറം ദിവാകരനായിരുന്നു എതിർ സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ 36,905 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. മമ്പറം ദിവാകരൻ തന്നെയായിരുന്നു എതിർ സ്ഥാനാർഥി. പിണറായിക്കു 87,329 വോട്ടും, മമ്പറം ദിവാകരനു 50,424 വോട്ടും ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന മോഹനൻ മാനന്തേരി 12,763 വോട്ടും നേടി. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടതു കോട്ടകളെ ഞെട്ടിപ്പിച്ചുകൊണ്ട് ഇവിടുത്തെ ഭൂരിപക്ഷം 4009 ആയി കുറഞ്ഞു. മണ്ഡലത്തിലെ ബഹുഭൂരിപക്ഷ വോട്ടുകളും കോൺഗ്രസ്സിലെ കെ.സുധാകരനു അനുകൂലമായി പോൾ ചെയ്യപ്പെട്ടു. കേരളത്തിലുടനീളം കോൺഗ്രസ്സിനു അനുകൂലമായി ഉണ്ടായ ഈ തരംഗം, സുധാകരനും വൻ വിജയം നൽകിയിരുന്നു. എന്നാൽ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുൾപ്പെട്ട എല്ലാ പഞ്ചായത്തുകളിലും കൂടി ഇടതു മുന്നണി 49,180 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഇടതു ക്യാമ്പിൽ ഏറെ പ്രതീക്ഷയുണർത്തുന്നതായി ഈ ഭൂരിപക്ഷം. 


സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്ന ധർമ്മടം മണ്ഡലത്തിൽ പിണറായി തന്നെയാണ് ഇത്തവണയും മാറ്റുരക്കുകയെന്നുറപ്പായി. പിണറായിയുടെ ഭൂരിപക്ഷം അരലക്ഷം കടത്തുകയെന്നതാണ് പ്രവർത്തകരുടെ ആഗ്രഹം. പിണറായിക്കെതിരെ ആര് എന്ന ചോദ്യം തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു. നേരത്തെ മത്സരിച്ച കോൺഗ്രസ്സിലെ മമ്പറം ദിവാകരൻ ഇത്തവണ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. 
സംസ്ഥാനം ഒട്ടാകെ അറിയുന്ന ഒരു നേതാവിനെ രംഗത്തിറക്കി പിണറായിക്കു കടുത്ത വെല്ലുവിളി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് കരുക്കൾ നീക്കുന്നത്. ഫോർവേർഡ് ബ്ലോക്ക് ദേശീയ നേതാവ് ജി. ദേവരാജന്റെ പേര് ആദ്യ ഘട്ടത്തിൽ ഉയർന്നു കേട്ടിരുന്നു. എന്നാൽ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചില്ലെന്നാണ് അറിയുന്നത്. കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾക്കൊപ്പം യുവ നിരയിലെ നേതാക്കളേയും പരിഗണിക്കുന്നുണ്ട്. കോൺഗ്രസ് ദേശീയ വക്താവും രാഹുൽ ബ്രിഗേഡിലെ അംഗവും മാഹി സ്വദേശിനിയുമായ ഡോ.ഷമ മുഹമ്മദിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. മത്സരിക്കാൻ ഇവർ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പൂനെയിലാണ് താമസമെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഇവർ കണ്ണൂരിൽ പ്രചാരണ രംഗത്തിറങ്ങിയിരുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ധർമ്മടം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറി സി.രഘുനാഥിന്റെ പേരിനാണ് പ്രഥമ പരിഗണനയെന്നറിയുന്നു. കെ.സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണയും രഘുനാഥിനുണ്ട്. 
എതിരാളി ആരായാലും ഇപ്പുറത്ത് പിണറായിയാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. കേരള രാഷ്ട്രീയത്തിൽ ഏത് പ്രതികൂല കാലാവസ്ഥയേയും അതിജീവിക്കാൻ കെൽപ്പുള്ള നേതാവു കൂടിയാണ് പിണറായിയെന്നത് തെരഞ്ഞെടുപ്പു രംഗത്തും പ്രാധാന്യമുള്ളതാണ്. ഏതായാലും മെയ് ആറിനു ഫല പ്രഖ്യാപനം വരുന്നതു വരെ ധർമ്മടം മണ്ഡലം വാർത്തകളിൽ നിറയുമെന്ന് ഉറപ്പാണ്. 


 

Latest News