പാലക്കാട് - ജില്ലയിലെ നാലു നിയമസഭാ മണ്ഡലങ്ങളിൽ തമിഴിലും ബാലറ്റ് വേണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ ഹൈക്കോടതിയെ സമീപിക്കും. പാലക്കാട്, ചിറ്റൂർ, നെന്മാറ, മണ്ണാർക്കാട് മണ്ഡലങ്ങളിലെ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ വോട്ടർമാരുടെ അവകാശമാണ് തമിഴ് ഭാഷയിലെ ബാലറ്റ് എന്ന് കൗൺസിൽ ജനറൽ സെക്രട്ടറി എം.പേച്ചിമുത്തു പറഞ്ഞു.
പല തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സർക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ വിഷയത്തിൽ ഇടപെടാതിരിക്കുന്ന സാഹചര്യത്തിലാണ് നീതി നേടി കോടതിയെ സമീപിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ നിലപാട് ശക്തമാക്കാൻ കഴിഞ്ഞ ദിവസം പാലക്കാട്ട് ചേർന്ന തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് മറ്റു ജില്ലകളിലും സമാനമായ സാഹചര്യമുണ്ട് എന്നും നിയമനടപടിയിലേക്ക് നീങ്ങുന്നതിനു മുമ്പ് അവരുമായും ആശയവിനിമയം നടത്തുമെന്നും പേച്ചിമുത്തു പറഞ്ഞു.
ഭാഷാ ന്യൂനപക്ഷ മേഖലകളിൽ താമസിക്കുന്നവർക്ക് പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളുടെ ചുവടുപിടിച്ചാണ് തമിഴ് ഭാഷയിൽ ബാലറ്റ് എന്ന ആവശ്യം ഉയരുന്നത്. 1961ലെ സർക്കാർ ഉത്തരവ് അനുസരിച്ച് ഭാഷാന്യൂനപക്ഷ മേഖലകളിൽ സർക്കാരുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അതാത് ന്യൂനപക്ഷ ഭാഷകളിൽ കൂടി നൽകണം.
മലയാളഭാഷ വായിക്കാനാവാത്ത നിരവധി പേർ ജില്ലയിലുണ്ടെന്നും അതുമൂലം അവർക്ക് പോളിംഗ് ബൂത്തിൽ ഏറെ ബുദ്ധിമ്മുട്ട് അനുഭവിക്കേണ്ടി വരുന്നുണ്ടെന്നുമാണ് തമിഴിൽ ബാലറ്റ് വേണമെന്നാവശ്യപ്പെടുന്നവരുടെ വാദം. ഇതുമായി ബന്ധപ്പെട്ട് തമിഴ് പ്രൊട്ടക്ഷൻ കൗൺസിൽ നേരത്തേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകിയിരുന്നു. എന്നാൽ അനുകൂലനടപടികളൊന്നും ഉണ്ടായില്ല.
പാലക്കാട് ജില്ലയിൽ മാത്രമല്ല പ്രശ്നം നിലനിൽക്കുന്നത് എന്ന് പേച്ചിമുത്തു പറയുന്നു. 'ഇടുക്കി, തിരുവനന്തപുരം ജില്ലകളിലും സമാനമായ സാഹചര്യമാണ് ഉള്ളത്. കാസർകോട്, വയനാട് ജില്ലകളിലെ കന്നഡക്കാരും ഏറെ ബുദ്ധിമുട്ട് അനുവദിക്കുന്നുണ്ട്. മറ്റെല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിലാണ് നിയമനടപടികളിലേക്ക് നീങ്ങാൻ നിർബ്ബന്ധിതരായിരിക്കുന്നത്. കോടതിയെ സമീപിക്കുന്നതിനു മുമ്പ് സമാന മനസ്കരുമായി വിഷയത്തിൽ ആശയവിനിമയം നടത്തും'- അദ്ദേഹം വ്യക്തമാക്കി.






