Sorry, you need to enable JavaScript to visit this website.

ശോഭാ സുരേന്ദ്രന്റെ  ക്ഷണക്കത്ത്

മുസ്‌ലിം ലീഗിനെ പുതിയൊരു ആശയക്കുഴപ്പത്തിലേക്ക് ആനയിച്ചു കൊണ്ടിരിക്കുകയാണ് ശോഭാ സുരേന്ദ്രൻ. ഇങ്ങനെയൊരു ക്ഷണം കേരള രാഷ്ട്രീയത്തിൽ പുതിയതാണ്. കല്യാണം കൂടാനുള്ള ക്ഷണമാണോ അതോ ക്ഷണിച്ച് പരിഹസിക്കാനുള്ള ശ്രമമാണോ എന്നൊന്നും വ്യക്തമായിട്ടില്ല. എന്തായാലും മുസ്‌ലിം ലീഗ് നേതാക്കൾ ഉരുളക്കുപ്പേരി കണക്കെ മറുപടി നൽകി കൊണ്ടിരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കാലം വരുമ്പോൾ കേരളത്തിലെ മുന്നണികൾ സംഘബലം കൂട്ടാൻ ചെറിയ പാർട്ടികളെ ക്ഷണിക്കുകയോ ചൂണ്ടയിട്ടു കൊടുക്കുകയോ ചെയ്യാറുണ്ട്. രാഷ്ട്രീയമായി ഒന്നിച്ചു പോകാൻ കഴിയുന്ന പാർട്ടികളെയാണ് ക്ഷണിക്കാറുള്ളത്. തെരഞ്ഞെടുപ്പ് വരുമ്പോൾ ചരിത്രമൊന്നും ഓർക്കാറില്ല. പണ്ട് പലതും സംഭവിച്ചിട്ടുണ്ടാകാം. കെ. എം. മാണിക്കെതിരെ സമരം ചെയ്ത് മുമ്പ് നിയമസഭാ സ്പീക്കറുടെ കസേരവരെ തട്ടിതാഴെയിട്ടതാണ്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് അതെല്ലാം മറക്കാനും ചേരിമറന്ന് ഒന്നിക്കാനുമുള്ള വിശാലമനസ്സുള്ളവരാണ് രാഷ്ട്രീയപാർട്ടികൾ.


എന്നാൽ ഇവിടെ കാര്യങ്ങൾ അങ്ങനെയല്ല.ആശയപരമായി ഏറെ അകലെ നിൽക്കുന്ന മുസ്‌ലിം ലീഗിനെയാണ് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 
എൻ.ഡി.എയുടെ ഘടകകക്ഷിയാകാനല്ല ക്ഷണം. മറിച്ച് ബി.ജെ.പിയിൽ ലയിക്കാനാണ്. അതും നരേന്ദ്രമോഡിയുടെ നേതൃത്വം അംഗീകരിക്കാൻ ലീഗ് തയ്യാറായാൽ മാത്രം. പശു വാലു പൊക്കുന്നത് ചാണകമിടാൻ വേണ്ടി തന്നെയാണോ എന്ന് ലീഗിന് ഇനിയും മനസിലായിട്ടില്ല. പാണക്കാട് തങ്ങളുടെ നേതൃത്വം അംഗീകരിക്കാൻ തയ്യാറാണെങ്കിൽ ശോഭാ സുരേന്ദ്രന് ലീഗിലേക്ക് വരാം എന്നൊരു മറുവാക്ക് പറഞ്ഞിട്ടുമില്ല. ക്ഷണമാകുമ്പോൾ രണ്ടു ഭാഗത്തേക്കും ആകാമല്ലോ.
ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര കേരളത്തിന്റെ പാതി പിന്നിടുമ്പോഴാണ് ശോഭാ സുരേന്ദ്രൻ വേറിട്ടൊരു രാഷ്ട്രീയ ലൈൻ പുറത്തെടുത്തിരിക്കുന്നത്. സുരേന്ദ്രനാകട്ടെ ലീഗിനെ തെറിവിളിച്ചിട്ട് നാവ് തിരിച്ച് വായിലിട്ടിട്ടുമില്ല.


