Sorry, you need to enable JavaScript to visit this website.

നീതിയുടെ ടൂൾ കിറ്റ്

വിയോജിപ്പിന്റെ സ്വരങ്ങളെ രാജ്യദ്രോഹമായി മുദ്ര കുത്തി അടിച്ചമർത്താനുള്ള ഭരണകൂട ശ്രമങ്ങളെ പൊളിച്ചുകാണിക്കുന്നതാണ് ദിഷ രവിക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ദൽഹി കോടതിയുടെ വിധി. പരമോന്നത കോടതിയുടെ പോലും വിശ്വാസ്യതക്ക് പോറലേൽക്കുന്ന കാലത്ത്, താഴേത്തട്ടിലുള്ള ഒരു ജഡ്ജി നീതിയുടെ ടൂൾ കിറ്റ് ഉയർത്തിപ്പിടിക്കുന്നത് പ്രതീക്ഷ പകരുന്നതാണ്. ഇന്ത്യയുടെ മഹിതമായ ജുഡീഷ്യൽ പാരമ്പര്യത്തിന്റെ തുടർച്ചയാണത്.

യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ദൽഹി പട്യാല കോടതി ജഡ്ജി ധർമേന്ദർ റാണയുടെ വിധി പ്രസ്താവത്തെക്കുറിച്ച് എഴുതിയ മുഖപ്രസംഗത്തിന് ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രം നൽകിയ തലക്കെട്ട് താങ്ക് യു എന്നായിരുന്നു. ഇന്ത്യൻ ജുഡീഷ്യറി കടന്നുപോകുന്ന സമകാലീന സാഹചര്യം മുന്നിൽ വെച്ചുനോക്കുമ്പോൾ ഈ നന്ദിവാക്കിനേക്കാൾ അർഥവത്തായി മറ്റൊരു തലക്കെട്ടുമില്ല. ഈ ആസുരകാലത്ത് ഇന്ത്യൻ ജുഡീഷ്യറി ചെയ്യേണ്ട കാര്യം തന്നെയാണ് ദൽഹിയിലെ ആ കോടതി ചെയ്തത്. 
ഒരു ഭരണഘടനാ ജനാധിപത്യത്തെ സംബന്ധിച്ച ഏറ്റവും നിർണായകവും സുപ്രധാനവുമായ നിരീക്ഷണങ്ങളും പ്രസ്താവനകളും അടങ്ങുന്നതാണ് ധർമേന്ദർ റാണയുടെ വിധി. നീതിയുടെ ടൂൾ കിറ്റ് എന്നതിനെ വിശേഷിപ്പിക്കാം. പരമോന്നത കോടതിയുടെ പോലും വിശ്വാസ്യതക്ക് പോറലേൽക്കുന്ന കാലത്ത്, താഴേത്തട്ടിലുള്ള ന്യായാധിപന്മാർ, ഭീതിയോ പ്രീതിയോ കൂടാതെ വിധി നടത്താൻ ആർജവം കാണിക്കുന്നുവെന്നത് രാജ്യത്ത് പ്രതീക്ഷയുടെ തിരി കെട്ടിട്ടില്ല എന്നതിന്റെ സൂചനയാണ്. പല ഹൈക്കോടതികളും സുപ്രീം കോടതി പോലും പലപ്പോഴും വിധിന്യായങ്ങൾ വായിക്കുമ്പോൾ, ജുഡീഷ്യറിയും അനിവാര്യമായ മൂല്യത്തകർച്ചയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു എന്ന തോന്നലുളവാകുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
