തിരുവനന്തപുരം- നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കുമെന്ന പ്രഖ്യാപനം വന്നതോടെ മൂന്ന് മുന്നണികളിലും തിരക്കിട്ട് സീറ്റ് ചർച്ചകൾ തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ മുന്നണിക്കുള്ളിലെ സീറ്റ് വിഭജനം പൂർത്തിയാക്കി പാർട്ടികളുടെ സ്ഥാനാർത്ഥി നിർണ്ണയവും കഴിഞ്ഞ് എല്ലാവരും കളത്തിലിറങ്ങേണ്ടതുണ്ട്. മൂന്ന് മുന്നണികളും സീറ്റ് വിഭജന ചർച്ചകൾ തിങ്കളാഴ്ച പൂർത്തിയാക്കും. ബുധനാഴ്ചക്കുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് എൽ.ഡിഎഫും യു.ഡി.എഫും പരിശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് ഇനി 39 ദിവസങ്ങൾ മാത്രമേയുള്ളു. മൂന്ന് മുന്നണികളും പുതുമുഖങ്ങളെയും പാർട്ടിക്ക് പുറത്തുനിന്നുള്ളവരെയും പരിഗണിക്കുന്നതിനാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ വെടിയും പുകയും ഉണ്ടാകുമെന്ന ആശങ്ക മൂന്ന് മുന്നണികൾക്കുമുണ്ട്. സ്ഥാനാർത്ഥി മോഹികൾ സ്വതന്ത്രരായി നിൽക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മെട്രോമാൻ ഇ.ശ്രീധരനെയും മുൻ ഡി.ജി.പി ജേക്കബ് തോമസിനെയും ബി.ജെ.പി കളത്തിലിറക്കും. രാജാമണി, ധർമ്മജൻ ബോൽഗാട്ടി തുടങ്ങിയ ചലച്ചിത്ര താരങ്ങളെ മത്സരരംഗത്തിറക്കാൻ കോൺഗ്രസും ശ്രമിക്കുന്നുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണജാഥകൾ പൂർത്തിയാക്കിയെങ്കിലും ബി.ജെ.പിയുടെ ജാഥ മാർച്ച് ആറിന് മാത്രമെ അവസാനിക്കൂ. കേരളാ കോൺഗ്രസിലെ ജോസ് കെ മാണി എൽ.ഡി.എഫിൽ ചേർന്നതോടെ ഘടകക്ഷികൾക്ക് നൽകിവരുന്ന സീറ്റുകളിൽ ചില്ലറ കുറവുകൾ ഉണ്ടാകും. യു.ഡി.എഫിനെ സംബന്ധിച്ച് അധികസീറ്റ് പങ്കുവയ്ക്കുന്നതിലാവും തർക്കത്തിന് സാധ്യത.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കാരണം പഴയതുപോലെ സീറ്റ് തർക്കം പുറത്തിട്ട് അലക്കാനുള്ള സാധ്യത കുറവാണ്. സീറ്റ് വിഭജനകാര്യത്തിൽ ഘടകകക്ഷികളുമായെല്ലാം സംസാരിച്ചുവെന്നും എല്ലാ ചർച്ചകളും അന്തിമഘട്ടത്തിലാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. തിങ്കളാഴ്ച ഓരോ കക്ഷിക്കുമുള്ള സീറ്റുകളുടെ കാര്യത്തിൽ അന്തിമ രൂപമുണ്ടാക്കും. മൂന്നാം തീയതി ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഒരോ കക്ഷികൾക്കുമുള്ള സീറ്റുകൾ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫിന്റെ പ്രകടന പത്രികയ്ക്ക് മൂന്നാം തീയതി അന്തിമരൂപം നൽകും. പ്രസിദ്ധീകരിക്കുന്ന തീയതിയും അന്ന് തിരുമാനിക്കും.
പതിവ് പോലെ ബി.ജെ.പിയെ ചൊല്ലി എൽ.ഡി.എഫും യു.ഡി.എഫും ആരോപണങ്ങളുടെ മൂർച്ച കൂട്ടിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സി.പി.എമ്മും ധാരണയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പത്തു സീറ്റുകളിൽ ബി.ജെ.പിയെ ജയിപ്പിക്കാനുള്ള അണിയറ നീക്കമാണ് സി.പി.എം നടത്തുന്നത്. ബാക്കിയുള്ള മണ്ഡലങ്ങളിൽ സി.പി.എമ്മിനെ സഹായിക്കാനും ബി.ജെ.പിയും ധാരണയാക്കിയിട്ടുണ്ട്. 30 ൽ കൂടുതൽ സീറ്റുകളിൽ ബി.ജെ.പി ജയിക്കുമെന്ന അവകാശവാദം മൗഢ്യമാണ്. സ്വപ്നലോകത്തിരുന്ന് ആർക്കും എന്തും പറയാമെന്നും മുല്ലപ്പള്ളി പറഞ്ഞു.