മലബാർ രാഷ്ട്രീയത്തിൽ കയ്യടി നേടണമെങ്കിൽ ഒന്നുകിൽ ലീഗിനൊപ്പം നിൽക്കണം അല്ലെങ്കിൽ ലീഗിനെ വിമർശിക്കണം. ഇതിൽ രണ്ടാമത്തെ അടവാണ് ബി.ജെ.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി എടുത്തു കൊണ്ടിരുന്നത്. വിജയ യാത്ര കോഴിക്കോട് വിട്ട് മലപ്പുറത്തെത്തിയപ്പോൾ തന്നെ സുരേന്ദ്രൻ മുസ്‌ലിം ലീഗിനെ താറടിക്കാൻ തുടങ്ങിയതാണ്. മലപ്പുറത്തെ മതേതരത്വം ഏകപക്ഷീകമാണെന്നും മുസ്‌ലിം ലീഗിന്റെ പ്രത്യേക അജണ്ടകളാണ് നടക്കുന്നതെന്നുമാണ് പ്രധാന ആരോപണം. കേരളത്തെ വിഭജിച്ച് പുതിയൊരു മലബാർ സംസ്ഥാനം രൂപീകരിക്കുന്നതിനെ കുറിച്ച് രഹസ്യചർച്ചകൾ നടക്കുന്നുണ്ടെന്നും അതിന് ചുക്കാൻ പിടിക്കുന്നത് മുസ്‌ലിം ലീഗാണെന്നും സുരേന്ദ്രൻ പറഞ്ഞുവെച്ചിട്ടുണ്ട്. 
മലബാറിലെ പ്രബല പാർട്ടിയായ മുസ്‌ലിം ലീഗിനെതിരെ ആസൂത്രിതമായ പ്രസംഗങ്ങൾ നടത്തി സുരേന്ദ്രൻ മുന്നേറുമ്പോഴാണ് ശോഭാ സുരേന്ദ്രൻ വിപരീത ദിശയിൽ നീങ്ങുന്നത്. നാക്കുപിഴയാണെന്ന് ബി.ജെ.പിക്കാർ തന്നെ ആദ്യം കരുതിയെങ്കിലും പൂർവ്വാധികം ശക്തിയോടെ ശോഭ ആവർത്തിക്കുകയാണ്. രാഷ്ട്രീയ നിരീക്ഷകരും കുതുകികളും ആകെ ആശയകുഴപ്പത്തിലാണ്. അതിൽ ആര് പറയുന്നത് വിശ്വസിക്കും. സുരേന്ദ്രനോ ശോഭയോ. ശോഭ പറയുന്നതാണ് ശരിയെങ്കിൽ സുരേന്ദ്രൻ വിമർശിച്ച ലീഗ് കേരളത്തിലുള്ളതല്ലെ. ഇനി സുരേന്ദ്രൻ പറയുന്നതാണ് ശരിയെങ്കിൽ ശോഭ ബി.ജെ.പിയിൽ തന്നെയല്ലെ.


ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഉടക്കി നിൽക്കുകയായിരുന്ന ശോഭാ സുരേന്ദ്രൻ കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്ത് പോയി ദേശീയ നേതാക്കളെ കണ്ട് പാർട്ടിയിൽ തന്റെ സ്ഥാനം ബലപ്പെടുത്തി തിരിച്ചെത്തിയിരിക്കുന്നത്. ദൽഹിയിൽ പോയപ്പോൾ കിട്ടിയ വെളിപാടുകളായിരിക്കാം ശോഭ ഇപ്പോൾ പുറത്തെടുക്കുന്നത്. ബി.ജെ.പിയിലേക്ക് ലീഗിനെ ക്ഷണിക്കുക. ആ ക്ഷണത്തെ ലീഗ് നേതാക്കൾ നിരസിക്കുകയും ബി.ജെ.പിയെ വിമർശിക്കുകയുമൊക്കെ ചെയ്യും. എന്നാൽ സാധാരണക്കാരായ ലീഗ് പ്രവർത്തകർക്കിടയിലും യു.ഡി.എഫ് ഘടകകക്ഷികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഒരു സംശയം ഉയർന്നു വരും. ലീഗിനെന്താ ബി.ജെ.പിയിൽ പോകാൻ പ്ലാനുണ്ടോ  എന്ന സംശയം പരക്കും. ആ സംശയം ശരിയാണെന്ന് പ്രചരിപ്പിക്കുന്ന ജോലി സി.പി.എം ഏറ്റെടുത്തു കൊള്ളും. ഒരേ കാര്യം ആവർത്തിച്ച് പറഞ്ഞ് അത് ശരിയാണെന്ന സംശയമുയർത്താൻ ശോഭയുടെ പുതിയ തന്ത്രത്തിനാകും. ഞങ്ങൾ പോകുന്നില്ലെന്ന് ലീഗ് നേതാക്കൾ പറഞ്ഞാലും സംശയത്തിന്റെ കാർമേഘം ലീഗിന് മേൽ പരത്താൻ ഈ പ്രചാരണങ്ങൾക്ക് കഴിയും.
ഏറെ കുറെ ബി.ജെ.പിയുടെ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളുടെ അതേ ലൈനാണിത്. മുസ്‌ലിം വർഗീയതയും ലൗജിഹാദും നിലനിൽക്കുന്നുണ്ടെന്ന് ആവർത്തിച്ചു പറയുക. അതുണ്ടോ എന്ന സംശയം പൊതുസമൂഹത്തിൽ ജനിപ്പിക്കുക. ഒടുവിൽ ഉണ്ടെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുക. ലീഗിന് ബി.ജെ.പിയിലേക്കൊരു ചായ്‌വുണ്ടെന്ന സംശയം ജനിപ്പിക്കലാണ് ശോഭയിലൂടെ ബി.ജെ.പിയുടെ പുതിയ രാഷ്ട്രീയ തന്ത്രം. അതുണ്ടെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണെന്ന് സി.പി.എം ഏറ്റുപറയും. പിന്നെ ബാക്കിയാവുന്ന ചോദ്യം ലീഗ് എപ്പോൾ ബി.ജെ.പിയിലേക്ക് പോകും എന്നതാകും. രാഷ്ട്രീയത്തിലെ തന്ത്രങ്ങൾ പുതിയ മാനങ്ങൾ തേടുകയാണ്.


