കൊച്ചി- പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ എടവനക്കാട് അണിയിൽ കാവുങ്കൽ വീട്ടിൽ ഗോകുലിനെ(25) പത്തു വർഷം തടവ് ശിക്ഷ. 25,000 രൂപ പിഴയും അടയ്ക്കണം. എറണാകുളം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. 17 വയസ്സുള്ള ഞാറയ്ക്കൽ സ്വദേശിനിയെ മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട് വശത്താക്കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ. പള്ളിപ്പുറം സ്വദേശിനിയെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുന്നതിനിടെ രക്തസ്രാവമുണ്ടായി മരിച്ച സംഭവത്തിലെ പ്രതിയാണ് ഇയാൾ.
പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം വീട്ടുകാർ അറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയും ഇയാൾ അറസ്റ്റിലാകുകയും ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ഈ കുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം കഴിക്കുകയും ചെയ്തു. ഗോകുലിന് മറ്റു പെൺകുട്ടികളുമായുള്ള ബന്ധങ്ങളും ലഹരി ഉപയോഗവും മർദനവും മൂലം പെൺകുട്ടി വീട്ടിലേക്കു തന്നെ തിരിച്ചു പോന്നു. ഈ കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
ഇതിനിടെയാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 11ന് പള്ളിപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ പ്രണയം നടിച്ച് ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയതും ലൈംഗികമായി ദുരുപയോഗം ചെയ്തതും. ഇതിനിടെ അമിത രക്തസ്രാവമുണ്ടായി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിയതിനാൽ പെൺകുട്ടി മരിച്ചു. പെൺകുട്ടി മരിച്ചതോടെ ഇയാൾ ആശുപത്രിയിൽനിന്നു കടന്നു കളഞ്ഞെങ്കിലും പിന്നീട് പിടികൂടി.