സൗദിയില്‍ കൊറോണ മരണം 6,500 ആയി; നാലു പ്രവിശ്യകളില്‍ 12 പള്ളികള്‍ അടച്ചു

റിയാദ് - സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,500 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ ആറു കൊറോണ രോഗികള്‍ കൂടി മരിച്ചതോടെയാണിത്. ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ 317 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിക്കുകയും 335 കൊറോണ ബാധിതര്‍ രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്ത് 2,560 കൊറോണ രോഗികള്‍ ചികിത്സയിലാണ്. ഇക്കൂട്ടത്തില്‍ 492 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നു.
അതിനിടെ, നാലു പ്രവിശ്യകളിലായി 12 പള്ളികള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു. ഇതോടെ 22 ദിവസത്തിനിടെ അടച്ച മസ്ജിദുകളുടെ എണ്ണം 182 ആയി. ഇക്കൂട്ടത്തില്‍ 168 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയില്‍ ഏഴു മസ്ജിദുകളും ജിസാന്‍ പ്രവിശ്യയില്‍ മൂന്നു പള്ളികളും മക്ക പ്രവിശ്യയിലും കിഴക്കന്‍ പ്രവിശ്യയിലും ഓരോ മസ്ജിദുകളുമാണ് തിങ്കളാഴ്ച അടച്ചത്.
ഇന്നലെ പത്തു മസ്ജിദുകള്‍ മന്ത്രാലയം വീണ്ടും തുറന്നു. ഇതില്‍ ആറെണ്ണം റിയാദ് പ്രവിശ്യയിലാണ്. മക്ക, ജിസാന്‍, അസീര്‍, ഉത്തര അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ ഓരോ പള്ളികളും അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി  ഇസ്‌ലാമികകാര്യ മന്ത്രാലയം തുറന്നു.

 

Latest News