കർഷക സമരത്തെ ഒരു അന്താരാഷ്ട്ര ഗൂഢാലോചനയായി മുദ്ര കുത്താനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായിരുന്നു ടൂൾ കിറ്റ് കേസും ദിഷ രവി അടക്കമുള്ളവരുടെ അറസ്റ്റുമെന്നത് സുവ്യക്തമാണ്. ലോകമറിയുന്ന പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗിനെപ്പോലും സംശയത്തിന്റെ മുനയിൽ നിർത്താൻ സർക്കാർ ശ്രമിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രീതിക്ക് ഇരയായ ഗ്രെറ്റ നമ്മുടെ ഭരണ സംവിധാനത്തിനും ചതുർഥിയാകുന്നതിൽ അത്ഭുതമില്ല. അന്താരാഷ്ട്ര തലത്തിൽ ഇപ്പോഴും അണഞ്ഞുപോയിട്ടില്ലാത്ത ഖലിസ്ഥാനി പ്രസ്ഥാനത്തെ, കർഷക സമരവുമായി കൂട്ടിക്കെട്ടാനും അതുവഴി ദുർബലപ്പെടുത്താനുമുള്ള സർക്കാർ നീക്കങ്ങളുടെ ഭാഗമാണിതെന്ന സംശയം ശക്തമാണ്. ഒരിക്കൽ രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുകയും ഒരു പ്രധാനമന്ത്രിയുടെ ജീവത്യാഗത്തിന് വരെ കാരണമാകുകയും ചെയ്ത ഖലിസ്ഥാൻ പ്രസ്ഥാനത്തെ വീണ്ടും സജീവമാക്കാൻ മാത്രമേ ഇത്തരം ശ്രമങ്ങൾ സഹായിക്കൂ എന്നതാണ് ഈ കുത്സിതവൃത്തിയുടെ മറുപുറം.
പൗരന്റെ അഭിപ്രായ പ്രകടന  സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്ന നിരീക്ഷണങ്ങളോടെയാണ് ദൽഹിയിലെ വിചാരണ കോടതി ജഡ്ജി ദിഷക്ക് ജാമ്യം അനുവദിച്ചത്. ഏകാധിപത്യപരമായ ഭരണകൂട പ്രവർത്തനത്തിനെതിരെ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഏറ്റുമുട്ടുന്ന സന്ദർഭത്തിൽ ജുഡീഷ്യറിക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇത് വാസ്തവത്തിൽ സർക്കാരിനെന്നതിനുപരി, നമ്മുടെ ജുഡീഷ്യൽ സംവിധാനത്തിന് തന്നെ ദിശാസൂചകമാവേണ്ടതാണ്. ഇന്ത്യൻ ജുഡീഷ്യറിയുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു കീഴ്‌ക്കോടതി ജഡ്ജിക്ക് ഓർമിപ്പിക്കേണ്ടി വരുന്ന ദുരവസ്ഥയും ഒഴിവാക്കപ്പെടേണ്ടതായിരുന്നു.
ദിഷയുടെ പ്രവൃത്തി വേർതിരിച്ചു കാണേണ്ടതായിരുന്നുവെന്ന് ജഡ്ജി ധർമേന്ദർ റാണ ചൂണ്ടിക്കാട്ടി. വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ സമാധാനപരമായ പ്രക്ഷോഭം അല്ലെങ്കിൽ വിയോജിപ്പാണോ ദിഷ നടത്തിയത്, അതോ, ഈ നിയമ നിർമാണത്തിനെതിരെന്ന വ്യാജേന അവർ ശരിക്കും രാജ്യദ്രോഹ പ്രവൃത്തിയിൽ ഏർപ്പെട്ടോ എന്ന കാര്യത്തിൽ പോലീസ് വ്യക്തത വരുത്തണമായിരുന്നു എന്നദ്ദേഹം