മലപ്പുറം- ലീഗിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന്റെ നീക്കം മുസ്ലിം ലീഗിനെ ജനമധ്യത്തിൽ സംശയത്തിന്റെ നിഴലിൽ നിർത്താൻ വേണ്ടിയുള്ളതാണെന്നും ഇത് വിലപ്പോകില്ലെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. തവനൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കാൻ മാത്രം ശോഭാ സുരേന്ദ്രന് ആ പാർട്ടിയിൽ പോലും അംഗീകാരമില്ല. പാർട്ടിയിൽ അംഗീകാരം ഇല്ലാത്തവർ എന്തെങ്കിലും പറഞ്ഞാൽ അതിന് മറുപടി പറയേണ്ടതില്ല. 50 വർഷമായി യു.ഡി.എഫിന് ഒപ്പമാണ് ലീഗ് നിലനിൽക്കുന്നത്. അത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു. എ. വിജയരാഘവൻ സംസ്ഥാനത്തെ ഏറ്റവും വലിയ ഹാസ്യ സാമ്രാട്ടാണ്. വിജയരാഘവനെ കഴിയുമെങ്കിൽ 140 മണ്ഡലങ്ങളിലും പ്രചാരണത്തിനിറക്കണം. എങ്കിൽ പയ്യന്നൂർ അടക്കം എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിക്കുമെന്നും മുരളീധരൻ പറഞ്ഞു. എരണം കെട്ടവൻ നാടുഭരിച്ചാൽ നാടുമുടിയുമെന്ന് പറയുന്നതുപോലെയാണ് കേരളത്തിന്റെ അവസ്ഥയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.






