Sorry, you need to enable JavaScript to visit this website.
Friday , May   07, 2021
Friday , May   07, 2021

ഷഹനാസിന്റെ ചിത്രലോകം

സി.കെ. ഷഹനാസ്
ഷഹനാസ് ഫോട്ടോ ഷോപ്പിൽ സ്‌ക്രിബിൾ ആർട്ട് പെൻ കൊണ്ട് ചെയ്ത പോർട്രയ്റ്റ്


അജ്മാൻ ഹാബിറ്റാറ്റ് സ്‌കൂളിലെ ചിത്രകലാ അധ്യാപികയായ സി.കെ. ഷഹനാസ് പ്രകൃതിയുടെ സൗന്ദര്യമൊപ്പിയെടുക്കുന്ന വേറിട്ട ചിത്രങ്ങളിലൂടെ സഹൃദയലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. ജലച്ചായവും ഓയിലും അക്രലിക്ക് പെയിന്റിംഗുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഈ മയ്യഴിപ്പുഴയുടെ കലാകാരി ഓരോ വർക്കിനൊപ്പവും പെൻവർക്കു കൂടി ചെയ്താണ് ചിത്രങ്ങളെ സവിശേഷമാക്കുന്നത്.
ഓരോ വർക്കിലും സ്വന്തമായ ചില മുദ്രകൾ കോറിയിടാൻ ശ്രദ്ധിക്കുന്ന ഷഹനാസിന്റെ ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ തീർക്കുന്ന പെൻവർക്കുകളാൽ സൃഷ്ടിക്കുന്ന രേഖാചിത്രങ്ങളാണോ അതല്ല ആധുനികതയും പൗരാണികതയും സമന്വയിപ്പിക്കുന്ന വ്യത്യസ്്തമായ ശൈലിയാണോ ഷഹനാസിന്റെ ചിത്രങ്ങളെ വ്യതിരിക്തമാക്കുന്നതെന്ന് കൃത്യമായി പറയാനാവില്ല. അത്രക്കും മികച്ച കോമ്പിനേഷനിലാണ് ഷഹനാസ് കാൻവാസുകളെ മനോഹരമാക്കുന്നത്. ഷഹനാസിന്റെ പേനയും പെൻസിലും ബ്രഷുമൊക്കെ ഒരേ ചിന്തയിലാണ് കലാനിർവഹണത്തിൽ സഹകരിക്കുന്നത്. തികഞ്ഞ സൂക്ഷ്മതയോടെ വരച്ചെടുക്കുന്ന ഓരോ ചിത്രങ്ങളും ആശയഗാംഭീര്യവും പൂർണതയും നൽകുമ്പോൾ ചിത്രങ്ങൾ കൂടുതൽ സ്വീകാര്യമാകുന്നു.
കേരളത്തിനകത്തും പുറത്തും ഒറ്റക്കും കൂട്ടായും നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തപ്പോഴൊക്കെ സഹൃദയ ലോകം പ്രത്യേകം പരാമർശിച്ചതും ഈ പെൻവർക്കിന്റെ സവിശേഷതയായിരുന്നുവെന്ന കാര്യം ഷഹനാസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
പ്രകൃതിയുടെ മനോഹാരിതയും കാൽപനികതയുടെ വിശാലതയും സമന്വയിപ്പിക്കുന്ന ഷഹനാസിന്റെ ചിത്രങ്ങൾ മഹത്തായ സന്ദേശങ്ങളാണ് പങ്കുവെക്കുന്നത്. കല കേവലം സൗന്ദര്യത്തിന്റെ സാക്ഷാൽക്കാരത്തിനപ്പുറം ആശയങ്ങളുടെ ആവിഷ്‌ക്കാരവുമാണെന്നാണ് ഷഹനാസ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ കാൻവാസിൽ വിരിയുന്ന ഓരോ ചിത്രവും വിപുലമായ ആശയവും പൊരുളുകളുമുള്ളതാണ്.


