Sorry, you need to enable JavaScript to visit this website.

ഇരിട്ടിയിൽ കേന്ദ്ര സുരക്ഷാ സേന റൂട്ട് മാർച്ച് നടത്തി

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരിട്ടിയിൽ കേന്ദ്രസേന നടത്തിയ റൂട്ട് മാർച്ച്.

കണ്ണൂർ- നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കണ്ണൂരിൽ എത്തിയ കേന്ദ്ര സുരക്ഷാ സേന, പ്രശ്‌നബാധിത പ്രദേശങ്ങളിൽ റൂട്ട് മാർച്ച് ആരംഭിച്ചു. 
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ഇരിട്ടി മേഖലയിലാണ് ആദ്യ റൂട്ട് മാർച്ച്. ഉത്തരേന്ത്യയിൽനിന്നും എത്തിയ അഞ്ച് കമ്പനി കേന്ദ്രസേനാംഗങ്ങളിൽ ഉൾപ്പെട്ടവരാണ് കണ്ണൂർ റൂറൽ പോലീസിന്റെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തിയത്. ഇരിട്ടി ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം നേതൃത്വം നൽകി.
കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കേന്ദ്രസേനയുടെ ആദ്യസംഘം കണ്ണൂരിലെത്തിയത്. ഒഡിഷ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽനിന്നുള്ള ബി.എസ്.എഫ് സംഘമാണ് എത്തിയത്. പ്രത്യേക തീവണ്ടിയിൽ സേന കണ്ണൂരിലെത്തിയത്. അരി, പലവ്യഞ്ജനങ്ങൾ, ആഹാരം പാകം ചെയ്യാനുള്ള ഗ്യാസ് സിലിണ്ടർ, കട്ടിൽ, കസേരയടക്കം എല്ലാ തയാറെടുപ്പുകളുമായാണ് സേനയെത്തിയത്. 
കണ്ണൂർ റൂറൽ, സിറ്റി എന്നിവയ്ക്കുകീഴിൽ രണ്ടുവീതം ബി.എസ്.എഫ്. കമ്പനികളാണ് എത്തിയത്. കണ്ണൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ്, ഇരിട്ടി മേഖലകളിലാണ് ഇവരുടെ സേവനം വിനിയോഗിക്കുക. കണ്ണൂർ മേഖലയിലെ സേനാംഗങ്ങൾക്ക് ചാല ചിന്മയ ഹോസ്റ്റലിലാണ് താമസസൗകര്യം ഒരുക്കിയത്. 
കൂത്തുപറമ്പ് മേഖലയിൽ പൂക്കോട് അമൃതവിദ്യാലയത്തിലും സൗകര്യമൊരുക്കി. കണ്ണൂരിൽ തെരഞ്ഞെടുപ്പ് അക്രമവും കള്ളവോട്ടും തടയാനാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ നീക്കം എന്നാണ് സൂചന. 
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരക്കെ കള്ളവോട്ട് നടന്നുവെന്ന പരാതിയുടെയും കേസുകളുടെയും വെളിച്ചത്തിലാണ് നടപടി. പ്രശ്‌നബാധിത മേഖലകളിലേക്ക് കേന്ദ്ര സേനയെത്തുന്നത് പതിവാണെങ്കിലും ഇത്തവണത്തേതു പോലെ കാലേക്കൂട്ടി എത്താറുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഉത്തരേന്ത്യയിൽനിന്ന് ഉത്തര കേരളത്തിലേക്ക് മാത്രമായി കേന്ദ്രസേന എത്തുന്നത് ഇതാദ്യമാണ്. സാധാരണ നിലയിൽ വോട്ടെടുപ്പിന് ഏതാനും ദിവസം മുമ്പ് മാത്രമാണ് ഇവരുടെ സാന്നിധ്യം ഉണ്ടാവുക.

Latest News