Sorry, you need to enable JavaScript to visit this website.

ദേഷ്യം: നിയന്ത്രിക്കപ്പെടേണ്ട വികാരം

ദേഷ്യം എന്ന പദത്തെ എങ്ങനെ നിർവചിക്കാം? അനിഷ്ടകരമായ കാര്യങ്ങളോടുള്ള മനുഷ്യന്റെ സ്വാഭാവികമായ പ്രതികരണങ്ങൾ അനിയന്ത്രിതമായ അവസ്ഥകളിലേക്ക് നീങ്ങുമ്പോഴാണ് ദേഷ്യം എന്ന വികാരം പ്രകടമാകുന്നത്. അത് കോപമായും ക്രോധമായും രൂപാന്തരം പ്രാപിച്ച് വലിയ വിപത്തുകൾക്ക് കാരണമാവുകയും ചെയ്യുന്നു. ദേഷ്യം ഒരു നൈസർഗിക വികാരമാണ്. അതുകൊണ്ടു തന്നെ മനുഷ്യരായി പിറന്ന എല്ലാവരിലും അതുണ്ടാവുക സ്വാഭാവികമാണ്. ദേഷ്യം മനസ്സിൽ കടന്നുവരാത്തവരായി ലോകത്ത് ആരും തന്നെയുണ്ടാവില്ല. ദേഷ്യത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ ആത്മനിഷ്ഠമായിരിക്കാം, അല്ലെങ്കിൽ മറ്റുള്ളവർ ഉണ്ടാക്കിയെടുത്തവ ആയേക്കാം. 
പ്രതികരണ ശേഷിയുള്ള ജീവിയാണ് മനുഷ്യൻ. ചുറ്റുവട്ടങ്ങളിൽ നടക്കുന്നവയോട് യാതൊരു പ്രതികരണവും ഇല്ലാത്ത മനുഷ്യൻ കേവലമൊരു ജഡവസ്തു മാത്രമാണ്. ദേഷ്യം പ്രതികരണത്തിന്റെ ഭാഗമായിട്ടാണ് മനുഷ്യനിൽ രൂപപ്പെടുന്നത്. അതുകൊണ്ടു തന്നെ ദേഷ്യത്തിന് കാരണമാകുന്ന സംഭവങ്ങളിൽ ന്യായീകരിക്കപ്പെടേണ്ടതും  വിമർശിക്കപ്പെടേണ്ടതും ഉണ്ടായേക്കാം. ഉദാഹരണമായി ഒരാൾ തന്റെ അയൽവാസി മറ്റൊരാളാൽ ആക്രമിക്കപ്പെടുന്നത് കാണുമ്പോൾ അയാൾക്ക് അക്രമിയോട് ദേഷ്യമുണ്ടാവുക നൈസർഗികമാണ്. അത് ന്യായീകരിക്കപ്പെടേണ്ടതുമാണ്. എന്നാൽ ദേഷ്യം വിവേകത്തെ കീഴടക്കുകയും അതുവഴി അക്രമിയെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവിടെ പിശാചിന്റെ സ്വാധീനമാണ് ഉണ്ടായിത്തീരുന്നത്. അത് ന്യായീകരിക്കപ്പെടാവുന്നതല്ല. തിന്മകളോട് ദേഷ്യമുണ്ടാവുക വിശ്വാസത്തിന്റെ ലക്ഷണമാണ്. മുഹമ്മദ് നബി (സ) പറഞ്ഞു: 'നിങ്ങളിൽ ആരെങ്കിലും വെറുക്കപ്പെടുന്ന തിന്മ കണ്ടാൽ കൈകൊണ്ട് തടയട്ടെ, അതിനു സാധിക്കില്ലെങ്കിൽ നാവുകൊണ്ട് തടയട്ടെ, അതിനും സാധിക്കില്ലെങ്കിൽ ആ തിന്മയെ ഹൃദയം കൊണ്ട് വെറുക്കട്ടെ. അതാണ് വിശ്വാസത്തിന്റെ ഏറ്റവും ദുർബലമായ അവസ്ഥ.' (മുസ്‌ലിം 49). തിന്മകൾ, അല്ലെങ്കിൽ അനിഷ്ടകരമായ കാര്യങ്ങൾ കാണുമ്പോൾ വിശ്വാസികളിൽ പ്രതികരണമുണ്ടാവണം എന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. എന്നാൽ ഒരിക്കലും തിന്മ ചെയ്യുന്നവരോടായിരിക്കരുത് ദേഷ്യം. അവരെ സ്‌നേഹപൂർവം കാര്യങ്ങൾ ഉദ്‌ബോധിപ്പിക്കുകയാണ് വേണ്ടത്. 