പറഞ്ഞു. ദിഷക്കെതിരെ കേസ് ചുമത്താൻ കാരണമായ ടൂൾ കിറ്റും അനുബന്ധ സംഭവ വികാസങ്ങളും 124 എ വകുപ്പിന്റെ പരിധിയിൽ പെടുത്താവുന്ന രാജ്യദ്രോഹ കുറ്റമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. നിയമപരമായി സ്ഥാപിക്കപ്പെട്ട ഭരണകൂടത്തിനെതിരെ നടത്തിയ രാജ്യദ്രോഹപരമായ പ്രവർത്തനമാണെന്നത് സാധൂകരിക്കാൻ തെളിവില്ല. ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 153 എ വകുപ്പ് പരിശോധിച്ചാലും പോലീസ് പറയുന്ന കുറ്റം നിലനിൽക്കില്ല. മതപരമോ വംശീയമോ ആയ കാരണങ്ങളുടെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ വൈരം വളർത്തുന്ന പ്രവർത്തനങ്ങളെ വിലക്കുന്നതാണ് ഈ വകുപ്പ്. ദിഷ കുറ്റക്കാരിയാണെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷൻ കൊണ്ടുവന്ന എല്ലാ സാങ്കൽപിക കഥകളെയും ജഡ്ജി റാണ നിർദയം തള്ളുകയായിരുന്നു. വിശാലമായ ഗൂഢാലോചനയുടെ ഭാഗമാണ് ടൂൾ കിറ്റെന്നും മറ്റുമുള്ള പ്രോസിക്യൂഷൻ വാദത്തിന് അദ്ദേഹത്തിന്റെ നീതിബോധത്തെ പിടിച്ചുലക്കാൻ കഴിഞ്ഞില്ല. 
വിയോജിപ്പിന്റെ സ്വരങ്ങൾക്ക് മേൽ രാജ്യദ്രോഹത്തിന്റെ കറുത്ത ചിറകുകൾ വീശിപ്പറക്കുന്ന കാലത്ത് റാണയുടെ ധീരമായ വാക്കുകൾ ജുഡീഷ്യറിക്കും സാധാരണ പൗരന്മാർക്കും നൽകുന്ന ആശ്വാസം ചെറുതല്ല. 124 എ, 153 എ വകുപ്പുകൾ കൂസലില്ലാതെ എടുത്തു പ്രയോഗിക്കാൻ പോലീസിനും അതിന് കൈയൊപ്പ് ചാർത്താൻ നമ്മുടെ കോടതികൾക്കും മടിയില്ലാത്ത കാലത്താണ് അതിശക്തമായ ഭരണകൂട താൽപര്യങ്ങൾക്കെതിരെ തൂലിക ചലിപ്പിക്കാൻ ചില ന്യായാധിപൻമാർക്കെങ്കിലുമാകുന്നത് എന്നത് ചില്ലറക്കാര്യമല്ല. സർക്കാരിനെതിരായ എന്തു കാര്യങ്ങളെയും ഗൂഢാലോചനയെന്ന് ആരോപിച്ച് തടവിലാക്കാനും കേസെടുത്ത് പീഡിപ്പിക്കാനും ഭരണകൂടങ്ങൾ ശ്രമിക്കുന്ന കാലത്ത്, എല്ലാ കോടതികൾക്കും മാതൃകയാക്കാവുന്ന നിരീക്ഷണങ്ങളാണ് ധർമേന്ദർ റാണ നടത്തിയത്. വിയോജിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തെ തടയാൻ ഭരണകൂടത്തിന് കഴിയില്ലെന്ന് അടിവരയിട്ട് പറയുന്നതാണ് ആ വിധി. നിരവധി സുപ്രീം കോടതി വിധികളെയും ഹൈക്കോടതി വിധികളെയും ഉദ്ധരിച്ചുകൊണ്ടുള്ള വിധിപ്രസ്താവമാണ് അദ്ദേഹം നടത്തിയത്. 