ഷഹനാസിന് കലയാണ് ജീവിതം. വരയിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയും പുതിയ സംവിധാനങ്ങൾ പഠിച്ചും പ്രയോഗിച്ചുമൊക്കെയാണ് സർഗസഞ്ചാരത്തിന്റെ സവിശേഷമായ വഴികളിലൂടെ ഷഹനാസ് മുന്നോട്ടുപോകുന്നത്. പരമ്പരാഗത രീതിയിലുള്ള വർക്കുകൾക്കൊപ്പം മോഡേൺ ആർട്ടും സമന്വയിപ്പിച്ചുള്ള ചിത്രങ്ങൾക്ക് ലോകാടിസ്ഥാനത്തിൽ സ്വീകാര്യത ലഭിക്കുന്നുവെന്നത് പ്രത്യേക പരാമർശം അർഹിക്കുന്നു. സ്വദേശീയവും വിദേശീയവുമായ നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്ത ഷഹനാസിന്റെ ചിത്രങ്ങൾ ഇന്ത്യക്ക് പുറമേ അമേരിക്ക, ജർമനി, ജപ്പാൻ, ഡെൻമാർക്, വിയറ്റ്‌നാം, യു.എ.ഇ, ബഹ്‌റൈൻ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കപ്പെടുകയും വിൽപന നടക്കുകയും ചെയ്തിട്ടുണ്ട്. 
ലോകത്തെമ്പാടുമുള്ള കലാകാരൻമാരുടേയും എഴുത്തുകാരുടേയും കൂട്ടായ്മയായ സ്റ്റാൻഡ്‌സിന്റെ സൈറ്റിൽ ഷഹനാസിന്റെ ചിത്രങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്.
ഫോട്ടോഷോപ്പിലെ സ്‌ക്രിബിൾ ആർട് പെൻ കൊണ്ട് വിസ്മയം തീർക്കുന്ന ഷഹനാസ് വളരെ കുറഞ്ഞ സമയം കൊണ്ടാണ് മനോഹരങ്ങളായ പോർട്രെയിറ്റുകൾ തീർക്കുന്നത്. ജീവൻ തുടിക്കുന്ന ചിത്രങ്ങളും പോർട്രെയിറ്റുകളുമടങ്ങുന്ന ഒരു വലിയ ശേഖരം തന്നെ ഷഹനാസിന് സ്വന്തമായുണ്ട്. മയ്യഴി റെയിൽവേ സ്‌റ്റേഷൻ റോഡിൽ ചെമ്മങ്ങാടൻ ഹൗസിൽ പരേതനായ സി.കെ. ഉസ്മാന്റേയും ആയിഷയുടെയും മകളായ ഷഹനാസ് ചെറുപ്രായത്തിലേ വരകളോട് ആഭിമുഖ്യം കാണിച്ചിരുന്നു. വീട്ടുകാരും അധ്യാപകരുമൊരു പോലെ പ്രോൽസാഹിപ്പിക്കുകയും എല്ലാ പിന്തുണയും നൽകുകയും ചെയ്തതാണ് തന്റെ കലാജീവിതത്തിന് കരുത്ത് പകർന്നതെന്നാണ് ഷഹനാസ് കരുതുന്നത്.


തന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞ് വളരാൻ വെളിച്ചമേകിയ പ്രൈമറി സ്‌കൂളിലെ പാർവതി ടീച്ചറേയും യു.പി സ്‌കൂളിലെ നളിനി ടീച്ചറേയും ഹൈസ്‌കൂളിലെ രാജൻ മാഷേയും ആർട് സ്‌കൂളിലെ പ്രിയപ്പെട്ട അധ്യാപകരായ സുരേഷ്, രാജേഷ്, മനീഷ ടീച്ചർ, ശെൽവൻ എന്നിവരേയും ജലച്ചായങ്ങളുടെ ചക്രവർത്തിയെന്നറിയപ്പെടുന്ന സാധു അലിയൂർ എന്നിവരെയൊക്കെ കൃതജ്ഞതയോടെ മാത്രമേ ഓർക്കാനാകൂ. അവരുടെയൊക്കെ അനുഗ്രഹവും പൊരുത്തവും തന്നെയാകാം നിരവധി ലോകോത്തര പ്രദർശനങ്ങളിൽ പെയിന്റിംഗുകൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചത്.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ചിത്ര കല, മൾട്ടി മീഡിയ അനിമേഷൻ എന്നിവയിൽ ഡിപ്ലോമയുമുള്ള ഷഹനാസ് ഫാഷൻ ഡിസൈനിംഗിലും പരിശീലനം നേടിയിട്ടുണ്ട്. ഫാഷൻ ഡിസൈനറായും അധ്യാപികയായുമാണ് ജോലി നോക്കിയതെങ്കിലും ചിത്രങ്ങളോടുള്ള അഗാധമായ പ്രണയമാണ് ഈ കലാകാരിയെ മുന്നോട്ടുനയിക്കുന്നത്. അതുകൊണ്ട് തന്നെ ജോലിയോടൊപ്പം ദേശീയവും അന്തർദേശീയവുമായ നിരവധി പ്രദർശനങ്ങളിലും പങ്കെടുക്കാൻ ഈ കലാകാരി ശ്രദ്ധിക്കാറുണ്ട്. ബഹ്‌റൈനിലും അബുദാബിയിലും ജോലി ചെയ്ത ശേഷം 2018 മുതൽ ഹാബിറ്റാറ്റ് സ്‌കൂളിലാണ് ഷഹനാസ് ജോലി ചെയ്യുന്നത്.
ലൈവ് പെയിന്റിംഗ്, ഗ്രൂപ്പ് ഷോ, സോളോ ഷോ തുടങ്ങി വിവിധ പരിപാടികളിൽ സജീവമാകുമ്പോഴും ക്രിയാത്മകതയുടെ പുതിയ ലോകം തേടിയുള്ള അന്വേഷണമാണ് ഷഹനാസിന്റെ ലോകം. ഭാവനയുടെ അതിരുകളില്ലാത്ത ലോകത്ത് സൗന്ദര്യത്തിന്റെ വിസ്മയങ്ങൾ തീർക്കുന്ന സക്രിയമായ ദിനങ്ങളാണ് ജീവിതം മനോഹരമാക്കുന്നതെന്നാണ് ഈ കലാകാരി കരുതുന്നത്.

Latest News