പ്രതികരണങ്ങളും സംവേദനങ്ങളും വിശ്വാസിയുടെ അടയാളമാണെങ്കിലും അവ പ്രകടമാക്കുമ്പോൾ എങ്ങനെ വേണം എന്നതിന് കൃത്യമായ കാഴ്ചപ്പാട് ഉണ്ടാവേണ്ടതുണ്ട്. ദേഷ്യം പ്രകടമാകുമ്പോൾ മൃദുത്വം നഷ്ടപ്പെടാൻ പാടില്ല. പ്രവാചകൻ ആഇശ (റ) ക്ക് നൽകിയ ഒരു ഉപദേശമുണ്ട്. 'മൃദുത്വം ഏതൊരു പ്രശ്‌നത്തിന്റെയും മാറ്റ് വർധിപ്പിക്കും. അത് നഷ്ടപ്പെട്ടാൽ ഏതൊരു പ്രശ്‌നവും വികൃതമാകും.' (മുസ്‌ലിം 2594). ഒരു പ്രശ്‌നത്തോട് പ്രതികരിക്കുന്ന വിശ്വാസി തന്റെ പ്രതികരണത്തിലൂടെ ആ പ്രശ്‌നത്തിന് ഒരു നല്ല പരിണാമം ഉണ്ടാവണമെന്ന് മാത്രമാണ് ആഗ്രഹിക്കേണ്ടത്. ചെറിയ കുട്ടികളോട് കോപിക്കുകയും കയർക്കുകയും ചെയ്യുന്നവരുണ്ട്. പഠിക്കാത്ത കാരണത്താലായിരിക്കാം, അതല്ലെങ്കിൽ വികൃതി കൂടിയതുകൊണ്ടായിരിക്കാം. അതുമല്ലെങ്കിൽ അനുസരണക്കേടാകാം. കുട്ടിയോട് കുറെ ദേഷ്യപ്പെട്ടതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാവില്ല. അതേസമയം 'ദേഷ്യപ്പെടുക' എന്ന സ്വഭാവം കുട്ടിയിലേക്ക് കൂടി സന്നിവേശിപ്പിക്കാൻ മാത്രമേ അത്തരം പ്രതികരണങ്ങൾ ഉപകരിക്കുകയുള്ളൂ. മുകളിലെ പ്രവാചക ഉപദേശത്തിൽ കാണുന്നതു പോലെ ഏതൊരു പ്രശ്‌നത്തോടാണ് നാം പ്രതികരിക്കുന്നത്, അതിനോട് മൃദുത്വ രീതിയിൽ ആയിരിക്കണം പ്രതികരിക്കേണ്ടത്. പ്രതികരണം മാറ്റത്തിന് വേണ്ടിയായിരിക്കണമെന്നർത്ഥം. അതുകൊണ്ടാണ് പ്രവാചകൻ (സ) ഉപദേശം ചോദിച്ച് ആവർത്തിച്ചുകൊണ്ടിരുന്ന ഒരാളോട് 'ദേഷ്യപ്പെടരുത്' എന്ന്  ഉപദേശിച്ചത്. (ബുഖാരി 6116). 
