മലപ്പുറം- മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടിയെ പരിഗണിക്കുന്നു. മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്ത് ന്യൂപക്ഷത്തിൽനിന്നുള്ള സ്ഥാനാർഥിയെ തന്നെ നിർത്തി മത്സരം ശക്തമാക്കാനാണ് ബി.ജെ.പിയുടെ ആലോചന.
കഴിഞ്ഞ തവണ പാലക്കാട് മേഖല പ്രസിഡൻറ് വി. ഉണ്ണികൃഷ്ണൻ മാസ്റ്ററായിരുന്നു എൻ.ഡി.എ സ്ഥാനാർഥി. 82,332 വോട്ടുകളാണ് ലഭിച്ചത്. ജയസാധ്യത ഇല്ലെങ്കിലും മത്സരം കടുപ്പിക്കാനാകുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.
നിയമ സഭ തെരഞ്ഞെടുപ്പിൽ തവനൂർ, വള്ളിക്കുന്ന് എന്നീ മണ്ഡലങ്ങളാണ് ബി.ജെ.പി വിജയ പ്രതീക്ഷ പുലർത്തുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേർന്ന മലപ്പുറം നഗരസഭ മുൻ ചെയർമാൻ സാധു റസാഖിനെ മലപ്പുറത്തോ വേങ്ങരയിലോ മത്സരിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.