Sorry, you need to enable JavaScript to visit this website.

കർഷകസമരം: അഞ്ച് സംസ്ഥാനങ്ങളിൽ യോഗം നടത്താൻ രാകേഷ് ടികായത്

തിരുവനന്തപുരം- കർഷകസമരത്തിന് കൂടുതൽ പിന്തുണ തേടി കർഷകനേതാവ് രാകേഷ് ടികായത് അഞ്ച് സംസ്ഥാനങ്ങളിൽ പര്യടനത്തിന് തയ്യാറെടുക്കുന്നു. സമരത്തിന്റെ തന്ത്രപരമായ സമീപനങ്ങളിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങളുടെ ഭാഗമാണ് ഈ തീരുമാനം. മാർച്ച് 1 മുതലാണ് പര്യടനം നടക്കുകയെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് ധർമേന്ദ്ര മാലിക് അറിയിച്ചു.

ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായിരിക്കും ടികായത്തിന്റെ പര്യടനം. രണ്ട് യോഗങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുക. രണ്ട് യോഗങ്ങൾ രാജസ്ഥാനിലും നടക്കും. മധ്യപ്രദേശിൽ മൂന്ന് യോഗങ്ങളാണ് സംഘടിപ്പിക്കുക. കർണാടകത്തിൽ 20, 21, 22 എന്നീ തിയ്യതികളിൽ മൂന്ന് യോഗങ്ങൾ നടക്കും. മാർച്ച് 6ന് തെലങ്കാനയിൽ യോഗം നടക്കും. പക്ഷെ ഈ സംസ്ഥാനത്ത് ചില തെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ അനുമതി ലഭിച്ചിട്ടില്ലെന്നും മാലിക് അറിയിച്ചു.

തിക്രി, സിംഘു, ഘാസിപൂർ എന്നീ ദൽഹി അതിത്തി കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് കർഷകരാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. നവംബർ മാസം മുതൽ നടക്കുന്ന സമരത്തോട് അനുകൂലമായി പ്രതികരിക്കാൻ ഇതുവരെ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. 11 കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും അവയില1ന്നും തങ്ങൾക്ക് അനുകൂലമായ നയവുമായല്ല കേന്ദ്രം വന്നതെന്ന് കർഷകസംഘടനകൾ പറയുന്നു. ഘാസിപൂരിലെ സമരം നയിക്കുന്നത് ടികായത്താണ്.

മുന്ന് കാർഷികനിയമങ്ങളും പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് രാകേഷ് ടികായത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സമരം കൂടുതൽ ശക്തിപ്പെടുത്താൻ തന്നെയാണ് തങ്ങളുടെ നീക്കമെന്നാണ് കർഷകർ വ്യക്തമാക്കുന്നത്. 40 ലക്ഷം ട്രാക്ടറുകളായിരിക്കും തലസ്ഥാനത്തേക്ക് മാർച്ച് ചെയ്യുകയെന്ന് അദ്ദേഹം പറയുകയുണ്ടായി. ഏത് സമയത്തും സമരാഹ്വാനമുണ്ടാകുമെന്ന് ടികായത് കർഷകരോട് പറഞ്ഞിരുന്നു. റാലിക്കായി സജ്ജരായിരിക്കണം. കർഷകരുടെ സംയുക്ത സഖ്യമായിരിക്കും റാലിയുടെ തിയ്യതി നിശ്ചയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News