ഒരു ജീവി വർഗമെന്ന നിലയിൽ ഏറ്റവും അരക്ഷിതമായ കാലത്താണ് മനുഷ്യൻ ഇന്ന് ജീവിക്കുന്നത്. അതിനാൽ ആന്തരികമായ ശാന്തിയേയും സന്തോഷത്തേയും ഉണർത്താനുള്ള ജൈവികമായ പ്രേരണ മനുഷ്യനിലുണ്ടായി എന്നത് മഹാമാരികൾ നൽകിയ കാലഘട്ടത്തിന്റെ സവിശേഷതയാണ്. അതിന് തെളിവാണ് മിക്ക ചെറുകിട ബിസിനസ് സംരഭങ്ങളും തളർന്നിട്ടും വഴിയോരങ്ങളിൽ പുതുതായി മുളച്ചു പൊന്തുന്ന പച്ചത്തുരുത്തുകളായ അലങ്കാരച്ചെടികളുടെയും മറ്റും വിൽപ്പന കേന്ദ്രങ്ങൾ.
ജീവിതത്തിന്റെ നൈമിഷിക സൗന്ദര്യങ്ങളെ പ്രിയതരമായ അനുഭവങ്ങളാക്കി മാറ്റുന്നതിനും വീണുകിട്ടുന്ന ഇടവേളകളെ സല്ലാപങ്ങളുടേയും ഉല്ലാസത്തിന്റെയും തുടർച്ച മുറിയാത്ത ഓർമ്മകളാക്കി കാത്തു വെക്കുന്നതിനും ഏറെ തല്പരരാണ് യുവതലമുറ. ഈ അന്വേഷണമാണ് പൊതു സമൂഹത്തിന്റെ സുപ്രധാന വ്യവഹാരമണ്ഡലമായ വിപണിയേയും ഇതര തലങ്ങളേയും ഊർജ്ജസ്വലവും പ്രസാദപൂർണ്ണവുമാക്കുന്നത്.
സാമ്പ്രദായികതയുടെ കുടുസ്സുവട്ടങ്ങളെ മറികടന്ന് സുന്ദരവും നവീനവുമായ തുറസ്സുകൾ അന്വേഷിക്കുന്നവരിലേക്കാണ്, പുതുതലമുറയുടെ അഭിനിവേശങ്ങളെ തൊട്ടറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാർ ഇഛദഥ എന്ന ആർട്ട് കഫേ തുറന്നുവെയ്ക്കുന്നത്. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്കടുത്ത് അങ്ങാടിപ്പുറത്താണ് കഫേ പ്രവർത്തിക്കുന്നത്. കവിയും ചിത്രകാരിയുമായ മീരാ രമേഷാണ് ജില്ലയിലെ ആദ്യത്തെ ആർട്ട് കഫേയായ 'ഇഛദഥ അൃ േഇഅഎസ്ല' യുടെ ഉള്ളറകളെ രൂപകല്പന ചെയ്ത് അണിയിച്ചൊരുക്കിയിരിക്കുന്നത്. റിംഷാദ്,വിജേഷ്,സന്തോഷ്, ഫാസിൽ എന്നിവരാണ് രുചിയൂറും വിഭവങ്ങൾ കൂടി വാഗ്ദാനം ചെയ്യുന്ന ഈ സ്ഥാപനത്തിന്റെ പാർട്ട്ണർമാർ.
