Sorry, you need to enable JavaScript to visit this website.

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു

കൊല്ലം- കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ് പോലീസ് തടഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാതെ ടോള്‍ പിരിവ് നടത്താനാവില്ലെന്ന് വ്യക്തമാക്കിയാണ് പോലീസ് ടോള്‍ പിരിവ് തടഞ്ഞത്. കുരീപ്പുഴയിലെ ടോള്‍ പ്ലാസ രാവിലെ എട്ടുമണിമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ വാട്‌സാപ്പ് സന്ദേശത്തിലൂടെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നത്. ടോള്‍പിരിവിന് അനുമതിനല്‍കിക്കൊണ്ട് കേന്ദ്ര ഉത്തരവ് ജനുവരി ആദ്യം ഇറങ്ങിയിരുന്നു. ജനുവരി 16ന് ടോള്‍ പിരിവ് തുടങ്ങുമെന്ന അറിയിപ്പും വന്നു.
പ്രാദേശിക എതിര്‍പ്പും ക്രമസമാധാനപ്രശ്‌നം ഉന്നയിച്ച് ജില്ലാ ഭരണകൂടമുയര്‍ത്തിയ വിയോജിപ്പും മൂലം ഇത് മാറ്റുകയായിരുന്നു. എന്നാല്‍ ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടര്‍ വാട്‌സാപ്പിലൂടെ കലക്ടര്‍ക്ക് സന്ദേശം അയച്ചുകൊണ്ട് ഏകപക്ഷീയമായി ടോള്‍ പിരിവ് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. കുരീപ്പുഴയിലെ ടോള്‍പ്ലാസയില്‍ പിരിവിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടോള്‍ പിരിവ് തുടങ്ങുന്ന പശ്ചാത്തലത്തില്‍ രാവിലെ എട്ടുമുതല്‍ യുവജന സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അതിനുമുമ്പ് തന്നെ സംഘര്‍ഷമൊഴിവാക്കാന്‍ സംഭവസ്ഥലത്തെത്തിയ പോലീസ് ടോള്‍ പിരിവ് നടത്താനാവില്ലെന്ന് കമ്പനിയെ അറിയിച്ചു. എന്നാല്‍ അധികൃതര്‍ നിലപാടിലുറച്ച് നിന്നതോടെ പോലീസ് ബലം പ്രയോഗിച്ച് ടോള്‍ ബൂത്തുകള്‍ പൂട്ടുകയും കമ്പനി അധികതൃതരെ മടക്കി അയയ്ക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിലഭിച്ചാലേ ടോള്‍ പ്ലാസ തുറക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം മറുപടി നല്‍കിയതായാണ് വിവരം. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. പോലീസിനും ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചിരുന്നില്ല.
 

Latest News