മുസ്ലിം ലീഗ് ഭീകരവാദത്തെ പിന്തുണക്കുന്ന പാർട്ടി; സഖ്യത്തിലേക്ക് ക്ഷണിക്കാനാകില്ല-വി.മുരളീധരന്‍

തിരുവനന്തപുരം- മുസ്ലീം ലീഗ് ഭീകരവാദത്തിനു പിന്തുണ നല്‍കുന്ന പാര്‍ട്ടിയാണെന്നും ലീഗിനെ എന്‍.ഡി.എയിലേക്ക് ക്ഷണിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാകില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍.

ആശയപരമായി യോജിക്കണമെങ്കില്‍ പുതിയ പാര്‍ട്ടിയായി വരേണ്ടി വരുമെന്നും മുസ്ലീം ലീഗിന് വര്‍ഗീയത മാറ്റിവച്ച് വരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.  ലീഗിനെ കേരളത്തിലോ, ഇന്ത്യയില്‍ എവിടെയെങ്കിലുമോ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ ക്ഷണിക്കുക എന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. 

കേരളത്തില്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന ശക്തികളില്‍ ഒന്ന് മുസ്ലീം ലീഗാണ്. അത്തരം ഒരു പാര്‍ട്ടിയെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്ക് എടുക്കാന്‍ കഴിയില്ല. 

ലീഗിനെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ശോഭാ സുരേന്ദ്രനടക്കമുള്ള പാർട്ടി നേതാക്കളുടെ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

ബി.ജെ.പി നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ ന്യൂനപക്ഷങ്ങളുമായുള്ള സമീപനവുമായി ബന്ധപ്പെട്ടാണെന്നും അല്ലാതെ മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

Latest News