ദേഷ്യം വന്നപ്പോൾ 'ഞാൻ നാല് വർത്തമാനം പറഞ്ഞു' എന്ന് ആത്മനിർവൃതി കൊള്ളുന്നവരാണ് സമൂഹത്തിൽ മിക്കവരും. യഥാർത്ഥത്തിൽ നാല് വർത്തമാനം പറയുക മാത്രമല്ല, അതിനുമപ്പുറം പ്രവർത്തിക്കുക കൂടി ചെയ്‌തെങ്കിൽ മാത്രമാണ് അധികപേർക്കും സംതൃപ്തി വരിക. എല്ലാം കഴിഞ്ഞതിനു ശേഷം 'അസ്തഗ്ഫിറുല്ലാഹ്' എന്നും നാലാള് കേൾക്കെ പറയുകയും ചെയ്യും. യഥാർത്ഥത്തിൽ ദേഷ്യം വന്നപ്പോൾ മനസ്സിനെ കടിഞ്ഞാണിടാതെ വായയിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞ ശേഷം ഒരു 'അസ്തഗ്ഫിറുല്ലാഹ്' അത്ര തന്നെ പ്രയോജനപ്പെടില്ല എന്ന കാര്യം പറയുന്നവർക്കും അറിയാവുന്നതാണ്. 'ലൈസശ്ശദീദു ബി സുർഅ' എന്ന പ്രസിദ്ധമായ പ്രവാചക വചനത്തിന്റെ പൊരുൾ പലരും മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും ശ്രമിക്കുന്നില്ല.  'ഗുസ്തിയിൽ ജയിക്കുന്നവനല്ല ബലവാൻ, കോപം വരുമ്പോൾ മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കുന്നവനാണ് ബലവാൻ' (ബുഖാരി 6114). ഇങ്ങനെ കോപിക്കാതെ മനസ്സിനെ നിയന്ത്രിച്ചു നിർത്തിയിരുന്ന അശജ്ജ് അബ്ദുൽ ഖൈസ് എന്ന സ്വഹാബിയോട് പ്രവാചകൻ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'തീർച്ചയായും താങ്കളിൽ അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ടു സ്വഭാവങ്ങളുണ്ട്. സൗമ്യതയും സഹിഷ്ണുതയും'. (മുസ്‌ലിം 17). 
അജ്ഞാന കാലത്തെ ദുഷ്പ്രവണതയായി ഖുർആൻ എടുത്തുപറഞ്ഞ കാര്യമായിരുന്നു അസഹിഷ്ണുതയിലും ദുരഭിമാനത്തിലും അടങ്ങിയ അന്യരോടുള്ള ദേഷ്യം. പക്ഷേ അത് വിശ്വാസികൾക്ക് ഒട്ടും ചേരില്ലെന്നും എപ്പോഴും സമാധാനത്തിന്റെ ഭാവമായിരിക്കണം വിശ്വാസികൾക്ക് എന്നും ഖുർആൻ ഉപദേശിച്ചു: 'സത്യനിഷേധികൾ തങ്ങളുടെ ഹൃദയങ്ങളിൽ അജ്ഞാന യുഗത്തിന്റെ  ദുരഭിമാനം വെച്ചു പുലർത്തിയ സന്ദർഭം! അപ്പോൾ അല്ലാഹു അവന്റെ  റസൂലിന്റെ  മേലും സത്യവിശ്വാസികളുടെ മേലും അവന്റെ  പക്കൽ നിന്നുള്ള മനസ്സമാധാനം ഇറക്കിക്കൊടുത്തു. സൂക്ഷ്മത പാലിക്കാനുള്ള കൽപന സ്വീകരിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്തു' (ഖുർആൻ 48:26). അസഹിഷ്ണുത അവിശ്വാസത്തിന്റെയും ജാഹിലിയ്യത്തിന്റെയും അടയാളവുമാണ് എന്നും വിശ്വാസികളുടെ അടയാളവും സമാധാനം നൽകുന്ന വാക്കുകളും പ്രവൃത്തികളും മാത്രമാണ് എന്നുമാണ് ഈ വചനം പഠിപ്പിക്കുന്നത്. 
