ബച്ചന്‍ ആശുപത്രിയില്‍, ശസ്ത്രക്രിയ

ന്യൂദല്‍ഹി- 'പ്രത്യേക' ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാകുകയാണെന്നു ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. ബ്ലോഗിലൂടെയാണ് 78 കാരനായ താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്‍ അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന 'മേയ്‌ഡേ' എന്ന സിനിമയിലാണ് അമിതാഭ് ബച്ചന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
മുംബൈയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ ബച്ചന്‍ സമൂഹ മാധ്യമങ്ങളില്‍ നിരന്തരം പങ്കുവച്ചിരുന്നു. 'ആരോഗ്യസ്ഥിതി.. ശസ്ത്രക്രിയ..എഴുതാന്‍ സാധിക്കുന്നില്ല' എന്നാണ് താരത്തിന്റെ ബ്ലോഗ്. ഇതിനുപിന്നാലെ രോഗമുക്തി ആശംസിച്ച് ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.
എന്തു രോഗത്തിനാണ് ശസ്ത്രക്രിയ എന്നു താരം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമിതാഭ് ബച്ചന്‍, മകന്‍ അഭിഷേക് ബച്ചന്‍, അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചന്‍, ഇവരുടെ ഒമ്പതു വയസ്സുള്ള മകള്‍ ആരാധ്യ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 

Latest News