ശോഭാ സുരേന്ദ്രൻ മുസ്‌ലിം ലീഗിനെ ക്ഷണിച്ചതോടെ ബി.ജെ.പിയിലെ അഭിപ്രായഭിന്നത വീണ്ടും മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ലീഗിനെ വിമർശിക്കുന്ന കെ. സുരേന്ദ്രൻ ദിവസങ്ങളായി വിയർപ്പൊഴുക്കിയുണ്ടാക്കിയ വിജയ യാത്രയുടെ വേദിയിൽ ലീഗിനൊരു പ്രണയലേഖനമയച്ച് ശോഭ താരമാകുകയാണ്. ഈ അപകടം മണത്തറിഞ്ഞിട്ടായിരിക്കാം കേന്ദ്രമന്ത്രി വി. മുരളീധരൻ തന്നെ ശോഭയുടെ നിലപാടിനെതിരെ രംഗത്തു വന്നിരിക്കുന്നു. 
സുരേന്ദ്രന്റെ ലൈനെന്താണെന്നോ ശോഭയുടെ ലൈനെന്താണെന്നോ ഇതിൽ ബി.ജെ.പിയുടെ നിലപാടേതാണെന്നോ ആർക്കും വെളിപ്പെടുന്നില്ല. പാർട്ടിയിൽ പാർശ്വവൽക്കരിക്കപ്പെട്ടു കിടന്ന ശോഭാ സുരേന്ദ്രൻ മുസ്‌ലിം ലീഗിന്റെ ചെലവിൽ വീണ്ടും നാലാളുകൾക്കിടയിൽ അറിയപ്പെട്ടു തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ മുസ്‌ലിം ലീഗ് നേതാക്കൾക്ക് ശോഭാ സുരേന്ദ്രന് മറുപടി പറയുകയെന്ന ഒരു ജോലി കൂടി കിട്ടിയിരിക്കുന്നു. ലീഗിനെ ക്ഷണിക്കാൻ ബി.ജെ.പി വളർന്നിട്ടില്ലെന്ന മറുപടി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി നൽകി കഴിഞ്ഞു. എന്നാൽ മറുപടി പറയുന്തോറും ചോദ്യങ്ങൾ വർധിക്കുന്ന ഒരു ഭൂതത്തെയാണ് ശോഭാ സുരേന്ദ്രൻ തുറന്നു വിട്ടിരിക്കുന്നത്. മുസ്‌ലിം ലീഗിനെതിരെ പ്രസംഗിക്കാൻ സി.പി.എമ്മിനും ഇതൊരു ആയുധമാണ്. മുസ്‌ലിം ലീഗ് നേതാക്കൾ മറുപടി പറഞ്ഞ് വലയും. 
 

Latest News