ദുബായ്- മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയതിന്റെ ദേഷ്യത്തില്‍ പിണങ്ങിയ ഇന്ത്യന്‍ ബാലികയെ കാണാതായ കേസ് സമര്‍ത്ഥമായി തെളിയിച്ച് ദുബായ് പോലീസ്. വീടിന്റെ മുകള്‍ത്തട്ടില്‍ ഒളിച്ചിരുന്ന കുട്ടിയെ പിന്നീട് കണ്ടെത്തുകയായിരുന്നു. ദുബായ് ഉമ്മുസുഖീമിലാണ് സംഭവം നടന്നത്. ബര്‍ഷയിലെ സ്‌കൂളില്‍ 11þ ാം ക്ലാസില്‍ പഠിക്കുന്ന ഹരിണി കറാനി (16) യെയാണ് കാണാതായത്. രാവിലെ നടക്കാനിറങ്ങിയ കുട്ടിയെ പിന്നീട് കാണാതായപ്പോള്‍ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അന്വേഷണം സജീവമാക്കി. സാമൂഹ്യ മാധ്യമങ്ങളിലും കുട്ടിയെ കാണാതായ വാര്‍ത്ത പരന്നു. എവിടെനിന്നും ഒരു വിവരവും ലഭിച്ചില്ല. ഒടുവില്‍ പോലീസെത്തി തെരഞ്ഞപ്പോഴാണ് വീടിന്റെ മുകള്‍ നിലയില്‍ ഹരിണി ഒളിച്ചിരിക്കുന്നത് കണ്ടത്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ട മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയതാണ് പ്രശ്‌നത്തിന് കാരണമായത്. മകളെ കണ്ടെത്താന്‍ സഹായിച്ച ദുബായ് പോലീസിന് ഹരിണിയുടെ മാതാപിതാക്കള്‍ കൃതജ്ഞത അറിയിച്ചു.






