Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൂപ്പർ സബ് : ലൂയിസ് മുറിയേൽ

ലൂയിസ് മുറിയേൽ അറ്റ്‌ലാന്റ ടീമിനൊപ്പം പരിശീലനത്തിൽ

ഈ സീസണിലെ ഇറ്റാലിയൻ ലീഗിൽ 14 ഗോളടിച്ചു. യുവന്റസിന്റെ ക്രിസ്റ്റിയാനൊ റൊണാൾഡോയും (18 ഗോൾ) ഇന്റർ മിലാന്റെ റൊമേലു ലുകാകുവും (17) മാത്രമാണ് മുന്നിൽ. എന്നാൽ ക്രിസ്റ്റിയാനോയുടെയും ലുകാകുവിന്റെയും ഗോളുകളിൽ നാലെണ്ണം വീതം പെനാൽട്ടികളിൽ നിന്നാണ്. 


ലൂയിസ് മുറിയേലാണ് ഇപ്പോൾ ലോക ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയനായ സൂപ്പർ സബ്. ഇറ്റാലിയൻ ലീഗ് ഫുട്‌ബോളിൽ അറ്റ്‌ലാന്റയുടെ കുതിപ്പിന് റിസർവ് ബെഞ്ചിൽ നിന്ന് വന്ന് ചുക്കാൻ പിടിക്കുന്നത് ഈ കൊളംബിയൻ താരമാണ്. ഇറ്റാലിയൻ ലീഗ് ഫുട്‌ബോളിൽ നാപ്പോളിക്കെതിരായ 4-2 വിജയത്തിൽ ഗോളടിക്കുകയും സ്വന്തം നാട്ടുകാരനായ ദുവാൻ സപാറ്റക്ക് ഗോളടിക്കാൻ അവസരമൊരുക്കുകയും ചെയ്തു മുറിയേൽ. ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് അറ്റ്‌ലാന്റ. 
അസിസ്റ്റും ഗോളും മാത്രമല്ല അതിനപ്പുറമാണ് മുറിയേൽ എന്ന് അറ്റ്‌ലാന്റ കോച്ച് ജിയാൻ പിയറൊ ഗസ്‌പെറീനി പറയുന്നു. തുടർച്ചയായ ഒമ്പതാമത്തെ ലീഗ് മത്സരത്തിലാണ് ഫോർവേഡ് സ്‌കോർ ചെയ്യുന്നത്. 
'ഈ വർഷം മാനസികമായും ശാരീരികമായും കായികമായും ഉജ്വല ഫോമിലാണ് മുറിയേൽ. സ്ഥിരതയുടെയും ഗുണനിലവാരത്തിന്റെയും കാര്യത്തിൽ വൻ കുതിപ്പാണ് ഈ വർഷം നടത്തിയത്' ഗസ്‌പെറീനി പറയുന്നു. ഇരുപത്തൊമ്പതുകാരന്റെ കരിയറിലെ മികച്ച വർഷമാണ് ഇത്. ഈ സീസണിൽ ഇതുവരെ 17 ഗോളടിച്ചു. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടെണ്ണമുൾപ്പെടെ. 
സ്പാനിഷ് ലീഗിൽ സെവിയയിലെ നിരാശാജനകമായ 18 മാസത്തിനു ശേഷമാണ് മുറിയേൽ ഇറ്റലിയിലെത്തിയത്. ഇറ്റലിയിൽ തന്നെ സാംദോറിയയുടെ കളിക്കാരനായിരുന്നു. 2017 ലാണ് സെവിയയിലേക്ക് ചേക്കേറിയത്. അന്ന് സ്പാനിഷ് ലീഗിലെ ഏറ്റവും ചെലവേറിയ ട്രാൻസ്ഫറായിരുന്നു അത്. സെവിയക്കു വേണ്ടി 65 കളികളിൽ 13 ഗോളടിക്കാനേ സാധിച്ചുള്ളൂ. ആറു മാസത്തെ ലോണിലാണ് ഇറ്റലിയിൽ തിരിച്ചെത്തിയത് -ഫിയറന്റീനയായിരുന്നു താവളം. 2019 മധ്യത്തിലാണ് അറ്റ്‌ലാന്റയിൽ ചേർന്നത്. അരങ്ങേറ്റ സീസണിൽ സൂപ്പർ സബ് ആയാണ് വാർത്തകളിൽ സ്ഥാനം പിടിച്ചത്. 10 മത്സരങ്ങളിൽ മാത്രമേ പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും ലീഗിൽ 18 ഗോളടിച്ചു. 


