കണ്ണൂർ- കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 12 സീറ്റുകൾ നൽകാൻ ആകില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. കേരള കോൺഗ്രസ് എം മത്സരിച്ച മുഴുവൻ സീറ്റുകളും അവർക്ക് നൽകാനാകില്ല. ഇക്കാര്യത്തിൽ അധികം വൈകാതെ ധാരണ ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ചകൾ രണ്ട് ദിവസങ്ങളായി തിരുവനന്തപുരത്ത് നടന്നു വരികയാണ്. ഇതിൽ ഉടൻ തീരുമാനമാകും. അത് കഴിഞ്ഞാൽ കോൺഗ്രസ് സ്ഥാനാർഥികളെക്കുറിച്ച് ചർച്ച ആരംഭിക്കും.
നാലു ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ മത്സരിച്ചിരുന്നവരും പുതുമുഖങ്ങളും, വനിതകളും സ്ഥാനാർഥികളായി ഉണ്ടാകും. ഇത് സംബന്ധിച്ച് ചില മുന്നൊരുക്കങ്ങൾ നടന്നിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാകും സ്ഥാനാർഥി നിർണയം. സമുദായ സമവാക്യങ്ങൾ പാലിക്കുമ്പോഴും വിജയ സാധ്യത മാത്രമാകും സ്ഥാനാർഥി നിർണയത്തിലെ ഏക മാനദണ്ഡം. കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഇതിനകം തന്നെ എ.ഐ.സി.സിയും പി.സി.സിയും സർവേ നടത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും വിജയ സാധ്യതകളാണ് പരിശോധിച്ചത്. വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ പുറത്തുള്ള ഏജൻസികളെ നിയോഗിച്ചു. രാഷ്ട്രീയത്തിൽ വിവരങ്ങൾ തേടുന്നതിന് പി.ആർ ഏജൻസികളെ നിയോഗിക്കുന്നതിൽ തെറ്റില്ല സുധാകരൻ വ്യക്തമാക്കി.
പി.സി. ജോർജിന്റെ പരാമർശത്തോട് പ്രതികരിക്കാനില്ല. പി.സി. ജോർജ് നേരത്തെ യു.ഡി.എഫുമായി സഹകരിച്ച ആളാണ്. പിന്നീട് പുറത്തു പോയി. കോൺഗ്രസ് മോശപ്പെട്ട പാർട്ടി ആണെങ്കിൽ ഉള്ളിൽ കയറി പറ്റാൻ എന്തിന് ഇത്രകാലവും ശ്രമിച്ചു എന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു ഇഷ്ടമുള്ള മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എന്നാൽ മുല്ലപ്പള്ളി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അദ്ദേഹം മത്സരിക്കുകയാണെങ്കിൽ കേരളത്തിലെ ഏത് മണ്ഡലവും അദ്ദേഹത്തിന് നൽകും. ഒരു തടസ്സവും ഉണ്ടാകില്ല.
തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന്റെ സംഘടനാ സംവിധാനം വളരെ സുസജ്ജമാണ്. പതിവിന് വിപരീതമായി വളരെ നേരത്തെ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞു. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിയും എ.ഐ.സി.സിയുടെ ഇടപെടലുകളുമാണ് ഇതിന് സഹായകമായത്. എ.ഐ.സി.സി പ്രതിനിധികൾ സംസ്ഥാനത്തെത്തി ബൂത്തു തല പ്രവർത്തനങ്ങൾ അടക്കം നിരീക്ഷിച്ചു. സംഘടനാ സംവിധാനത്തിൽ ഇത് ആദ്യ നടപടിയാണ്. നിർജീവമായ മുഴുവൻ ബൂത്തുകളും പുനഃസംഘടിപ്പിക്കാനായി. സ്ഥാനാർഥി നിർണയത്തിലും ഇത് തുടരാനാകും -സുധാകരൻ പറഞ്ഞു.
കോൺഗ്രസും ബി.ജെ.പിയുമായല്ല, സി.പി.എമ്മും ബി.ജെ.പിയുമായാണ് അടുപ്പവും സഹകരണവും. കേരളത്തിൽ സി.പി.എമ്മിനെ വീണ്ടും അധികാരത്തിലെത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതോടെ കോൺഗ്രസ് ശിഥിലമാകുമെന്ന് അവർ കണക്കുകൂട്ടുന്നു. ഒരൊറ്റ സംസ്ഥാനത്തു മാത്രം അവശേഷിക്കുന്ന സി.പി.എമ്മിനെ ബി.ജെ.പി ഭയപ്പെടുന്നില്ല. സി.പി.എം നേതാക്കൾക്കെതിരെ പടപ്പുറപ്പാടുമായി എത്തിയ കേന്ദ്ര ഏജൻസികൾ ഇപ്പോൾ എവിടെയാണ്? എവിടെയാണ് ഇ.ഡി? എവിടെയാണ് കസ്റ്റംസും എൻഫോഴ്‌സ്‌മെന്റും? ലാവ്‌ലിൻ കേസ് 27-ാമതു തവണയാണ് മാറ്റിവെച്ചത്. ആരെ രക്ഷിക്കാനാണിത്? ഇത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിന് തെളിവല്ലേയെന്ന് സുധാകരൻ ചോദിച്ചു.






