തെരഞ്ഞെടുപ്പുകാലത്തു വാര്‍ത്തകളില്‍ നിറഞ്ഞു ജനതാദളുകള്‍

കല്‍പറ്റ-തെരഞ്ഞെടുപ്പുകാലത്തു വയനാടിനകത്തും പുറത്തും വാര്‍ത്തകളില്‍ നിറഞ്ഞ് ജനതാദള്‍-എസും ലോക് താന്ത്രിക് ജനതാദളും.

എല്‍.ജെ.ഡി എന്ന ചുരുക്കപ്പേരുള്ള ലോക് താന്ത്രിക് ജനതാദളിലെ ഒരു വിഭാഗം എറണാകുളം കലൂരില്‍ ജനതാദള്‍-എസില്‍ ലയിക്കുന്ന നാളെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം  ജനതാദള്‍-എസിലെ ഒരു വിഭാഗം എല്‍.ജെ.ഡിയില്‍ ലയിക്കുന്നതിനു വേദിയാകുകയാണ്. ഇതിനിടെ, പൊതുരംഗത്ത് അറിയപ്പെടുന്ന ചിലരെ  ഒപ്പംകൂട്ടി  വയനാട്ടില്‍ പാര്‍ട്ടിയെ ബലപ്പെടുത്തുകയുമാണ് എല്‍.ജെ.ഡി.


വയനാട്ടില്‍ എല്‍.ജെ.ഡി വിട്ട 50 ഓളം ആളുകളാണ് എറണാകുളം ലയന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
പാര്‍ട്ടി ജില്ലാ പ്രസിഡന്റായിരുന്ന വി.പി.വര്‍ക്കി, കിസാന്‍ ജനത ജില്ലാ പ്രസിഡന്റ് കെ.കെ.രവി, നേതാക്കളായ പി.സി.മാത്യു, എം.എ.അഗസ്റ്റിന്‍, എം.സി.രാധാകൃഷ്ണന്‍, ഇ.എ.അബ്ദുല്‍ഖാദര്‍, ടി.ഒ.മാത്യു, ഇ.രാധാകൃഷ്ണന്‍, മണി പാക്കത്ത്, കെ.ജി.ബാബു, കെ.എം.അന്ത്രു തുടങ്ങിയവര്‍ ലയിക്കുന്നവരുടെ ഗണത്തില്‍പ്പെടും. ലയന സമ്മേളനത്തിനുശേഷം ജില്ലയില്‍നിന്നു കൂടുതല്‍ പേര്‍ എല്‍.ജെ.ഡി വിടുമെന്നും ഇവര്‍  പറയുന്നു.


ജനതാദള്‍-എസിലെ ഒരു വിഭാഗം എല്‍.ജെ.ഡിയില്‍ ലയിക്കുന്നതിന്റെ ഉത്തര മേഖലാസമ്മേളനമാണ് കോഴിക്കോട് ചേരുന്നത്. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് എല്‍.ജെ.ഡിയില്‍ ചേരുന്നതെന്നാണ് ജനതാദള്‍-എസ് വിട്ടവര്‍ പറയുന്നത്.


സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ്‌കുമാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എല്‍.ജെ.ഡി വയനാട് ഘടകം. എന്നിരിക്കെ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ അപ്രതീക്ഷിതമായി പാര്‍ട്ടി വിട്ടതു സംസ്ഥാന അധ്യക്ഷനു വ്യക്തിപരമായിത്തന്നെ ക്ഷീണമായി. കോട്ടം നികത്തുന്നതിനു പാര്‍ട്ടി നേതൃത്വം സ്വീകരിച്ച തന്ത്രങ്ങള്‍ ഫലംചെയ്തുവരികയാണ്.

ദളിത്‌ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ എ.ദേവകി കഴിഞ്ഞ ദിവസം എല്‍.ജെ.ഡിയില്‍ ചേര്‍ന്നു. ഇതിനു പിന്നാലെ ഡി.സി.സി സെക്രട്ടറിയും ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ. അനില്‍കുമാര്‍ എല്‍.ജെ.ഡിയുടെ ഭാഗമായി. കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയര്‍മാനും ബത്തേരി ചീരാല്‍ സ്വദേശിയുമായ പി.എം.ജോയി അടുത്ത ദിവസം എല്‍.ജെ.ഡിയിലെത്തും.

ജനതാദള്‍-എസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമാണ് ജോയി. ജനതാദള്‍-എസ് വിട്ട് കാര്‍ഷിക പുരോഗമന സമിതി രൂപീകരിച്ചു കര്‍ഷകര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജോയി കുറച്ചുകാലം സി.പി.ഐയുമായി സഹകരിച്ചിരുന്നു. മാസങ്ങളായി സജീവ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് എല്‍.ജെ.ഡിയില്‍ ചേരാനുള്ള തീരുമാനം വെളിപ്പെടുത്തിയത്.


അനില്‍കുമാര്‍, ജോയി, ദേവകി എന്നിവരുടെ വരവോടെ ജില്ലയില്‍ പാര്‍ട്ടി കൂടുതല്‍ കരുത്തുനേടുമെന്ന വിശ്വാസത്തിലാണ് എല്‍.ജെ.ഡി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു കല്‍പറ്റ സീറ്റ് എല്‍.ജെ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് എല്‍.ജെ.ഡിക്കു ലഭിച്ചാല്‍ കല്‍പറ്റയില്‍ അനില്‍കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത രാഷ്ട്രീയരംഗത്തെ പലരും തള്ളുന്നില്ല. ശ്രേയാംസ്‌കുമാറിന്റെ കുടുംബാംഗം സ്ഥാനാര്‍ഥിയാകാനിടയുണ്ടെന്നു കരുതുന്നവരും കുറവല്ല.
 

Latest News