ഈ സീസണിൽ 14 ഗോളടിച്ചു. എ.സി മിലാന്റെ സ്ലാറ്റൻ് ഇബ്രഹിമിച്ചിനും സാധിച്ചത് 14 ഗോളാണ്. യുവന്റസിന്റെ ക്രിസ്റ്റിയാനൊ റൊണാൾഡോയും (18 ഗോൾ) ഇന്റർ മിലാന്റെ റൊമേലു ലുകാകുവും (17) മാത്രമാണ് മുന്നിൽ. എന്നാൽ ക്രിസ്റ്റിയാനോയുടെയും ലുകാകുവിന്റെയും ഗോളുകളിൽ നാലെണ്ണം വീതം പെനാൽട്ടികളിൽ നിന്നാണ്. മുറിയേലിന്റെ ഗോളുകളിൽ ഒന്നേ പെനാൽട്ടിയിൽ നിന്നുള്ളൂ. 
കോച്ച് സമീപകാലത്ത് തനിക്ക് കൂടുതൽ അവസരങ്ങളും കളിക്കാനുള്ള സാധ്യതകളും ഒരുക്കുകയാണെന്നും അത് പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും കൊളംബിയൻ സ്‌ട്രൈക്കർ പറഞ്ഞു. അറ്റ്‌ലാന്റക്കു വേണ്ടി 71 കളികളിൽ 36 ഗോളടിച്ചു. 
ഗസ്‌പെറീനി അറ്റ്‌ലാന്റയിൽ മാറ്റത്തിന്റെ മണി മുഴക്കുകയാണ്. ദീർഘകാല നായകൻ അലജാന്ദ്രൊ പാപു ഗോമസിനെ മെല്ലെ തഴഞ്ഞ് ഒഴിവാക്കി. ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ തന്ത്രങ്ങളുടെ പേരിൽ കോച്ചുമായി ഉടക്കിയിരുന്നു ഗോമസ്. അയാക്‌സിനെതിരായ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഗോമസിനെ പുറത്തിരുത്തി. ആ മത്സരത്തിൽ മുറിയേൽ നേടിയ ഗോളാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിൽ ഇടം നേടാൻ അറ്റ്‌ലാന്റയെ സഹായിച്ചത്. ലിവർപൂളായിരുന്നു ഗ്രൂപ്പ് ചാമ്പ്യന്മാർ. 


ജനുവരിയിൽ ഗോമസിനെ സെവിയക്ക് കൈമാറി. അറ്റ്‌ലാന്റയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസം റയൽ മഡ്രീഡിനെതിരെ നടന്ന പ്രി ക്വാർട്ടർ. പതിനേഴാം മിനിറ്റ് മുതൽ പത്തു പേരായിച്ചുരുങ്ങിയിട്ടും അവർ വീറോടെ പൊരുതി. കളി തീരാൻ നാല് മിനിറ്റുള്ളപ്പോഴാണ് റയൽ ഏക ഗോളടിച്ചത്. അറ്റ്‌ലാന്റക്ക് ചരിത്രത്തിൽ ഇതുവരെയായി ഒരു ട്രോഫി നേടാനേ സാധിച്ചിട്ടുള്ളൂ -1963 ലെ കോപ ഇറ്റാലിയ. അതേസമയം റയൽ 13 തവണ ചാമ്പ്യൻസ് ലീഗ് കിരീടം മാത്രം നേടി. പഴുതടച്ച പ്രതിരോധം, മിന്നലാക്രമണം പോലുള്ള തിരിച്ചടി. അതാണ് അറ്റ്‌ലാന്റയുടെ ശൈലി. ഇറ്റാലിയൻ ലീഗിൽ അറ്റ്‌ലാന്റയേക്കാൾ മികച്ച ആക്രമണ നിര ഇന്റർ മിലാനു മാത്രമേ ഉള്ളൂ. ഞായറാഴ്ച നാപ്പോളിക്കെതിരെ മുറിയേലും സപാറ്റയും റോബിൻ ഗോസൻസും ക്രിസ്റ്റിയൻ റോമിറോയും സ്‌കോർ ചെയ്തു. നാല് വ്യത്യസ്ത കളിക്കാർ ഒരു മത്സരത്തിൽ അവർക്കു വേണ്ടി ഈ സീസണിൽ സ്‌കോർ ചെയ്യുന്നത് നാലാം തവണയാണ്. 2016 ൽ ചുമതലയേറ്റ ഗസ്‌പെറീനിയാണ് അറ്റ്‌ലാന്റയെ യൂറോപ്പിലെ ശ്രദ്ധിക്കപ്പെടുന്ന ടീമാക്കി വളർത്തിയത്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ അരങ്ങേറി. അരങ്ങേറ്റ വർഷം തന്നെ ക്വാർട്ടർ ഫൈനലിലുമെത്തി. പ്രി ക്വാർട്ടറിൽ സ്പാനിഷ് വമ്പന്മാരായ വലൻസിയയെ കീഴടക്കി. ഇത്തവണ പ്രി ക്വാർട്ടറിൽ എതിരാളികൾ റയൽ മഡ്രീഡാണ്. മഡ്രീഡിൽ ഒരു ഗോൾ കുടിശ്ശിക തീർക്കാനാവുമെന്നാണ് അറ്റ്‌ലാന്റ വിശ്വസിക്കുന്നത്. അറ്റ്‌ലാന്റ ഇത്ര ചരിത്രസമ്പന്നമായ ഒരു ടീമിനെ മുമ്പൊരിക്കലും നേരിട്ടിട്ടില്ലെന്ന് ഗസ്‌പെറീനി ഓർമിപ്പിക്കുന്നു. 

 



 

Latest News