പാപമോചനവും സ്വർഗവും ലഭിക്കുന്നവരെ കുറിച്ച് ഖുർആൻ വിശദീകരിച്ചപ്പോൾ പറഞ്ഞ പ്രധാനപ്പെട്ട രണ്ടു സ്വഭാവങ്ങൾ 'കോപം ഒതുക്കിവെക്കുകയും മനുഷ്യർക്ക് മാപ്പുനൽകുകയും' ചെയ്യുന്നവർ എന്നാണ്. (ഖുർആൻ 3:134).  പാരത്രിക വിജയം ലഭിക്കുന്നവരെ കുറിച്ച് സൂറത്തുശൂറയിൽ എണ്ണിയപ്പോൾ പറഞ്ഞത് 'മഹാപാപങ്ങളും നീചവൃത്തികളും വർജിക്കുന്നവരും കോപം വന്നാൽ പൊറുക്കുന്നവരുമായിട്ടുള്ളവർക്ക്' എന്നാണ് അല്ലാഹു പറഞ്ഞത്. (ഖുർആൻ 42:37).  മനുഷ്യന്റെ സ്വർഗവുമായി 'ദേഷ്യം' എന്ന വികാരത്തിന് വലിയ ബന്ധമുണ്ടെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. ദേഷ്യം വന്നാൽ വളരെ പെട്ടെന്ന് അതിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കണമെന്നാണ് റസൂൽ (സ) നിർദേശിച്ചത്. കാരണം ദേഷ്യത്തെ വളർത്തി അതിനെ ഒരു ദുരന്തമാക്കാൻ ശ്രമിക്കുന്നത് പിശാചാണ്. ഒരിക്കൽ പ്രവാചക സന്നിധിയിൽ രണ്ടു പേർ പരസ്പരം ചീത്ത വിളിച്ചു. അതിലൊരാൾക്ക് കോപം വർധിക്കുകയും അയാളുടെ മുഖം വിവർണമാവുകയും ചെയ്തു. അപ്പോൾ നബി (സ) പറഞ്ഞു: അയാൾ ഇപ്പോൾ ഒരു വാചകം പറഞ്ഞു കഴിഞ്ഞാൽ തീർച്ചയായും അയാളിൽ ഇപ്പോൾ സംഭവിച്ചതിന് മാറ്റമുണ്ടാകും എന്ന് എനിക്കറിയാം. 'അഊദു ബില്ലാഹി മിന ശൈത്വാനി റജീം' എന്നാണത്.' (ബുഖാരി അദബുൽ മുഫ്‌റദ്  434). കോപം പൈശാചിക ദുർബോധനം വഴിയാണ് ഉണ്ടാവുന്നത് എന്നാണ് ഇത് പഠിപ്പിക്കുന്നത്. ദേഷ്യം വരുമ്പോൾ പിശാച് കൂടിവന്നു എന്നുറപ്പിക്കുക. ഉടൻ അഊദു ചൊല്ലി മനഃസമാധാനം ലഭിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. അബൂദർറ് അൽഗിഫാരി (റ) പറയുന്നു: പ്രവാചകൻ (സ) പറഞ്ഞു: 'നിങ്ങളിൽ ആർക്കെങ്കിലും നിന്നുകൊണ്ടക്കേയാണ് ദേഷ്യം വന്നതെങ്കിൽ അയാൾ ഇരിക്കട്ടെ, എന്നിട്ടും അത് അടങ്ങുന്നില്ലെങ്കിൽ കിടക്കട്ടെ.' (അബൂദാവൂദ് 4782).

Latest News