സങ്കൽപിച്ചുണ്ടാക്കുന്ന സാധ്യതകൾക്കപ്പുറം വ്യക്തമായ തെളിവില്ലാതെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാവില്ലെന്ന് 1998 ലെ മുംബൈ ഹൈക്കോടതി വിധി ഉദ്ധരിച്ച് റാണ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ പത്തൊമ്പതാം അനുഛേദം വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നു എന്ന നിരീക്ഷണവും നമ്മുടെ ഉയർന്ന കോടതികൾക്ക് റാണ നൽകുന്ന പാഠമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും പ്രകടിപ്പിക്കുമ്പോൾ അത് ആഗോള തലത്തിലുള്ള ശ്രോതാക്കളെയും ഉൾക്കൊള്ളുന്നതാണ് എന്ന വിലയിരുത്തിയതിലൂടെ അന്താരാഷ്ട്ര ഗൂഢാലോചന എന്ന വാദവും അദ്ദേഹം തള്ളിക്കളയുന്നു. വിയോജിപ്പിന്റെ സ്വരങ്ങളെ അടിച്ചമർത്താനൊരുങ്ങുന്ന ഏതൊരു സർക്കാരിനും മുൻപിൽ ഇന്ത്യയുടെ മഹിതമായ ജുഡീഷ്യൽ പാരമ്പര്യത്തിന് നൽകാനുള്ള മറുപടിയാണ് ദിഷ രവി കേസ്.
ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കുകയും വർഗീയ ധ്രുവീകരണത്തിലൂടെ അധികാരം നിലനിർത്താൻ ശ്രമിക്കുകയും പീഡനങ്ങളിലൂടെയും ഭയപ്പെടുത്തിയും പൗരാവകാശങ്ങളെ ധ്വംസിക്കുകയും ചെയ്യുന്നവരുടെ ടൂൾ കിറ്റിൽ എന്തൊക്കെയാണുള്ളത് എന്ന് മിഥാലി ശരൺ ശക്തമായ ഒരു ലേഖനത്തിലൂടെ നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. ജെ.എൻ.യു ഒരു തുക്‌ഡെ, തുക്‌ഡെ സംഘമാണ്, കശ്മീരികൾ ഭീകരവാദികളാണ്, മുസ്‌ലിംകൾ വഞ്ചകരാണ്, ലിബറലുകളെല്ലാം കമ്യൂണിസ്റ്റുകളും കമ്യൂണിസ്റ്റുകൾ ദേശവിരുദ്ധരുമാണ്, വിയോജിക്കുന്നത് രാജ്യദ്രോഹമാണ്, ബുദ്ധിജീവികൾ അർബൻ നക്‌സലുകളാണ്, കോൺഗ്രസിനെ പിന്തുണക്കുന്നവർ അടിമകളാണ്, പ്രക്ഷോഭകർ സമര ജീവികളാണ്, ആക്ടിവിസ്റ്റുകൾ വികസന വിരുദ്ധരാണ്, മാധ്യമ പ്രവർത്തകർ പ്രൊസ്റ്റിറ്റിയൂട്ടുകളാണ്, ഷഹീൻ ബാഗ് പാക്കിസ്ഥാനാണ്, കർഷകർ ഖലിസ്ഥാനികളാണ്, മതേതരത്വം കാപട്യമാണ്, കൊമേഡിയൻമാർ വെറുപ്പ് പരത്തുന്നവരാണ്, ജഴ്‌സിപ്പശുക്കൾ കൊള്ളില്ല, ഇന്ത്യൻ പശു ചുരത്തുന്നത് സ്വർണമാണ്, ടൂൾ കിറ്റെന്നാൽ ഇന്ത്യക്കെതിരായ യുദ്ധമാണ്.....
ഓരോ ഇന്ത്യക്കാരന്റെയും ബോധമണ്ഡലത്തിലേക്ക് അനുനിമിഷം അടിച്ചുകയറ്റപ്പെടുന്ന പ്രോപഗണ്ടയുടെ ഈ ടൂൾ കിറ്റിനേക്കാൾ നാശകാരിയായ, ഇന്ത്യ എന്ന ആശയത്തെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന മറ്റെന്താണുള്ളത്? ദിഷയെ ഇരുമ്പഴികൾക്കുള്ളിൽനിന്ന് പുറത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമ്പോൾ ധർമേന്ദർ റാണയെന്ന ജഡ്ജിയോട് നന്ദി എന്നല്ലാതെ മറ്റെന്താണ് നാം പറയുക.


 

Latest News