നഗരത്തിരക്കുകളിൽ പ്രകൃതിയുടെ കുളിർമ ആഗ്രഹിക്കുന്നവർക്കായി വൃക്ഷനിബിഡമായ വനത്തിന്റെ ഹരിതപ്രതീതിയും മുളം കുടിലും ചിത്രലിഖിതങ്ങളുടെ സമ്പന്നതയുമെല്ലാം ഒരുമിച്ച് നാലു ചുവരുകൾക്കുള്ളിലേക്ക് സന്നിവേശിപ്പിക്കാൻ ഈ ആർട്ട് കഫേയുടെ അന്തരീക്ഷത്തിന് കഴിയുന്നു. തിരക്കുകളിൽനിന്ന് ഏകാന്തതയുടെ ഇടവേളകൾ തേടിയെത്തുന്നവർക്കും പ്രണയികൾക്കും ഒത്തുകൂടലിന്റെ ഇമ്പം തേടിയെത്തുന്ന കുടുംബങ്ങൾക്കും ഒരുപോലെ ശാന്തിയും ആനന്ദവും നൽകുന്ന ഇടമാണ് എന്നതാണ് ആർട്ട് കഫേയുടെ പ്രത്യേകത. ഒപ്പം ഒരു ലൈബ്രറിയുടെ പ്രതീതിയും പ്രശാന്തിയും നൽകി വായനപ്രിയർക്കായി ഷെൽഫിൽ പുസ്തകങ്ങളും ഒരുക്കിയിട്ടുണ്ട്.
മഹാമാരിയുടെ അരക്ഷിത കാലത്തിനും മുന്നേ കലയും ജീവിതവും കൊണ്ട് ജൈവികമായ ഉൺമ തേടുന്ന സാകല്യ അനുഭവമായിരുന്നു മീരാ രമേഷിന് കവിതയും ചിത്രകലയും. പ്രകൃതിയെ മനുഷ്യനിൽ നിന്ന് വേർപെടുത്താതെ മനുഷ്യന്റെ ജൈവിക സത്തയെ ഇല നാമ്പുകളിലും മണ്ണിലും കണ്ടെത്തുന്ന സാത്വികമായ ഒരു അന്വേഷണ സ്വഭാവം മീരയുടെ കലാ പ്രവർത്തനങ്ങൾക്ക് മിഴിവേകുന്നു. അതുകൊണ്ടു തന്നെ മീരയുടെ പുതിയ പരിശ്രമമായ ആർട്ട് കഫേയിലെ ഇന്റീരിയർ, മീരയെ അറിയുന്നവരെ അത്ഭുതപ്പെടുത്തില്ല.
മലയാളിയെ ഏറ്റവും രസിപ്പിച്ച നർമ്മത്തിന്റെ ക്ലാസ്സിക് അനുഭവങ്ങൾ സമ്മാനിച്ച യോദ്ധാ എന്ന സിനിമയിലെ രസകരവും സൗന്ദര്യാത്മകവുമായ കാരിക്കേച്ചറുകളും ഡയലോഗുകളുമായി കഫേയിലെത്തുന്നവർ പെട്ടന്ന് ചങ്ങാത്തത്തിലാവുന്നു .
'ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലേ' എന്ന അരശും മൂട്ടിൽ അപ്പുക്കുട്ടന്റെ ഡയലോഗിനാൽ കഫേയിലേയ്ക്ക് സ്വീകരിക്കപ്പെടുന്ന നമ്മൾ കോൺക്രീറ്റ് കെട്ടിടത്തിനുള്ളിൽ ഒരു കാടകത്തിന്റെ പ്രതീതി യാഥാർത്ഥ്യത്തിലേക്ക് വഴുതിപ്പോവുന്നു. ജി.ഐ പൈപ്പിനെ മുളന്തുണ്ടാക്കുന്ന ഈ കലാകാരി കൈ വയ്ക്കാത്ത മേഖലകൾ വിരളമാണ്. കവിത, വിവർത്തനം, ചിത്രരചന, കോസ്റ്റിയൂം ഡിസൈനിംഗ്, ഇന്റീരിയർ ഡിസൈനിംഗ്, സംഗീതം, ഛായഗ്രഹണം എഡിറ്റിംഗ് വരെ മീരയ്ക്ക് അനായാസം വഴങ്ങുന്നു. മലപ്പുറം ജില്ലയിലെ ആനമങ്ങാട് സ്വദേശിനിയായ മീരയുടെ നമ്പർ : 9061812222